കുലവന്‍ | ഹരിലാല്‍ രാജഗോപാല്‍ എഴുതുന്ന നോവല്‍

മാമാങ്കം
പുകമൂടിയ നെടിയൊരു നടപ്പാത.
കിതച്ചുകൊണ്ട് ഒടിവരികയാണ് അവന്‍.
കാത്തിരുന്നിട്ടും കൈവിട്ടല്ലോ ഗുരുനാഥാ...
ഉണ്ണീ..എന്തുണ്ടായി..
ഏറാനായില്ല..അതിനു മുന്നെ...
വാക്കുകള്‍ വികലമായി മുറിഞ്ഞപ്പോള്‍ വായിലപ്പടി കട്ടച്ചോര. കൈയ്യകലെ കണ്ണുമലച്ച് അവന്‍ മലര്‍ന്നു പിന്നോട്ടുവീണു.
ഉണ്ണീ...
ദിക്കു തിരിയാതെ ഇരുട്ടില്‍ ഞെട്ടിയെഴുന്നേറ്റു.
ദുഃസ്വപ്നം. പിന്നെയും പിന്നേയും ചോരകക്കുന്ന സ്വപ്നങ്ങള്‍.
ഉറക്കം വിട്ടൊഴിഞ്ഞുനാളേറെയായി. കണ്ണടച്ചാല്‍ നിണത്തില്‍ നീന്തി അവന്‍.
ആധിയേറിയാല്‍ വ്യാധി എന്നുരച്ചത് ആരാണാവോ.
കൈനിലയില്‍ നിന്ന് പുറത്തു കടന്നു.
മിന്നാമിനുങ്ങുകള്‍ക്കിടയില്‍ പുഴ വളഞ്ഞൊഴുകുന്നതുപോലെ തോന്നി. ഇരുപുറവുമുള്ള മണല്‍ത്തട്ടുകളില്‍ പൊന്തിയ തമ്പുകളില്‍ നിന്നുള്ള വിളക്കുകള്‍ പുലരുവോളം മിന്നും. ആരവങ്ങളും തോരണങ്ങളും നിറഞ്ഞിരുന്ന പുഴത്തീരം പകല്‍തീര്‍ന്ന ആഘോഷത്തിന്റെ ആലസ്യത്തില്‍ ശയിക്കുന്നു.
നാളെ അവര്‍ വരും. പടവിളിച്ചു പുറപ്പെട്ടു എന്നു വെള്ള പറഞ്ഞതോര്‍ക്കുന്നു. ബന്ദര്‍ കടവില്‍ രേവതി നാള്‍ ആന പൊന്നണിയുമ്പോള്‍ നിശ്ചയമായും അവര്‍ കൂരിയാല്‍ തറയില്‍ പ്രത്യക്ഷപ്പെടും. അവനുമുണ്ടാകും. കാണുമെന്നു ഉറപ്പുകൊടുത്തതാണ്. പക്ഷെ...
അരചനെ തീണ്ടാന്‍ മുറ പഠിപ്പിച്ചു. വാക്കും ഉറപ്പും കൊടുത്തു വീറും തികച്ചു. ചതി, കൊടും ചതി. വീണ്‍വാക്കിന്റെ വിറകില്‍ പ്രതീക്ഷ വാനോളം കത്തുന്നുണ്ടാവും.
യുദ്ധത്തില്‍ സ്വബന്ധങ്ങളില്ല, വിഷാദയോഗങ്ങളും പാടില്ല.
വെള്ളയുടെ ഉപദേശം.
പിന്‍പ്രയോഗം യുദ്ധമുറയാണോ തിരുമേനി...
ആവാം. സന്ദര്‍ഭാനുസരണം. അശ്വഥാമാ ഹത എന്നുറക്കെ വിളിച്ചുപറഞ്ഞത് ധര്‍മ്മപുത്രരാണ്. ആവശ്യമെങ്കില്‍ അരയ്ക്കു കീഴെ ദണ്ഡിക്കാമെന്നു ഭീമന് സംജ്ഞ നല്‍കിയതാകട്ടെ ധര്‍മ്മാത്മാവും.
രാജനീതിയില്‍ എന്തിനുമേതിനും ന്യായമുണ്ട്. കുടിപ്പകക്ക് ഒരു ന്യായം, വെട്ടിപ്പിടിക്കാന്‍ വേറൊരു ന്യായം. അധികാരം അങ്ങനെയാണ് കൈയ്യാളുക.
മാമകത്തിനുള്ള തിരുവെഴുത്ത് പുത്തലത്ത് കിട്ടിയപ്പോള്‍ ഏട്ടന്‍ ഉല്‍സാഹം പൂണ്ടു. മേപ്പാട്ടോര്‍ ഇവിടെ വേണം, ചിണ്ടന്‍ പുറപ്പെടട്ടെ എന്നു വലിയമ്മാവന്‍. ഏട്ടന് വിഷമമായിക്കാണും.
പൊന്നുതമ്പുരാന്‍ കല്‍പ്പിച്ചേല്‍പ്പിച്ച കാര്യമോ വിട്ടുനിന്ന നാള്‍കളോ ഒന്നും ആരും അന്വേഷിച്ചില്ല. അമ്മ പോലും. ചോദിക്കവേണ്ട എന്ന പുത്തലത്തവല്‍ ചട്ടം പറഞ്ഞുകാണും.
ആചാരോപചാരങ്ങളും ഉരിയാടലുകളും ആധികമില്ലായിരുന്നു. കാല്‍വണങ്ങിയപ്പോള്‍ യശസ്വിയായിരിക്ക എന്നു മാത്രം അമ്മാവന്‍ മന്ത്രിച്ചു.
തിരിച്ചെത്തിക്കാന്‍ തുണ വേണം എന്നോ മറ്റോ ചന്തപ്പനോടു പറയുന്നതും കേട്ടു.
അമ്മ പതിവുപോലെ വിരലുകൊണ്ടു ശരീരമുഴിഞ്ഞു.
മൂര്‍ദ്ധ്വാവില്‍ ഉമ്മ വെച്ചു.
ശനി തീരാന്‍ പോവുന്നു ഉണ്ണീ. മാമകം കടന്നുകിട്ടിയാല്‍ നിന്റെ ദോഷവും തീരും. പിന്നെ ഇവിടെയാന്നും നിക്കില്ലാ എന്നാ..
തിരിച്ചെത്തിയാല്‍ പിന്നെ ഇവിടെത്തന്നെ അമ്മെ... കൈ അമര്‍ത്തിപ്പറഞ്ഞു.
അമ്മ ചിരിച്ചു.
യോഗം ണ്ടാവട്ടെ ഉണ്ണീ..
പെങ്ങളും മരുമകനും കാല്‍ക്കല്‍ വണങ്ങാന്‍ വന്നു.
ചെക്കന്‍ വടിവൊത്തിരിക്കുന്നു. അഭ്യാസപ്പകര്‍ച്ച ശരീരത്തില്‍ കാണാനുണ്ട്. കുടുമയിലും മാറിലും മുത്തുമാലകള്‍ അണിഞ്ഞു തുടങ്ങി. മൂന്നാലുകൊല്ലം കടന്നാല്‍ ഇവന്‍ കണ്‍നോട്ടങ്ങള്‍ ഏറ്റുവാങ്ങുമെന്നുറപ്പ്.
വെയിലേറ്റു കരുവാളിച്ച മറ്റൊരു ഉണ്ണിയെ അപ്പോള്‍ ഓര്‍മ്മ വന്നു..
ആശ കൊടുത്തു വളര്‍ത്തിയ ബലിമൃഗം.
താവഴിക്കാരെയൊന്നും കാണാന്‍ നിന്നില്ല. ഓറവിങ്കല്‍ അമ്മയെ തൊഴുംവഴിക്ക് കാവുതേരി ഒന്നു കയറിയെന്നു മാത്രം. വേട്ടയ്‌ക്കൊരുമകനേയും ഭഗവതിയേയും കണ്ട് ആന്തട്ടയിറങ്ങുമ്പോള്‍ മേലൂരപ്പനെ മനസ്സുതട്ടി നിനച്ചു. അവിടേക്കു പോകാനുള്ള മനമില്ല. മേലൂരില്‍ പൊങ്ങിയ പുഷ്പകത്തിന്റെ വടക്കിനിയില്‍ അവളുടെ പട്ടുപോയ ആശകളുടെ നിഴല്‍വീണിട്ടുണ്ടാവും. ഇടത്തിട്ടയില്‍ കുത്തിയ കുളത്തില്‍ അവളുടെ വ്യര്‍ഥകാമനകള്‍ വിടരാത്ത ആമ്പല്‍ പോലെ വെമ്പിനില്‍ക്കുന്നുണ്ടാവും
പരാക്രമമെന്നു നിനച്ചു ചെയ്തുകൂട്ടിയതോക്കെ വര്‍ഥമായി ഭവിച്ചു
വാകയൂരിലെ കൈനിലയില്‍ വന്നനാള്‍തന്നെ മൂടിക്കെട്ടിയിരിക്കുന്നതുകണ്ടപ്പോള്‍ വെള്ള തോളില്‍തട്ടി.
മൗഢ്യം വിടുക ഹേ... വൃത്താന്തങ്ങള്‍ പറയുക..
അവനെ കാണാമെന്നു വാക്കുപറഞ്ഞിരുന്നു തിരുമേനി. കണ്‍വട്ടത്തപ്പുറമെങ്കിലും...കണ്ണടയ്ക്കുന്നമാത്രയില്‍ വീണ്ടും വീണ്ടും വന്ന് അവനതോര്‍മ്മിപ്പിക്കുന്നു.
നിദ്ര വിട്ട് അങ്ങ് ഉണര്‍ന്നിട്ടില്ല എന്നതാണ് സത്യം. വേല കാണാന്‍ വന്ന വഴിപോക്കനല്ല താങ്കള്‍. സാമൂതിരിയുടെ പടനായകരില്‍ പ്രധാനി. വിശ്വസിച്ചു കൂടെനിര്‍ത്തുന്ന ദേഹം. ഇപ്പറഞ്ഞതേ രാജ്യദ്രോഹം. കൂരിയാല്‍തറക്കല്‍ നോം പോകാം. എത്തിപ്പെടാനായില്ല എന്നോ, എത്തുന്നേയുള്ളു എന്നോ മറ്റോ അന്ന് പറഞ്ഞൊഴിയാം.
വെളിപ്പെടുത്തലുകള്‍ ഉണ്ടാവില്ലെന്നു അങ്ങ് വാക്കു തരണം.
പന്നിയൂരപ്പനെ പ്രതി അതീ ബ്രാഹ്‌മണന്റെ വാക്ക്. വള്ളുവനാട്ടുകാര്‍ ഏറുമ്പോള്‍ ഈ വേപഥു കുന്നലക്കൂട്ടത്തില്‍ തരിപോലും കാട്ടവേണ്ടാ. ചെറിയൊരു നോട്ടം പോലും അങ്ങയെ വിദ്രോഹിയാക്കും. തിനയഞ്ചേരിക്കാര്‍ക്ക് പണിക്കരെ പഥ്യമല്ല എന്നറിയാമല്ലോ. ഏറാള്‍പ്പാടിന്റെ ബലം അങ്ങേക്കുള്ളതു കൊണ്ടു അടങ്ങുന്നു എന്നു മാത്രം. മാമകം കഴിഞ്ഞാല്‍ പുത്തലത്തെ കിടാക്കന്‍മാര്‍ക്ക് കനപ്പതുണ്ട് എന്നു കേള്‍വി.
ചിരി വന്നു. ചിരിച്ച ചിരി പുറത്തും വന്നു. വെള്ള സൂക്ഷിച്ചുനോക്കി.
സ്വയം തീര്‍പ്പുകല്‍പ്പിക്കലൊക്കെ ആദ്യം നിര്‍ത്തുക. ശത്രുവിന്റെ നാട്ടില്‍ ചെന്ന് ദൗത്യം പൂര്‍ത്തിയാക്കിയ വീരനാണ് താങ്കളിവിടെ. കുടിപ്പകയുടെ പേരില്‍ അതിര്‍ത്തക്കപ്പുറത്തുള്ള കീചകരെ ക്ഷണിച്ചുവരുത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന വള്ളുവനും കൂട്ടരും ശ്രമിക്കുന്നത് കുന്നലനാടിന്റെ മാത്രമല്ല, കേരളക്ഷോണിയുടെ നാശമാണെന്നോര്‍ക്കുക. നോം പറയാതെ അറയാമല്ലോ.
ആകട്ടെ തിരുമേനി..
ഒന്നുമോര്‍ക്കവേണ്ട. സൂര്യന്‍ മൂര്‍ദ്ധ്വാവില്‍ വരുമ്പോഴേക്കും എല്ലാം തീരും. ചാവേറാടല്‍ ഇവിടെ ആഘോഷത്തലൊന്നു മാത്രം. കാണികള്‍ക്കത് കമ്പക്കെട്ടു കാണന്നതു പോലെ ഒരു രസം. അതു തീര്‍ന്നാല്‍ അവര്‍ കപ്പല്‍ കലഹം കാണാന്‍പോവും. നാലഞ്ചു ദിനം തീര്‍ന്നാല്‍ ഈ മാമകവും തീരും. തമ്പുരാന്‍ തൃപ്പങ്ങോട്ടു വഴി കോഴിക്കോട്ടക്കും തിരിച്ചെഴുന്നള്ളും. അടുത്ത വര്‍ഷം വീണ്ടും തൈപ്പൂയം വരും, പീന്നീടൊരു പതിറ്റാണ്ടുമൊന്നും കഴിഞ്ഞാല്‍ മാഘത്തില്‍ മാമകവും. അന്ന് മറ്റൊരു സാമൂതരി നിലപാടേറും. ആരെങ്കിലുമൊക്കെ വന്ന് ചാവേറും. അക്കൂട്ടത്തിലും പ്രായം തികയാത്ത ഉണ്ണികള്‍ കാണും. അതങ്ങനെ പോവും.
ശരിയാണ്, രാജ്യകാര്യമാണ് പ്രധാനം. ഒന്നുമറിയാത്ത ബാലനും എല്ലാമറിയുന്ന അഭ്യാസിയുമെല്ലാം കരുക്കള്‍ മാത്രം.
തിരുമേനി പറഞ്ഞ പോലെ കരുക്കള്‍ കളിച്ചുതാനാകണം.
രക്ഷാപുരുഷന്മാരുടെ കൂടിയാലോചനയാണിന്ന്. തമ്പുരാന്‍ തിരിച്ചെഴുന്നിയാലുടന്‍ രണ്ടാംകൂറ് അടിന്തിരസഭവിളിച്ചു കൂട്ടും. എത്താന്‍ പ്രത്യേകം കല്‍പ്പനയുണ്ട്. നാളെ ആന പൊന്നണിയുന്ന ദിനമാണ്. ചാവേര്‍ശല്യമുള്ള ദിനം. എല്ലാം ഭദ്രമാണെന്നു ഏറാള്‍പ്പാടിനു ഉറപ്പുവരുത്തേണ്ടതുണ്ട്. ചോദ്യങ്ങളസാരമുണ്ടാവുമെന്ന് വെള്ള പറഞ്ഞിരുന്നു.
വാകയൂര്‍ കുന്നില്‍ നിന്നും പകല്‍ നോക്കിയാല്‍ മുകുന്ദന്റെ തട്ടകമപ്പടി തെളിഞ്ഞു കാണാം. കുന്നുകള്‍ക്കിടയിലൊരു പിഞ്ഞാണം പോലെ. വിസ്തൃതമായി കിടക്കുന്ന തീരഭൂവില്‍ വില്ലുപോലെ വളഞ്ഞൊഴുകുന്ന പുഴ. കടവുകളും ബന്ദറുകളും നിറഞ്ഞ നിളപ്പരപ്പിലെ തിരുനാവായ. മേളിക്കാന്‍ പറ്റിയ മാമാങ്കഭൂമി. പേരാറില്‍ ഇപ്പോഴൊഴുകുന്നത് ഗംഗയും യമുനയും സരസ്വതിയുമാണെന്ന് ചാത്തിരന്‍മാരാരോ (!) പറയുന്നതു കേട്ടു. ത്രിവേണിയില്‍ മുങ്ങിനിവര്‍ന്ന് മുകുന്ദനെ വണങ്ങിയാല്‍ പുനര്‍ജന്മമുക്തിപുണ്യം. നാടുവാഴുന്നവര്‍ മുതല്‍ നാടോടുന്നവര്‍വരെയെത്തുന്ന അസുലഭ സന്ദര്‍ഭം. അതിനെല്ലാം രക്ഷാധികാരം കൊണ്ട് സാര്‍വ്വഭൗമനായി കുന്നലക്കോന്‍ നിലപാടു നില്‍ക്കുന്ന മഹോത്സവം.
കടല്‍ കടന്നും മല താണ്ടിയും വണിക്കുകളും വ്യാപാരികളും വേലക്ക് കൊടി കുത്തും മുമ്പെ തമ്പടിച്ചിരുന്നു. മാമകത്തിന് ആലൂര്‍ കണികള്‍ കുറിക്കും നാളു ഗണിച്ച് പാണ്ടികളും പരദേശികളും ചിതമുള്ള ഇടം തേടിയെത്തി. വൃത്താന്തമെത്തും മുമ്പെ തന്നെ ആട്ടക്കാരും കൊട്ടുകാരും കൂത്തുകുമ്മാട്ടികളും പാട്ടുപട്ടന്‍മാരും കൂത്തച്ചികളും താളം പിടിപ്പുകാരും വന്നുചേര്‍ന്നു. ചരക്കുകള്‍ ചികഞ്ഞും ചന്തകള്‍ കണ്ടും നടക്കുന്ന ഗോസായിപ്പരിഷകളും കാല്‍ശരായിക്കാരായ ലന്തക്കാരും. ധ്വരകളുടെ കപ്പലുകളിലൊന്ന് പൊന്നാനിയിലുണ്ടത്രെ.
കഴിഞ്ഞ പത്തുപതിനെട്ടു നാളുകള്‍ എന്തൊരു മേളമായിരുന്നു.
പന്തലായിനി മുതല്‍ പറവൂര്‍ വരെ തമ്പുരാന്റെ ചൊല്ലുവഴിയുള്ള മുപ്പത്തിയീരണ്ട് ചേരിക്കല്ലിലേയും സാമന്തരും പ്രഭുക്കളും ആളും അര്‍ഥവുമായി പുഴക്കപ്പുറമിപ്പുറമായി കൈനിലകള്‍ തീര്‍ത്തിട്ടുണ്ട്.
വേലക്ക് ഒരു നാള്‍ തള്ളി മകരത്തിലെ പുണര്‍തം നാള്‍ തമ്പുരാന്‍ എഴുന്നള്ളുന്ന വാകയൂരിലെ കോവിലകം പ്രത്യേകം ചോരുചെത്തിത്തേച്ച് ഓരുകെട്ടി ഓലമേഞ്ഞതാണ്. രണ്ടു കുന്തപ്പാടിനപ്പുറം ആര്‍ക്കും കടക്കാന്‍ പറ്റാത്ത രീതിയില്‍ കാവലുമുണ്ട്. ഏറാള്‍പ്പാടിനും തിരുമനശ്ശേരിക്കും പുഴക്കപ്പുറം ബ്രഹ്‌മക്ഷേത്രത്തിനടുത്താണ് കോവിലകങ്ങളും കാവലും. മങ്ങാട്ടച്ചനും തിനയഞ്ചേരിക്കും അമ്പലത്തിനടുത്തു തന്നെയാണ് കൈനിലകള്‍.
പണിയുടെ ചുമതല മറവഞ്ചേരി ആശാരിക്കും കൂട്ടര്‍ക്കുമായിരുന്നു. പണിമകളും വേട്ടുവരും തച്ചരും ഊരാളി നായന്‍മാരും മേത്തന്‍മാരും നാളുകള്‍ മുന്നെ തച്ചിനുപണിതുടങ്ങി. ചെറിയാണത്ത് ഇളയതാണ് നോക്കിനടത്തിപ്പ്. എല്ലാത്തിനും കണക്കും കണിശതയുമുണ്ട്. പൊന്നാനി തൃക്കാവില്‍ കോവിലകത്തു നിന്ന് കല്‍പ്പകഞ്ചേരി കോവിലകത്തു എഴുന്നള്ളി പെരുനില നില്‍ക്കാന്‍ കുന്നലക്കോന്‍ വാകയൂരിലേക്ക് എത്തുകയാണ് പതിവ്. അടുത്തുതന്നെയാണ് ബന്ദറും മണിത്തറയും.
മകരത്തിലെ പൂയത്തിനു മുമ്പ് തന്നെ മച്ചൂനനോപ്പം എത്തിയതാണ്. പന്തലായിനിയില്‍ നിന്ന പൊന്നാനിയിലേക്ക് കടല്‍ വഴി. കോരപ്പുഴകടന്ന് മൂടാടിക്കൂട്ടവും വീയ്യൂര്‍ കൂട്ടവും വന്നിട്ടുണ്ട്. പുത്തലത്തു കൂട്ടവും കാവുതേരി കൂട്ടവും പാറ ഗോവിന്ദന്‍ നമ്പിയുടെ സംഘത്തോടൊപ്പം വാകയൂരില്‍ കാവലാണ്. മുതൂകൂറ്റില്‍ അടിയോടിയും അമ്രമോളി നായരും കൂടെയുണ്ട്.
മാമാങ്കവിചാരം നടത്താന്‍ കര്‍ക്കിടകവ്യാഴം കന്നിഞായര്‍ മൂന്നിനു തന്നെ തമ്പുരാന്‍ പൊന്നാനി തൃക്കാവില്‍ കോവിലകത്ത് എഴുന്നള്ളി തിരുസഭകൂടി. നാവായും പൊന്നാനിയും പന്നിയൂരും അടങ്ങുന്ന തെക്കേക്കര തമ്പുരാനുവേണ്ടി കാക്കുന്ന തിരുമനശ്ശേരി നമ്പ്യാതിരിയും വടക്കു കാക്കുന്ന വെട്ടത്തു രാജാവും ഭക്ഷണകാര്യം നോക്കുന്ന കൊടുങ്ങല്ലൂര്‍ രാജാവും ആലിപ്പറമ്പു ചേരിക്കല്ലില്‍ നിന്ന് അരി മുതല്‍ വിളക്കു വരെ കൊണ്ടുവരുന്ന തറക്കല്‍ വാര്യത്തെ ഇരമ്മ മേനോനും മങ്ങാട്ടച്ചനും തമ്മെ പണിക്കരും തിനയഞ്ചേരിയും പാറനമ്പിയും സഹബന്ദര്‍ കോയയും എല്ലാമടങ്ങുന്ന മഹാസദസ്സു തന്നെ. കോഴിക്കോടിന്റെ പ്രതാപവും പൊലിമയും തിരുനാവായില്‍ തിടമ്പേറ്റി നിന്നു.
ഹനുമാന്‍ കൊടിയടയാളമുള്ള ഏറാള്‍പ്പാടിനാണ് എല്ലാത്തിന്റെയും ചുമതല. അരുളുന്നത് പൊന്നുതമ്പുരാനാണെങ്കിലും വിചാരം നടത്തുന്നത് ഏറാള്‍പ്പാടാണ്. സൂക്ഷ്മദൃഷ്ടി. എണ്ണയും അരിയും മുതല്‍ പരിചയ്ക്കു വെള്ളി കെട്ടുന്ന കാര്യം വരെ പരിശോധിക്കുന്ന കണിശത. നാം പുഴക്കപ്പുറമായിരിക്കുമെന്നതോര്‍മ്മ വേണം. തമ്പുരാന് യാതോരു ക്ഷതവും വരുത്താതെ നോക്ക വേണം എന്നതാണ് വന്നപാടുള്ള മന്ത്രം.
പുലരാനിനി എത്ര നാഴിക. കണ്ണുകള്‍ കടഞ്ഞുനീറി. ഉറക്കച്ചവടിനെ നിളയില്‍ മുക്കിക്കളയണം. ചന്തപ്പനെ വിളിക്കണോ. വേണ്ട അവനെങ്കിലും ഉറങ്ങട്ടെ. വിളറിയ ഏതോ വെളിച്ചം ആകാശത്തുണ്ട്. ഇന്നും നാളെയും. രണ്ടു നാളുകള്‍. ജീവിതഗണിതം ഒരു ബിന്ദുവിലെത്തുകയാണ്.
മച്ചൂനന്‍ തട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. കുളിക്കാന്‍ പോയി പക്ഷെ പുഴത്തീരത്തു മതികെട്ടുറങ്ങി.
സമയമായിരിക്കുന്നു. ചമയാന്‍ നിന്നില്ല. ചന്തപ്പന്‍ പതിവുപോലെ പതം പറഞ്ഞു.
വാകയൂര്‍ കോവിലകത്തെ മുറ്റത്ത് സപ്രമഞ്ചം ഒരുങ്ങിയിരിക്കുന്നു. ഏറാള്‍പ്പാട് പുഴബന്ധനം നടത്തിയെത്തുന്നതേയുളളു. പ്രമുഖരെല്ലാവരുമെത്തിയിരിക്കുന്നു എന്നു വെള്ള മന്ത്രിച്ചു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് സാമൂതിരി കല്‍പ്പകഞ്ചേരി കോവിലകത്തേക്ക് മടങ്ങിയിരിക്കുന്നു. പ്രായാധിക്യത്തിന്റെ അസ്‌കിതയുണ്ട് തമ്പുരാന്. കഴിഞ്ഞ ദിവസങ്ങളിലൊന്നും തന്നെ നീരാട്ടുണ്ടായില്ല. പുഴയുടെ നടുക്കു തിട്ടയില്‍ കെട്ടിയ ഇരുനില ആറാട്ടു കുളിപ്പന്തലില്‍ എത്തിപ്പെടുക തന്നെ പ്രയാസം. പുഴവെളളം തൊട്ടു തലയില്‍ വെച്ചുവെന്നു മാത്രം.
ആനപ്പുറത്തൊന്നും ഏറുന്നത് ചിന്തിക്കുകയേ വേണ്ടെന്നു വെള്ള.
പൂയ്യത്തു നാള്‍ മുതല്‍ നടക്കുന്ന ചടങ്ങുകള്‍ മുടങ്ങാതിരുന്നതു തന്നെ ഭാഗ്യം എന്നാണ് വ്യംഗ്യം.
പുലര്‍കാലെതന്നെ മാമകചടങ്ങുകള്‍ തുടങ്ങും. തൃക്കാല്‍ കഴുകി തേവാരവും വയറാട്ടവും കഴിഞ്ഞാല്‍ പുറപ്പാടിന്റെ ചുമതല നന്ദാവനത്തില്‍ നമ്പിക്കാണ്. പൂപ്പിഴിഞ്ഞ ഒലിയില ഞൊറിഞ്ഞുടുപ്പിച്ച് മുത്തുക്കുല ചാര്‍ത്തിക്കും. അപ്പോഴേക്കും തിയ്യാടി പുത്തിലത്തു കേശവന്‍മ്പി കൂട്ടുകുറിയുമായി വരും. തിരുവാഭരണങ്ങളും തിരുമുടിപ്പട്ടവും ചാര്‍ത്തിച്ചാല്‍ തമ്പുരന്റെ കളരിഗുരുനാഥന്‍ തമ്മെപ്പണിക്കര്‍ക്കു പൂപ്പുടവ കൊടുക്കും. പിന്നെ കൊട്ടിച്ചെഴുന്നള്ളത്തായി. അതൊരു കാണേണ്ടകാഴ്ച്ച തന്നെ. കൂട്ടുകതിനപൊട്ടിയാല്‍ ഘോഷക്കാര്‍ നടന്നു തുടങ്ങും. തപ്പും തുപ്പാക്കികളുമായി മേത്തന്‍മാര്‍ ആദ്യം. മദ്ദളചെണ്ടകൊമ്പ് വാദ്യക്കാരായ മാരാന്‍മാരു തകിടലടിക്കാരും പിന്നാലെ. പൂക്കുടകളും മെഴുകുവെട്ടങ്ങളും തഴയും പിടിപ്പിച്ച ആലവട്ടവെഞ്ചാമരങ്ങളും കുരുതിയും തിരിയുമുഴിയുന്ന പെണ്ടിയമങ്കമാരുടെ താലപ്പൊലിയും വെള്ളിപ്പാത്രവുമായി തളിക്കുന്ന പെണ്ണുങ്ങളും പിന്നെ. ചേരമാന്‍ വാളും ഭഗവതിയും പള്ളിമാറാടിയും (2) പിന്നില്‍ അണിനിരക്കും. കുത്തുവിളക്കിനാനയിച്ച് ഒറ്റവിളിച്ച് (3) തമ്പുരാന്റെ അലങ്കരിച്ച മണിപ്പല്ലക്കിന്റെ കൊട്ടിച്ചെഴുന്നള്ളത്തായി ശേഷം. വെളള മുത്തുക്കുടയും വീശലും ഉണ്ടാവും. ഊരിയ വാളും പരിശയും പിടിച്ച ആറടി പൊക്കമുള്ള അകമ്പടി ജനം ഇടമുറിയാതെ ഇരുവശത്തുമണിനിരക്കും. കൂരിയാല്‍ കയറി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരവഴി തേവരെ തൃക്കണ്‍ പാര്‍ത്ത് തിരിച്ചു വാകയൂരേക്കെഴുന്നളളും. ഉത്രട്ടാതി വരെ ഇതേ ചടങ്ങുതന്നെ. അതു കാണാന്‍ പതിനായിരങ്ങള്‍ പാടവരമ്പത്തും പുഴത്തട്ടിലും തടിച്ചുകൂടൂം.
ഏറാള്‍പ്പാട് എഴുന്നള്ളിയിരിക്കുന്നു. ഉത്തരവാദിത്വങ്ങളുടെ ഭാരം പുറത്തുകാണിക്കാതിരിക്കാന്‍ പണിപ്പെടുന്നപോലെ മുഖം.
രാമാ, വേല ഭംഗിയായി പോണില്ലേ. കുറവും മുട്ടും ഒന്നിനുമുണ്ടായില്ല എന്നു നിരൂപിക്കുന്നു.
എറാന്‍, എല്ലാം വിധിയാം വണ്ണം. മുകുന്ദന്റെ തുണ. നീരാട്ടും നിലപാടും ഘോഷയാത്രയും അന്നദാനവും ഉച്ചത്തിലും ഉണര്‍വിലും തന്നെ. പൂഴിപ്പഴുതില്ലാത്തവിധം ജനം. ചീനക്കാര്‍ കുറവാണെങ്കിലും വെളുത്തയിനങ്ങള്‍ എമ്പാടുമുണ്ട്. കച്ചവടവും ചുങ്കം പിരിവും കേമം. മൂഷികം മുതല്‍ തൃപ്പാപ്പൂര്‍ വരെയുള്ള സ്വരൂപക്കൊടികള്‍ (4) തമ്പുരാനെ നമസ്‌കരിക്കുന്നത് തിരുമനസ്സിനും തൃക്കണ്‍പാര്‍ക്കാവുന്നതല്ലെ.
മങ്ങാട്ടച്ചന്‍ തൊഴുതു പ്രതിവചിച്ചു.
തമ്മേപ്പണിക്കരെ എന്താണ് രാജ്യവൃത്താന്തം.
അതിര്‍ത്തിയില്‍ നോട്ടമുണ്ടാവാന്‍ പ്രത്യേകം ചട്ടം കെട്ടിയിട്ടുണ്ട് തിരുമനസ്സെ. മൈസൂരുകാര്‍ അവിവേകം കാട്ടില്ലെന്നാരുകണ്ടു. കൊങ്ങുനാട്ടിലെ മറവര്‍ നമുക്കായി ചുരത്തിലുണ്ട്. മണ്ണാര്‍ക്കാട്ടു നിന്നും കുതിരവട്ടത്തു നിന്നും പതിനായിരം നായന്‍മാര്‍ കവളപ്പാറ മൂപ്പില്‍നായരുടെ ചൊല്‍പ്പടിയില്‍ കാവലുണ്ട്. കൊടഗും കേളടിയും പ്രത്യേകം ആളയച്ചിട്ടുണ്ട്.
വേലക്കു വന്ന അവരുടെ പ്രതിനിധികളെ വേണ്ടും വിധം പരിപാലിക്കുക. ഉപായനങ്ങളും മറ്റും കൊടുത്തു സല്‍ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം.
റാന്‍
ആട്ടെ പണിക്കരെ എന്തൊക്കെയാണ് നാളത്തെ തീര്‍പ്പുകള്‍..
ഏറാള്‍പ്പാടിന്റെ മുഖത്ത് ഗൗരവമേറി.
ധര്‍മ്മോത്തു പണിക്കര്‍ മരുമകനോട് ആംഗ്യം കാണിച്ചു.
തിരുമനസ്സ്, എല്ലാം വേണ്ടും വിധം. വെട്ടത്തു തമ്പുരാന്റെ വല്ലവട്ട സംഘം കോവിലനു ചുററിലുമുണ്ട്. പുഴക്കപ്പുറം കോട്ടൂല്‍ പടനായകകനും ഇവിടെ വയ്യാവിനാട് നമ്പിടിയും കാവലേറ്റിറ്റുണ്ട്. നാവായില്‍ കൂടുന്ന ജനത്തിന്റെ ചുമതല തലചെന്നോര്‍ നോക്കും. കൂരിയാല്‍ മുതല്‍ വാകയൂരില്‍ പൊന്നുതമ്പുരാന്‍ നിലപാടരുളുന്ന മണിത്തറ വരെ നടവരമ്പിന്റെ ഇരുവശത്തും ഏറനാടു മുപ്പതിനായിരവും പോലനാട് പതിനായിരവുമുണ്ട്. വാകയൂരു കോവിലകത്തിനു കാവല്‍ പുത്തലത്തു കീഴിലാണ.് വീയൂര്‍, മൂടാടി കൂട്ടവും തുണയേകും. നിലപാടു തറയില്‍ അടിയനും കൂട്ടവും സദാ കാണും.
നിങ്ങളെ പ്രതിയാണ് തമ്പുരാന്റെ സുരക്ഷ. മഹാമഹത്തിനിടയില്‍ പുളവന്‍ ദംശിച്ചാലും കുറയാണെന്നോര്‍ക്കുക. ആട്ടെ അതുങ്ങള്‍ എത്തിപ്പെട്ടൊ.
പുറപ്പെട്ടു എന്നു വെള്ള തിരുമേനി പറഞ്ഞു. കൂരിയാല്‍ തറയെത്തും മുമ്പ് തീര്‍ക്കാനെളുപ്പമാണ്. തമ്പുരാന്‍ അനുവാദം കല്‍പ്പിച്ചു തന്നാല്‍...
ഛായ്...അതു മാനക്കേട് ധര്‍മ്മോത്തിളയെതെ. മണ്ടി വരുന്ന അഞ്ചാറു വളളുവക്കൂട്ടത്തെ കേരളഭൂപതി കണക്കാക്കിയെന്നു വരും.
മുറപ്രകാരം ചാവേറാനുള്ള അവകാശം അനുവദിച്ചുകൊടുക്കുക. അതാണതുങ്ങളുടെ മോക്ഷമെങ്കില്‍ അതു പുണ്യപ്രവര്‍ത്തിയെന്നു കരുതുകയും ചെയ്യുക. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുക.. ആട്ടെ എവിടെ പുത്തലത്തിളയത്.
ശേഖരന്‍ മുന്നില്‍ വന്നു തൊഴുതു നിന്നു.
പുത്തലത്തിളയപണിക്കരേ.. വള്ളുവനാട്ടില്‍ വേഷപ്രഛന്നനായി പോയി നേടിയ കാരിയമൊക്കെ വെള്ള വിസ്തരിച്ചു. അതിനുള്ള വീരശ്രൃംഘല മാമകം കഴിഞ്ഞ്. താങ്കള്‍ക്കാണ് അതുങ്ങളെ പരിചയം. നേരോടെ പറയുക.
തിരുമനസ്സ്. മെയ്യും കണ്ണും ഒന്നായവരാണ്. ഭയമൊഴിച്ച് ജീവിതം ചാവിനായി ഉഴിഞ്ഞു വെച്ചവര്‍. അവരെ നിസ്സാരരായി കാണരുതെന്ന് അപേക്ഷ.
സദസ്സ് പെട്ടന്ന് അസ്വസ്ഥമായി. ശത്രവിനെ പ്രകീര്‍ത്തിക്കുന്നു.
തിനയഞ്ചേരിയിലെ പുതിയ ഇളയത് എന്തൊ പറയാനോങ്ങിയപ്പോള്‍ ഏറാള്‍പ്പാട് തടഞ്ഞു..
മറയില്ലാതെ പറക പണിക്കരെ. വിശദ്ദമായി, ഇടയില്ലാതെ
മുപ്പതോളം പേരുണ്ട്. പതുമനപ്പണിക്കരാണ് പ്രധാനി. ചന്ദ്രത്തിലേയും വേര്‍ക്കാട്ടിലേയും വയങ്കരയിലേയും പണിക്കര്‍മാരും താവഴികളിലെ തരികളുമുള്ള ചാവേറുകൂട്ടം. രാപ്പകള്‍ കളരിയില്‍ തെളിഞ്ഞവരാണ്. വഴക്കവും വീര്യവും തികഞ്ഞവര്‍. ചാവേറാന്‍ മടിയേതുമില്ല. എത്രം കൂട്ടം മുന്നില്‍ വന്നാലും തടയായി തോന്നികയുമില്ല.
താങ്കളവരെ അഭ്യസിപ്പിച്ചതല്ലെ. അവരുടെ കുറ്റവും കുറയും പറയുക.
സദസ്സ് ഞെട്ടി. ആരുമറിയാത്ത രഹസ്യം മാമാങ്ക സദസ്സില്‍ വീണുടഞ്ഞിരിക്കുന്നു.
മരിക്കാന്‍മാത്രമായി വരുന്നവര്‍ക്കു ഭയമില്ല. പ്രതീക്ഷ പക്ഷെ ഇടച്ചിലുണ്ടാക്കും.
എന്തു പ്രതീക്ഷയാണ് താങ്കളവര്‍ക്കു നല്‍കിയത്.
നിലപാടുതറ തീണ്ടാമെന്ന പ്രതീക്ഷ.
സദസ്സ് സ്തബ്ദധമായി.
പറയൂ. എന്തണ് പറഞ്ഞുകൊടുത്ത തന്ത്രം. വെള്ള എന്നോടു പറഞ്ഞതിവിടെ പറയൂ.
ഇടര്‍ന്നു പടര്‍ന്നു വരുന്നതിനു പകരം വ്യൂഹം ചമച്ചു പാഞ്ഞു വരും. അതിലൊരാള്‍ മണിത്തറയേറാന്‍ ശ്രമിക്കും,
ആര്
ഒരു ബാലന്‍..
കഷ്ടം.. ഏറാള്‍പ്പാട് ഒരു നിമിഷം മൗനം പൂണ്ടു..
പുത്തലത്തിളയതേ... വാകയൂര്‍ കോവലക സുരക്ഷ താങ്കളില്‍ നിന്ന് പാറ നമ്പി കൈയ്യേറും. മണിത്തറയില്‍ ധര്‍മ്മോത്തിളയതിനാപ്പം നാളെ തോള്‍ ചേര്‍ന്നു നിങ്ങളുണ്ടാവണം. ചാടിമറിയുന്ന ചാവേറുകളും ചെക്കനും തറയെത്തിയെന്നാകില്‍ താങ്കളെ കാണവേണം.
വിധി ഏറാള്‍പ്പാടിന്റെ രൂപത്തില്‍ മുമ്പിലിരിക്കുന്നപോലെ തോന്നി.
റാന്‍... ശേഖരന്‍ കുമ്പിട്ടു തൊഴുതു.
സഭ മുറുക്കത്തോടെ പിരിഞ്ഞു. കണ്ണെറിഞ്ഞു പ്രഭുജനവും തിരിഞ്ഞു. ഒന്നും തോന്നിയില്ല. മനസ്സു കല്ലായോ. അല്ല. മരവിച്ചിതാണ്.
നാളെ നമ്മുടെ നാള്‍, നമ്മുടെയല്ല നിന്റെ...
ധര്‍മ്മോത്തിളയത് തോളില്‍ ചുറ്റിപ്പറഞ്ഞു.
ശരിയാണ്, എന്റെ നാള്‍. എന്റെ മാത്രം. ശേഖരന്‍ പിറുപിറുത്തു.
മാമാങ്കഭൂമി ഉച്ചവെയിലില്‍ തിളച്ചുപൊന്തി.
(തുടരും)
1. വേദം പഠിക്കുന്ന വിദ്യാര്‍ഥികള്‍
2. വളയനാടുഭഗവതിയുടെ ചൈതന്യമാവാഹിച്ച വാതില്‍പ്പടി
3. മഹിമവിളിച്ചാനയിക്കുക
4. വടക്ക ഏഴിമല മുതല്‍ തെക്ക് തിരുവനന്തപുരംവരെ ഭരിക്കുന്ന രാജാക്കന്‍മാര്‍ സൂമൂതിരിയുടെ അധീശത്വമംഗീകരിച്ച് അയക്കുന്ന അടിമക്കൊടി