തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന, ഒടുങ്ങാത്ത കര്‍മ്മശാപങ്ങളുടെ കരിമേഘകൂട്ടം |കുലവന്‍ | നോവല്‍ |22

കുലവന്‍
#ഹരിലാല്‍ രാജഗോപാല്‍
ചിത്രീകരണം: മദനന്‍
ചിത്രീകരണം: മദനന്‍

ഹരിലാല്‍ രാജഗോപാല്‍ എഴുതുന്ന നോവല്‍ കുലവന്‍

''നാവായില്‍ ആന പൊന്നണിയുമ്പോള്‍ കതിനയ്ക്ക് കനല്‍ വീഴും. മുഴക്കം ദിഗന്തം കിടുക്കുമ്പോള്‍ കലിവിറ പെരുവിരല്‍ കയറും. ഇടംവലം മറന്നുള്ള കുതിപ്പാണ് പിന്നെ. ഭ്രാന്തു കയറുന്ന നിമിഷങ്ങള്‍. ഒഴിഞ്ഞും ചാടിയും ഓതിരം മറിഞ്ഞും വെട്ടിയും തടുത്തും അങ്ങനെ... ഉറ്റവര്‍ വീണുപോയിട്ടുണ്ടാവും ചോര ചീറ്റുന്നുണ്ടാവും. അപ്പോഴും പിന്‍നോട്ടമില്ല. മുന്നോട്ടുതന്നെ. ഇടയിലെ നൊടികളില്‍ ജീവനറ്റാല്‍ വീരസ്വര്‍ഗ്ഗം.''

പുതുമന പണിക്കര്‍ പറഞ്ഞു.

 ''പട്ടുതീരാനുള്ള ആചാരവഴിയാകരുത് ചാവേറോട്ടം. വീരസ്വര്‍ഗ്ഗം വരിക്കാന്‍ മാത്രമുള്ള പടപ്പാച്ചിലില്‍ ആര്‍ക്കന്തു ചേതം. വീണ ചാവേറുകള്‍, മാമാങ്ക ഓലയില്‍ എണ്ണയ്ക്കും പൂവിനും ചേര്‍ത്തുള്ള ചാര്‍ത്തുകള്‍ മാത്രം. ഈവട്ടം തിട്ടം മണിത്തറയില്‍ പെരുനില നില്‍ക്കുന്ന അരചന്റെ ശിരസ്സുതന്നെയാവണം. വശങ്ങളില്‍ വീശിക്കയറി അമ്പ് പോലെ പായണം. വ്യൂഹരൂപം കുന്തമുന കണക്കാവണം. അതിനുള്ളില്‍ നിലപാടുതറ തീണ്ടാനുള്ള വീരനുണ്ടാവണം.''

ശേഖരന്‍ പുതുമന പണിക്കരുടെ തോളില്‍ അമര്‍ത്തി

''ആ വീരന്‍ ഞാനാണോ ഗുരുനാഥാ..''

കണ്ടര് പെട്ടന്ന് ചോദിച്ചു.

''മറ്റാരുണ്ണീ. നീ തന്നെ.''

മുഷ്ടി ചുരുട്ടി ആവേശത്തോടെ അവന്‍ തുടക്കടിച്ചുകൊണ്ടിരുന്നു. ആവേശത്താല്‍ ദേഹം വിറവിറാ വിറയ്ക്കുന്നതു കണ്ടു.

എന്തോ ചോദിക്കാനാഞ്ഞ പുതുമനപ്പണിക്കരെ കൈകൊണ്ട് തടഞ്ഞ് ശേഖരന്‍ പറഞ്ഞു.

''ചിന്ത വേണ്ട പണിക്കരെ. ഉണ്ണിയെ മാറ്റാനറിയാത്ത ആയുധമായി മാറ്റണം. അവനെ പൊതിഞ്ഞ് നിങ്ങള്‍ കുതിക്കണം. അതിനുള്ള ശീലമാണ് ഇനി വേണ്ടത്. ഒന്നുനിനയ്ക്കുക. മണിത്തറയില്‍ പറന്നുവീണ് അരചന്റെ തല വെട്ടിയാല്‍ പിന്നെ ഉണ്ണി അവധ്യനാണ്. സാമൂതിരിയടെ തല പോയാല്‍ കുന്നലനാട് തലകുനിച്ച് വള്ളുവക്കോനാരിക്കായി തറയോഴിയണം എന്നാണ് നാവായിലെ പെരുമാളിനു മുന്‍പിലുള്ള പഴയ ശപഥം. കുടിപ്പകയുടെ ഈ നോമ്പുനോല്‍ക്കല്‍ അന്നു തീരും. വള്ളുവനാട് കാറോഴിഞ്ഞ മാനം പോലെ മിന്നിത്തിളങ്ങും.''

പുതുമന പണിക്കര്‍ കണ്ണും മോറും തുറന്നുനിന്നു. പിന്നെ പതിയെ പറഞ്ഞു.

 ''കേള്‍ക്കാന്‍ ഇമ്പമുണ്ട് പക്ഷെ.''

''കളരിക്കു പുറത്തുള്ള കണ്ടം ഒരു നാഴിക നിരപ്പാക്കണം. കൂരിയാല്‍ത്തറ മുതല്‍ മണിത്തറ വരെയുള്ള അതേ നീളം മനസ്സില്‍ കാണണം. വളച്ചുതൊടുക്കാന്‍ പാകത്തില്‍ നീളമുള്ള കാരമുളകള്‍ ഇരുഭാഗത്തും നാട്ടണം. ആര് കൂര്‍പ്പിച്ച മരക്കുന്തങ്ങള്‍ വേണ്ടിവരും. പണിക്കാരും പരിചാരകരും 
വേണം. മരുന്നിനും മന്ത്രത്തിനും ആളെയും എര്‍പ്പാടാക്കണം. എല്ലാ ദിനവും പകലോന്‍ പാതി തിരിഞ്ഞാല്‍ പരിശീലനം. താണ്ടുന്ന നീളവും കൊള്ളുന്ന തായവും നോക്കണം. വ്യൂഹം ചമക്കാന്‍ പഠിക്കണം. പന്തിയൊപ്പിച്ചു പഴുതില്ലാതെ പായാനും. നാളുകള്‍ നമുക്കൊപ്പമില്ല എന്നറിയുക. മെയ്കുറ്റം തീര്‍ത്തവരാണ് നിങ്ങള്‍ എന്നത് മാത്രം മേല്‍ക്കൈ.''

 ''മറ്റു കാര്യങ്ങള്‍ നിനച്ചിട്ടുപോലുമില്ല.'' ഗുരുക്കളെ, ഇതുവരെ. അതു കൊണ്ടന്ധാളിപ്പുണ്ടെന്നു മാത്രം. അമ്മയെ നെഞ്ചിലേറ്റി നെഞ്ചിടറാതെ വാളെടുക്കുക, പരിഷകളെ പരാമാവധി വെട്ടിവീഴ്ത്തുക, വള്ളുവനാടിനായി മുകുന്ദന്റെ മുന്നില്‍ വീഴുക. പൊന്നുതമ്പുരാനും മുമ്പെ ചാവേറിയവര്‍ക്കും മാനക്കേടുണ്ടാക്കാതിരിക്കുക. അത്രയെ ഒരു ചാവേര്‍ ചിന്തിക്കാറുള്ളൂ. ആധി കൂട്ടിയാല്‍ ഇടര്‍ച്ചയുണ്ടാവും എന്ന് പണ്ടെയുള്ള പറച്ചില്‍.''

പുതുമന ഭാനുണ്ണി പണിക്കര്‍ പറഞ്ഞു.

''പടയ്ക്കും പക്ഷെ തഞ്ചങ്ങള്‍ വേണം. മഴയ്ക്ക് മുളച്ച് തീ തീണ്ടി കരിയുന്ന പാറ്റയാവരുത് ചാവേര്‍. മായം തിരിഞ്ഞ് കുത്തുന്ന കടന്നലാവണം.  
നാവാതീരത്ത് ചുവട് പൂഴിത്തരിയിലാണ്. നമുക്ക് കണ്ടംനിരത്തി വിരിക്കാന്‍ തരിവണ്ണമുളള പൂഴിമണ്ണും വേണം. ആയവും വേഗവും അതിലൊപ്പിച്ചാല്‍ നല്ലത്.''

''നാലു വീട്ടുകാരും ചേര്‍ന്ന് എത്രപേര്‍ എത്തണം ഗുരുക്കളെ?''

''പതിനഞ്ചീരണ്ടും ഒരൊന്നും. അതു ധാരാളം.''

ശേഖരന്‍ കണ്ടരിനെ നോക്കി. എതോ ലോകത്താണ്ടു നില്‍ക്കുകയാണവന്‍. മണിത്തറയില്‍ സാമൂതിരിയുടെ തലയുരുളുന്നത് സ്വപ്നം കാണുകയാവും..

''ചിന്തയെന്താണ് ഉണ്ണീ.''

''മുളകളും മരക്കുന്തങ്ങളും എന്തിനാണ് ഗുരുനാഥാ..''

''നീളം താണ്ടി പായുമ്പോള്‍ ഇടവില്ലാതെ മുളകള്‍ തൊടുത്തുവിടും. നീണ്ട മരക്കുന്തങ്ങള്‍ തടവില്ലാതെ നീണ്ടുവരും. ഒഴിഞ്ഞും തടുത്തും മുന്നേറുമ്പോള്‍ ഏലും കോണും കൈവരും. നാവായില്‍ ചുവടുവെക്കുമ്പോള്‍ അത് ഉപകാരമാവും..''

''കണ്ടര് മണിത്തറ ഏറുമോ ഗുരുനാഥാ..''

''ഏറും ഉണ്ണി. വ്യൂഹത്തില്‍ മാറ്റാന്‍ കാണാതെ നീ പതിഞ്ഞുപായും. മയിലുപോലെ മണിത്തറയില്‍ നീ പാറിവീഴും.''

''അപ്പോ പിന്നെ ഇനി തൈപ്പൂയത്തിനും തിരുനാളിനും ആര്‍ക്കും ചാവേറേണ്ടി വരില്ല അല്ലെ.''

''വേണ്ടി വരില്ല. കട്ടായം.''

കണ്ടര് പെട്ടന്ന് ശേഖരനെ വന്ന് കെട്ടിപ്പിടിച്ചു.

''അമ്മക്കെന്തൊരു സന്തോഷമായിരിക്കും ഗുരുനാഥാ.''

 ചേര്‍ത്തുപിടിക്കനാഞ്ഞ കൈകകള്‍ പകുതിയില്‍ മരവിച്ചു താണു.

ചിത്രീകരണം: മദനന്‍

 ജന്മാന്തരങ്ങള്‍ താണ്ടിയാലും ഒടുങ്ങാത്ത കര്‍മ്മശാപങ്ങളുടെ കരിമേഘകൂട്ടം തലക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നു. അടവും തടയും ചൊല്ലി വളര്‍ത്തിയ ഒരു മച്ചൂനന്റെ ചങ്കിലൂടെ മൂര്‍ച്ച കയറ്റിയിട്ട് ഒരുപാടായിട്ടില്ല. കളിപ്രായം വിടാത്ത പുത്തലത്തെ മരുമകന്റെ പ്രായമുള്ള ഒരുണ്ണിക്ക് ഇതാ പ്രതീക്ഷയുടെ ഒരു വീണ്‍ വാക്ക് കൊടുത്തിരിക്കുന്നു. ആതാമാവിലേക്കാഴ്ത്തിയ വിശ്വാസത്തിന്റെ ഉറയിട്ട ഒരു കള്ളചുരിക. അത് വലിച്ചൂരുന്ന നേരം അവന്‍.

കരളിലെ നെടുംതീ ശേഖരന്‍ കൈയിലിട്ട് ചുരുട്ടിയമര്‍ത്തി.

ഉണ്ണി തൊട്ടുവിളിച്ചപ്പോള്‍ വിരലില്‍ ഉച്ചപൊള്ളി.

''ചാവേറിയാല്‍ ഒന്നുണ്ട് ഗുണം ഗുരുനാഥാ. ആകാശത്തു നിന്നും അഛന്റെയും അമ്മാവന്‍മാരുടേയും ഒപ്പം താഴേക്ക് നോക്കി നില്‍ക്കാം.''

''അവര്‍ ഇവിടെയാണ്, അങ്ങ് മുകളിലല്ല.''

കണ്ടരിന്റെ നെഞ്ചില്‍ വിരല്‍തറപ്പിച്ച് ശേഖരന്‍ പറഞ്ഞു.

ഒന്നുചിരിച്ച്, തൊട്ടുതൊഴുത് അവന്‍ തിരിഞ്ഞു നടന്നു.

'കീര്‍ത്തിമാനാവട്ടെ. ഇഹത്തിലും പരത്തിലും.'

ശേഖരന്‍ മന്ത്രിച്ചു.

 കുന്നിന്‍മേലമ്മ തുണച്ചാല്‍ ഇനി ചാവേറാടാന്‍ ആരും വേണ്ടി വരില്ലെന്ന് അവന്‍ പോയി അമ്മയോടു പറയുമായിരിക്കും. ജീവിക്കാനുള്ള ആശയുടെ തിരതള്ളല്‍ ആ കണ്ണില്‍ മിന്നുമായിരുക്കും. കണ്ണീര്‍തൂകാന്‍ അനുവാദമില്ലാത്ത ആ സ്ത്രീ അപ്പോള്‍ തെളിഞ്ഞു ചിരിക്കുമായിരിക്കും. ഹോ.

 ശേഖരന്‍ തലകുനിച്ചു ചിരിച്ചു. തലേന്ന് വെള്ള പറഞ്ഞു തന്ന വിദ്യ. പെരുവിരലില്‍ ചിരിയിലെ കണ്ണീര്‍ വീണു.

 തിരുമാനംകുന്നില്‍ തലന്നേ് നിറമാലയുണ്ടായിരുന്നു. തമ്പുരാന്‍ വിശേഷമായിട്ട് കഴിപ്പിച്ചതാണ്. ചാവേര്‍ പണിക്കന്‍മാര്‍ക്കും അവരെ അത്ഭുതങ്ങള്‍ പഠിപ്പിക്കാന്‍ വന്ന കോലത്തു നാട്ടിലെ പണിക്കര്‍ക്കും വിജയമേകാന്‍. വള്ളുവക്കോനായി മാത്രം തുറക്കുന്ന മാതൃശാലയുടെ പടിഞ്ഞാറെ വാതില്‍ എല്ലാവര്‍ക്കുമായി ഇന്നലെ തുറന്നു. അങ്ങനെ പതിവില്ലത്രെ.

സോപാനത്തിനു മുന്നില്‍ രാജാവിനും പരിവാരങ്ങള്‍ക്കുമിടയില്‍ പെട്ടുപോയപ്പോയി. പിറകിലേക്ക് മാറാന്‍ വൃഥാ ശ്രമിക്കുമ്പോള്‍ ശ്രീകോവില്‍ നടതുറന്നു. സപ്തമാതാക്കളുടെ പശ്ചാത്തലത്തില്‍, നെയ് വിളക്കുകളുടെ പൊലിമയില്‍ ഒരാള്‍വലിപ്പത്തിലുള്ള ഭദ്രയുടെ ദാരുവിഗ്രഹം തെളിഞ്ഞു. പീഠത്തില്‍ ഇടതുകാല്‍മടക്കി വലതുകാല്‍ തൂക്കിയിട്ടിരിക്കുന്നു. ചുവന്നപട്ടില്‍ പൊതിഞ്ഞ അഷ്ടഭുജങ്ങളുള്ള കാളി. ചാന്താട്ടം കൊണ്ട് അമ്മ കൂടുതല്‍ കറുത്തിരിക്കുന്നോ... കൂപ്പിയ കൈ വിറകൊണ്ടപ്പോള്‍ പാദം വിട്ട്‌നോട്ടം മുഖത്തേക്കൊരു മാത്ര പാളിക്കയറി. വെള്ളിടിപോലെ കണ്ണുകള്‍. ഞെട്ടിതലതാഴ്ത്തിയപ്പോള്‍ മനസ്സ് നിലവിളിച്ചു... ഒറോങ്ങലമ്മേ....

കണ്ണീര്‍ വാര്‍ക്കുന്ന ഭക്തരുടെ ഇടയില്‍ ഇതാ ഒരു ചതിയന്‍. ചണ്ഡനെയും ചാമുണ്ഡനേയും ഹനിച്ച ആ ഉഗ്രകോപത്തില്‍ ഭസ്മമാകാത്തതെന്ത്. വരാഹിയും മാതംഗിയും പിന്നില്‍ നിന്ന് അലറിയിപോലെ... ഇടത്തൊണ്ടവിറച്ചു. ചെന്നില്‍ വിയര്‍പ്പു ചാലിട്ടു... പിടിച്ചു നില്‍ക്കതെങ്ങിനെ...

 അമ്മേ പൊറുക്കണേ...കല്‍പ്പിച്ചുവിട്ടത് കുന്നലനാടിന്റെ തമ്പുരാനായാലും, വള്ളുവനാട്ടില്‍ ഉപായത്തില്‍ വന്ന മാറ്റാന്‍കൂട്ടമെങ്കിലും മരിച്ചെന്നാലും കണ്ടരിനെ മണിത്തറ കയറ്റിയിരിക്കും. ഇത് വാക്ക്....

''ജ്വരം കയറിയ പോലെയാണല്ലോ പരവേശം..''

വെള്ള പുറത്ത് ഒറ്റയ്ക്കുകിട്ടിയപ്പോള്‍ ചോദിച്ചു.

''എന്തുപറഞ്ഞാണ് ഞാനവിടെ പ്രാര്‍ഥിക്കണ്ടത് തിരുമേനീ...ഈ തട്ടകത്തെ മുടിക്കാന്‍ സഹായിക്കണേ ഭഗവതീ എന്നോ.''

വെള്ള ചിരിച്ചു.

''ഇതേ അമ്മയല്ലെ വളയനാടും. മാമാങ്കം നിറപൊലിയാന്‍ കുന്നലക്കോന്‍ വളയനാടമ്മയെ വിളിക്കുമ്പോള്‍. അതരുതെന്ന് പറഞ്ഞ് വള്ളുവന്‍ തിരുമാന്ധാം കുന്നിലമ്മയെ വിളിക്കുന്നു.  

മഹാമായേ എന്നു മാത്രം മനസ്സുനിറഞ്ഞു വിളിക്കുക. സംസാരമായകള്‍ മാറ്റാന്‍ നമുക്കാവില്ല പണിക്കരെ..''

''എല്ലാത്തിനും ചമക്കാന്‍ അങ്ങേക്ക് ന്യായമുണ്ട്.''

''അല്ലെങ്കില്‍ എന്തിലുമേതിലും തട്ടി ഗതിമുട്ടും പണിക്കരെ. ജീവിതചക്രം ചലിക്കണമെങ്കില്‍ അത് മുന്നോട്ടുരുണ്ടെപറ്റൂ. വഴിയില്‍ പ്രതിബന്ധമെന്തുണ്ടെങ്കിലും അതിനെ താണ്ടി സദാതിരിയുകതന്നെ.''

''സര്‍വജ്ഞം തിരിഞ്ഞവര്‍ക്കതു പറ്റും. അല്ലാത്തവര്‍ എന്തു ചെയ്യും.''

''കുലം മുടിഞ്ഞുപോകാന്‍ കിട്ടിയ ശാപം ചിരിയോടെ കൈക്കൊണ്ട കൃഷ്ണനെ കേട്ടിട്ടുണ്ടൊ പണിക്കരെ? കണ്ണുകെട്ടിയ വിധിയെ ദൈവങ്ങള്‍ക്കും തടുക്കാനാവില്ലെന്നറിയുക. അപ്പൊള്‍ ചിരിക്കുക. കരച്ചിലിനേക്കാള്‍ ഈര്‍പ്പമുള്ള ചിരി. കൈപ്പിനേക്കാള്‍ മൂര്‍ച്ചയുളള ചിരി. നിരാസത്തിന്റെയും സ്വീകരണത്തിന്റെയും ചിരി. ചിത്തം ജയിച്ചവന്റെ ചിരി. ചിരിക്ക് നാനാര്‍ഥങ്ങളുണ്ടെന്നും അറിയുക.''

ദൂരെ പടിക്കെട്ടുകള്‍ക്കപ്പുറത്ത,് ഇരുട്ട് കയറി ഭജനമിരിപ്പു തുടങ്ങിയ, ചാവേര്‍ത്തറയെ നിര്‍നിമേഷം നോക്കി വെള്ള തിരുമേനി പറഞ്ഞു.

ശേഖരന്‍ പതിയെ ചിരിച്ചു.

''എന്താ കോലത്തിരിക്കാരെ. വിഷമസന്ധിയില്‍ പെട്ടപോലെ വിഷാദം..''

തൊഴുതുന്ന വന്ന പുതുമന അമ്മയുടെ കണ്ണുകള്‍ ത്രിസന്ധ്യയിലെ നിഴലിലും തിളങ്ങി.

''എല്ലാത്തിലും അമ്മ തുണയായുണ്ടാവുമെന്ന പണിക്കരോടും പറയുകയായിരുന്നു.''

ധ്യാനിച്ചെന്നപോലെ വെള്ള തിരുമേനി പറഞ്ഞു.

''അമ്മ എല്ലാമറിയും..''പുതുമന അമ്മ ചിരിച്ചു

''പുതുമനത്തൊടിയില്‍ അഭ്യാസക്കാഴ്ച്ചകള്‍ പരിശീലിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നറിഞ്ഞു. കാര്യമോ?''

കോവിലകത്ത് ഉണര്‍ത്തിച്ച കാര്യങ്ങള്‍ പുതുമന അമ്മ കേട്ടിരിക്കുന്നു..

''ശരിയാണ്..''

''ഉം..മണിത്തറയില്‍ ഒരു വള്ളുവവീരനെ ഏറ്റി അരിമകുടമേറ്റിയ കുന്നലക്കോന്റെ തല അരിയുമെന്നാണല്ലോ വാക്ക്.''

''നേരിട്ടു ഉണര്‍ത്തിക്കാനിരുന്നതാണ്..''

''ചാഞ്ഞുവീഴുന്ന മുളകളല്ല സാമൂതിരിയുടെ ചങ്ങാത്തം എന്നറിയാത്ത അഭ്യാസിയല്ലല്ലോ പണിക്കര്‍, അല്ലെ..''

അങ്കുശം പോലെ കൊളുത്തിവലിക്കുന്ന വ്യംഗ്യങ്ങള്‍..

''ശ്രമിക്കുന്നതില്‍ നേരുണ്ടെന്നു തോന്നി.''

''നാവായിലെ മണപ്പുറത്തെപറ്റിയോക്കെ നല്ല തിട്ടമാണല്ലോ..''

''വാരണക്കോടു തിരുമേനിയൊന്നിച്ച്  ഇവിടെ വരും മുമ്പ് അവിടെയാണ് ആദ്യം ചെന്നത്.''

''ഉചിതം തന്നെ....സാത്വികനെപ്പോലെ വളഞ്ഞൊഴുകുന്ന പേരാറിന്റെ മടിയിലുള്ള ചുഴികളും മലരികളും അറിയുന്നതും നന്ന്.''

''നാവാനിലത്തിന്റെ പശിമയും മണിത്തറയും കൂരിയാലും കണ്ടും തൊട്ടുമറിഞ്ഞു. പേശികള്‍ക്ക് പരിചിതമായാല്‍ പുഴയുടെ ഉളളും തിരിയാമല്ലോ പുതമനയമ്മേ...''

''ധര്‍മ്മോത്തുപണിക്കരും മങ്ങാട്ടച്ചനും തിനയഞ്ചേരിയും ഷാബന്ദര്‍ കോയയും ഇടംവലം നില്‍ക്കുന്ന സാമൂതിരിയുടെ തട്ടിലേക്ക് ഒരുണ്ണിയെ തൊടുത്തുവിടും എന്നുണര്‍ത്തിച്ചതില്‍ യുക്തിയെത്ര പണിക്കരെ..''

''ചാവുനോറ്റവര്‍ക്ക് മാത്രം ചെയ്യാനാവതുള്ള കാര്യം..''

''ആശകള്‍ മോഹക്കാഴ്ച്ചകളെ വരുത്തും. നര്‍ക്കാഴ്ച്ചക്ക് അതു മറകെട്ടും. കണ്ണീര്‍ വാര്‍ത്തുവറ്റിച്ച ചാവുരുള ഉരുട്ടികൊടുത്തു ഞാന്‍ പൈതങ്ങളെ പറഞ്ഞയക്കുന്നത് സ്വപ്നം കണ്ട് ഇടറാനല്ല എന്നു മാത്രം ഓര്‍ക്കുക.''

മറുപടി പറയാന്‍ തുനിയും മുമ്പ്, ആസകലം നോക്കി, പുതുമനഅമ്മ തിരിഞ്ഞു നടന്നു.

 നിലതെറ്റി നിന്ന വെളിച്ചത്തെ വെട്ടിയിട്ട് അമ്പലത്തിന്റെ പടിക്കെട്ടുകളിലൂടെ ചാവേര്‍ത്തറയില്‍ നിന്നും ഇരുട്ട് അപ്പോള്‍ കുതിച്ചുകയറി വന്നു.

ശേഖരന്‍ വെള്ളയെ നോക്കി. ഇരുട്ടില്‍ നിഴല്‍തീര്‍ത്ത ബ്രാഹമണന്‍ പോകാം എന്ന് കൈയ്യുയര്‍ത്തി.

(തുടരും)

കുലവന്‍ ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം
 

Content Highlights: harilal rajagopal novel kulavan chapter 22