'കെട്ടുപാടുകളുടെ ഭാണ്ഡക്കെട്ടുകള്‍ ചാവേറുകള്‍ പേറരുത് '| കുലവന്‍ | ഹരിലാല്‍ രാജഗോപാല്‍ | നോവല്‍

കുലവന്‍
#ഹരിലാല്‍ രാജഗോപാല്‍
ചിത്രീകരണം : മദനന്‍
ചിത്രീകരണം : മദനന്‍

ത്രവേഗമാണ് നാളുകള്‍ ചാടിമറിഞ്ഞു പോയത്! ഉദിച്ചുച്ചത്തിലെത്തി എവിടേയും തങ്ങനില്‍ക്കാതെ വീണുപോവുന്ന ജീവിതം പോലെ ദിനങ്ങളാഹുതി ചെയ്തു. എണ്ണിയെണ്ണി തീരാനുള്ള നാഴികകളേ ഇനി ബാക്കിയുള്ളൂ എന്നമ്മാവന്‍ ആരോടോ പറയുന്നതു ചെവിയോര്‍ത്തിരുന്നു.

തിരുമാന്ധാംകുന്നിലെ അവസാനത്തെ ഭജനമാണിന്ന്. അല്‍പ്പാക്കുളത്തില്‍ കുളിച്ച് ഈറന്‍ മാറാതെ തെക്കെ നടതുറന്ന് അമ്മയെ ഒരുവട്ടം കൂടിയിന്നു കാണും. പോയി വരൂ, എന്റെ പൊന്‍മക്കളെ എന്നപ്പോളമ്മ അനുഗ്രഹമുദ്ര ചൊരിയും.

തിരുനെല്ലിയില്‍ നിന്ന് വന്നത് നേരെ കുന്നിന്‍മേലമ്മയുടെ സവിധത്തിലേക്കാണ്. കര്‍മ്മഭാരങ്ങള്‍ പാപനാശിനിയില്‍ കളഞ്ഞ്, പേരും നാളും ത്യജിച്ച ഒരുകൂട്ടം ജന്മങ്ങള്‍ ഒരാല്‍ത്തറക്കു ചാരെ ഒത്തുകൂടിയത് നാല്‍പ്പതു നാള്‍ മുമ്പായിരുന്നു. ക്ഷേത്രത്തിനു തെക്കാണ് ആല്‍ത്തറ. കാലാകാലങ്ങളായി ചാവേറുകള്‍ ഭജന നോറ്റിരിക്കുന്ന ചാവേര്‍ത്തറ. പ്രായമേറിയ ഒരാലിനു തടമിട്ട് കാലസാക്ഷിയായി അതവിടെ കാലംനോറ്റിരിക്കുന്നു. എത്രയെത്ര ജീവാത്മാക്കള്‍ മൃതിയെ വാരിപ്പുണരാന്‍ ആവേശത്തോടെ ഇവിടെ നിന്നു പുറപ്പെട്ടുപോയിട്ടുണ്ടാവണം.

പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന ചാവേറര്‍ത്തറക്കും വയസ്സായി. കെട്ടുവിട്ടിളകി നില്‍ക്കുന്ന തറക്കല്ലുകളില്‍ വള്ളുവനാട് തെളിഞ്ഞുകിടന്നു. വേര്‍പെട്ടുവീഴാന്‍ മടിച്ചതവിടെ ശഠിച്ചു നില്‍ക്കുകയാണ്.

 ആളുകള്‍ പൊതുവെ ഇവിടെ വന്നിരിക്കാറില്ല. അല്‍പ്പായുസ്സാവുമത്രെ. അതുകൊണ്ടാവും നോട്ടവും കുറവ്. ലൗകികം വിട്ട് തെക്കോട്ട്പുറപ്പെട്ടു പോകുന്നവര്‍ക്ക് അത്രമതിയെന്നെല്ലാവരും കരുതിക്കാണും. ഭാഗ്യത്തിന് തറയ്ക്കു ചുറ്റും താല്‍ക്കാലികമായി ഓലയും പനമ്പും കൊണ്ടു പന്തല്‍ കെട്ടിയിട്ടുണ്ട്; അത്രയെങ്കിലത്രയും.

 ''നാടിന്റെ കുലവും കൂമ്പും മുടിച്ച, നാവായിലെ തട്ട് തീണ്ടിയ, വല്ലഭക്ഷോണിയുടെ മാനം ഹനിച്ച ആ കുന്നലകോന്റെ തല വെട്ടി, വള്ളുവനാടിന്റെ അഭിമാനം വീണ്ടെടുക്കാന്‍ മനസ്സും വപുസ്സും വിട്ടുകൊടുത്ത ധീരയോദ്ധാക്കളെ... പന്തീരാണ്ടു കൊല്ലം നാം കാത്തു കാത്തു നാളെണ്ണിയ ദിവസമിതാ അടുത്തെത്തിയിരിക്കുന്നു...''

 അമ്മാവന്‍ പുതുമന പണിക്കര്‍ കണ്ണുനിവര്‍ത്തി ചൂണ്ടുവിരല്‍ ചുഴറ്റി പറയുകയാണ്.

ആല്‍ത്തറക്കു ചുറ്റും പടിഞ്ഞിരുന്ന ചാവേറുകള്‍ കൈകള്‍ നെഞ്ചില്‍ ചേര്‍ത്തുവെച്ചു ആര്‍ത്തുവിളിച്ചു.

''വാള്‍ സാമൂതിരിക്ക്
തല പൊന്നുതമ്പുരാന്
മനം തിരുമാന്ധാംകുന്നിലമ്മക്ക്
മാനം വള്ളുവനാടിന്...''

തൊഴാന്‍ വന്ന ചിലര്‍ ഒച്ച കേട്ട് പകച്ച് തിരിഞ്ഞുനോക്കി. പിന്നെ ചാവേര്‍ കൂട്ടത്തിന്റതാണതെന്നു കണ്ട് കാര്യമാക്കാനില്ലാത്തപോലെ നടകയറിപ്പോയി.

ആദ്യമാദ്യം ആളുകള്‍ വന്നു തൊഴുതു പോയിരുന്നു. ആരാധനയും ഭയഭക്തിബഹുമാനവും കലര്‍ന്ന നോട്ടങ്ങള്‍. വിചിത്രജന്തുക്കളെ കാണാനെന്ന പോലെ ചിലര്‍ ചുറ്റിപ്പറ്റി നിന്നു. തൊട്ടുതൊഴൂകുട്ടീ... എന്നോക്കെ പറഞ്ഞ് ചില അമ്മമാരും കുട്ടികളുമായി വന്നുപോയി. പിന്നെ പിന്നെ വരവു കുറഞ്ഞു. ചേതമില്ലാത്ത നോട്ടം മാത്രമെറിഞ്ഞ് ആളുകള്‍ പിന്നെ അകലം പാലിച്ച് കടന്നുപോയി.

കൂട്ടരെ... നിങ്ങള്‍ക്കായി ചാവു നോറ്റിരിക്കയാണ് ഈ ഞങ്ങള്‍ എന്നുറക്കെ പറയാന്‍ തോന്നി, പലപ്പോഴും.

തെക്കേനടയിലുള്ള ഈ ചാവേര്‍ത്തറയിലായിരുന്നു ഇക്കഴിഞ്ഞ ദിനങ്ങളൊക്കെയും ഞങ്ങള്‍. തട്ടകകത്തമ്മയെ ധ്യാനിച്ച് ഒരു മണ്ഡലകാലം.
നാല്‍പ്പത്തിയൊന്നു നാള്‍ പൂര്‍ത്തിയാവുന്നു. തറയോടും തട്ടകത്തോടും യാത്രപറയുകയാണ്. പുറപ്പെടുകയായിനി നാവായ്ക്ക്. ഒഴിയാത്ത കുടിപ്പകയുടെ അഴിയാത്ത കുരുക്കുകള്‍ അവിടെ കാത്തിരിക്കുന്നുണ്ടാവാം.

ഇത്തവണ പക്ഷെ അതെല്ലാം മാറും. ചാവേറുകളുടെ പുതിയ അടവുകള്‍ സാമൂരിപ്പട കാണാന്‍ പോകുന്നേയുള്ളൂ.

കണ്ടര് ഗൂഢമായി ചിരിച്ചു.

ഗുരുനാഥന്‍ എവിടെയെങ്കിലുമുണ്ടോ. വെറുതെ ചുറ്റിലും കണ്ണുഴിഞ്ഞു. തലയുയര്‍ത്തി കൈകെട്ടി നില്‍ക്കുന്ന ആ രൂപം മനസ്സിലുണ്ടെപ്പൊഴും.
ഇല്ല, എവിടേയുമില്ല.  

ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അഭ്യസിക്കുമ്പോഴും കണ്‍വെട്ടത്തുള്ള കരുതല്‍. അടുത്തുകൂടുമ്പോഴെല്ലാം തലയെത്തഴുകുന്ന വിരലുകള്‍.

നെഞ്ചു വിങ്ങി. ഇല്ല, പാടില്ല. വികാരങ്ങള്‍ വറ്റിച്ച ചാവേറാണ് ഞാന്‍.

''അമ്മയെ മനസ്സിലുറക്ക. കുടിപ്പക ഉരുക്കഴിക്ക. പെറ്റനാടിനെ ഓര്‍ക്ക... തുണയ്ക്കട്ടെ ഭദ്രയും സപ്തമാതാക്കളും. പടനയിക്കട്ടെ പട വരാഹി. വിജയിക്ക വളളുവക്കൊനാരി...''

 മുഷ്ടി ചുരുട്ടി, കനത്തകൂറ്റില്‍ പുതുമന പണിക്കര്‍ ചാവേറുകളെ ആവേശം കൊളളിച്ചു, പിന്നെ ചവേര്‍ത്തറയ്ക്കു പരിച പോലെ കുടപിടിച്ച ആല്‍മരച്ചുവടില്‍ ചമ്രം പടിഞ്ഞിരുന്നു മന്ത്രിച്ചു.

'കാളീ കാളി മഹാകാളി
ഭദ്രകാളീ നമോസ്തുതേ
കുലം ച കുല ധര്‍മ്മം ച
മാം ച പാലയ പാലയ..'

ചാവേറുകള്‍ പദ്മാസനം കൈക്കൊണ്ട് ധ്യാനം തുടങ്ങി.

കണ്ണടച്ചപ്പോള്‍ തെളിഞ്ഞത് ഗുരുനാഥന്‍.

തിരുനെല്ലിയില്‍ നിന്നാണ് അദ്ദേഹം വിട പറഞ്ഞത്.

കനത്ത മഴയായിരുന്നു. കല്ലിടകളിലൂടെ കലര്‍െന്നാഴുകിയ ശോകനാശിനിയിലെ ജലം തൊട്ടപ്പോള്‍ അയ്യോ. തണുപ്പിന്റെ മിന്നല്‍ തലവരെമിന്നി. ഇലച്ചീന്തുകളില്‍ ഉരുളയിടുന്ന വൃദ്ധനായ അഡിഗയുടെ നോട്ടങ്ങളില്‍ അനുതാപത്തിന്റെ ആന്തലുണ്ടായിരുന്നു. മനഃപൂര്‍വം കണ്‍കൊടുത്തില്ല.
തര്‍പ്പണം പെട്ടന്നു തന്നെ കഴിഞ്ഞു. മുട്ടുകുത്തിയിരുന്ന വള്ളുവനാട്ടുകാര്‍ എള്ളുപൂവുംകറുകയും ഇലയിലര്‍പ്പിച്ച് ഇരിക്കപിണ്ഡമിട്ടു. ആത്മപിണ്ഡം സമര്‍പ്പയാമി എന്ന മന്ത്രണങ്ങള്‍ പക്ഷെ മഴയില്‍ മുങ്ങിപ്പോയി. ഏറ്റുചൊല്ലാന്‍ മനസ്സുണ്ടായില്ല. ചടങ്ങുതീര്‍ന്നപ്പോള്‍ അഡിഗ പകുതിസന്ദേഹത്തോടെ അനുഗ്രഹിച്ച് എന്തോ പിറുപിറുത്തു. ജീവിക്കെ ജന്മം പോയ കൂട്ടത്തിന്റെ അവശേഷിപ്പുകള്‍ ശോകനാശിനിയില്‍ കുത്തിയൊലിച്ചു പോയി.

ഇക്കുറി ഇതെല്ലാം വെറുതെയാവും. ഉറപ്പ്.

ചിത്രീകരണം : മദനന്‍

തിരുനെല്ലിത്തേവരെ തൊഴുത് പുറത്തുകടന്നപ്പോഴാണ് കണ്ടത്. മുന്നില്‍ ഭാണ്ഡം മുറുക്കി ഗുരുനാഥന്‍. വിഷാദം കനത്ത് മൂടിയ ഒരു മഴമേഘം പാലെ. പിന്നില്‍ എഴുന്നുനിന്ന ബ്രഹ്‌മഗിരിയുടെ മലമടക്കുകളില്‍ മഴയെത്തിയ ഇരമ്പത്തിനു മേലെ ആ ശബ്ദം മുഴങ്ങി.

 ''കൂട്ടരെ, പേരും നാളും നിങ്ങളിവിടെ ത്യജിച്ചു. ഇഷ്ടമുള്ളതൊക്കെയും. എന്നേയും നിങ്ങളിവിടെ ഉപേക്ഷിച്ചതായി കരുതുക. അറിയാവുന്ന വിദ്യകളൊക്കെ ഞാന്‍ നിങ്ങള്‍ക്കേകി. പറഞ്ഞുതന്ന തന്ത്രം പതറാതെ പ്രയോഗിക്കുക. അമ്മ തുണക്കട്ടെ...''

എല്ലാവരും ഒരു നിമിഷം സ്തബ്ദ്ധരായി. ഇതു പ്രതീക്ഷിച്ചതല്ല.

പകപ്പു മാറിയപ്പോള്‍ പുതുമനപ്പണിക്കര്‍ വീണു കാല്‍തൊട്ടു.

''നന്ദി പറയാനെളുതല്ല നായനാരെ. ആതിഥ്യത്തിലും ആചാരത്തിലും കുറവുണ്ടായി എന്നറിയാം. പുറംലോകം തിരിയാത്ത, കളരിയറമാത്രം പരിചയിച്ച ഞങ്ങളോടു പൊറുത്തു തരിക.''

''പരാക്രമിയായിരിക്ക.''

''മടക്കമെങ്ങനെ.''

''ചുരമിറങ്ങിയാല്‍ തന്നെ കോലത്തു നാടായി.''

 എല്ലാം വീണുടഞ്ഞപോലെ തോന്നി. പോകല്ലെ എന്നു കൈപിടിച്ചു പറയാന്‍ വെമ്പി. ഇല്ല. പാശങ്ങളൊക്കെ പുഴയില്‍ ഒഴുക്കിക്കളഞ്ഞിരിക്കുന്നു. കരയരുത്. കരുത്തോടെയിരിക്കണം. പക്ഷെ...

''എന്താ ഉണ്ണീ, ഉരിയാടാനൊന്നുമില്ലെ?'' അദ്ദേഹം മുന്നില്‍ വന്നു ചോദിച്ചു.

ഗുരുദക്ഷിണ ഒന്നും തരാനായില്ലല്ലോ ഗുരുനാഥാ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പെട്ടെന്നു ചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു.

നീയല്ലാതെ വെറെന്തെനിക്കുണ്ണീ ദക്ഷിണ. നെറ്റില്‍ തോന്നിയ ചൂട് കണ്ണീരാണോ എന്നു സംശയിക്കും മുമ്പ് അദ്ദേഹം പറഞ്ഞു:

''ഒരുപക്ഷെ ഞാന്‍ വരും. നിന്റെ ആട്ടം കാണാന്‍. കീര്‍ത്തിമാനായിരിക്ക.''

പിന്നെ തിരിഞ്ഞു നോക്കാതെ, പെരുതുള്ളിപെയ്ത മഴ മുറിച്ച് പടിയിറങ്ങിക്കാണാതായി.

 നാവില്‍ ഒരു പിന്‍വിളി പിറക്കുംമുമ്പ് മരിച്ചു. ഒരുപാടെന്തോക്കെയോ പറയാനുണ്ടായിരുന്നു. ചോദിക്കാനും. ബാക്കിവെച്ചതെന്താണ്. പൂര്‍ത്തിയാക്കാത്ത എന്തോ ഒന്ന്.

ആരോടായാലും കുറച്ചീശ അകലം പാലിക്കുന്നത് നന്ന് എന്ന അമ്മമ്മ പറയാറുള്ളതോര്‍ത്തു. കെട്ടുപാടുകളുടെ ഭാണ്ഡക്കെട്ടുകള്‍ ചാവേറുകള്‍ പേറരുത് എന്നാണത്രെ.
 
''ചോലക്കാട് നായരെ. കാന്തത്തില്‍ കൊള്ളാനുള്ള ആണിപോലെ കുട്ടിയതാ പായുന്നു.'' അമ്മമ്മ നീരസത്തോടെ പറയും.

ചോലക്കാട് പുതുമന കാര്യസ്ഥനാണ്. വിദ്വാന്‍ പക്ഷെ ഒന്നും മിണ്ടില്ല.

സന്ധ്യയ്ക്കു തിരിവെച്ച്, കഞ്ഞി കുടിച്ചപാടെ ഗുരുനാഥനെ കേള്‍ക്കാന്‍ ഓടിപ്പോകുന്നതൊന്നും അമ്മമ്മക്കിഷ്ടമല്ല. മെയ്യും കണ്ണും തികഞ്ഞ ചാവേര്‍പണിക്കന്മാര്‍ക്ക് പുതിയ മുറകള്‍ പഠിപ്പിക്കാന്‍ എന്തിനൊരു മാറ്റാന്‍ എന്ന വ്യംഗം അമ്മമ്മ എപ്പോഴും പിറുപിറുത്തു തീര്‍ക്കും. പുതുമനപ്പറമ്പില്‍ കളരിക്കു പുറത്തുള്ള അഭ്യാസം തുടങ്ങിയമുതല്‍ ആ ഭാഗം ചതുര്‍ഥി പോലെയാണ്. തിരിഞ്ഞുപോലും നോക്കില്ല. രാജകല്‍പ്പനയുള്ളതിനാല്‍ അനിഷ്ടം വെളിപ്പെടുത്തിയില്ല എന്നു മാത്രം. സ്ഥാനം കൊണ്ടു വെള്ളാട്ടിരിയുടെ കൂടെപ്പിറപ്പാണ് പുതുമനയമ്മ. സ്വരൂപികളാണ്. തികട്ടി വന്ന വിമ്മിട്ടങ്ങള്‍ കടിച്ചമര്‍ത്തിക്കാണും.

എന്നാലുമെങ്കിലും പോകാതിരിക്കാനായില്ല. കഥകള്‍ കേള്‍ക്കാന്‍, ആകാരം നോക്കിയിരിക്കാന്‍ നല്ല രസമാണ്.

അമ്മയ്ക്കതില്‍ വിരോധമോന്നുമുണ്ടായിരുന്നില്ല.

വാരിക്കര നായനാര്‍ പറയുന്നതൊക്കെ നടന്നാല്‍ മതിയായിരുന്നു എന്റെ കുന്നിന്‍മേലമ്മേ എന്നു ചേര്‍ത്തു പിടിച്ചു പറയും.

''ഉരിയാടല്‍ കുറവാണെന്നു തോന്നുന്നു. അല്ലെ ഉണ്ണീ.''

''ഉം. കാര്യായിട്ടില്ല. എന്നോടു മാത്രം. ദേശത്ത് എന്റെത്രയുള്ള ഒരു മരുമകന്‍ ഉണ്ടെന്നു പറഞ്ഞിരുന്നു.''

്''ഉം അതാവും. ഇമ്പം തോന്നീട്ടുണ്ടാവും.''

''ഗുരുനാഥന്‍ വന്നത് നന്നായമ്മെ. കണ്ണും കാതും തുറന്ന പോലെ. ആചാരമല്ല ചാവേറോട്ടം എന്നദ്ദേഹമല്ലേ പറഞ്ഞുതന്നത്.''

അമ്മയൊന്നും പറഞ്ഞില്ല. പതിവു പോലെ കണ്ണു നിറഞ്ഞു.
പിന്നെ മേലേക്കെന്ന പോലെ നോക്കി ഉറക്കെ പറഞ്ഞു.

''ദാ വരണൂ എടത്തീ.''

മേലെ കിടക്കുന്ന വലിയമ്മയുടെ മുക്കലും മൂളലും കൂടിയിരിക്കുന്നു. പാവം.

തിരുനെല്ലിപ്പോവും മുമ്പ് കണ്ടിരുന്നു. അമ്മ കൂട്ടിക്കൊണ്ടു പോയി എന്നതാണ് സത്യം. കാര്യം കൂടുതല്‍ കഷ്ടമായിരിക്കുന്നു. അസ്ഥികണക്കായിട്ടുണ്ട്. എല്ലാം കേള്‍ക്കുന്നും അറിയുന്നുമുണ്ടാവണം. തോലുകളഴിഞ്ഞ കൈകള്‍ പിടിച്ചപ്പോള്‍ അതല്ലേ കണ്ണീര്‍ ചാലിട്ടൊഴുകിയത്. മതിമതി എന്ന് അമ്മമ്മ തിരക്കുകൂട്ടുമ്പോള്‍ കുറച്ചിടകൂടി നില്‍ക്കാമായിരുന്നു എന്നുതോന്നി. പക്ഷെ, മുറിയിലെ പഴുത്ത മണം. ഹൊ.

വലിയമ്മ ഭഗവതിയെപ്പോലെ ഭംഗിയുള്ളവളായിരുന്നുവത്രെ. അമ്മ എപ്പോഴും പറയും. പാവം എന്തോരു വിധി.

വിധിയെ തടുക്കാന്‍ ബ്രഹമനുമാവില്ല എന്ന് അമ്മമ്മയുടെ നിരൂപം.

''നാവായില്‍ കാണാം എന്നു പറഞ്ഞിട്ടുണ്ട് ഗുരുനാഥന്‍. ആവുമെങ്കില്‍ ഗുരുദക്ഷിണ എന്തെങ്കിലും കൊടുക്കണം അമ്മെ. ഇല്ലെങ്കില്‍ സമാധാനമുണ്ടാവില്ല...''

അമ്മ ആദ്യം ഒന്നും മിണ്ടിയില്ല.

''ഉണ്ണിക്ക് ഒരൂട്ടം തരാം. അതു ദക്ഷിണ കൊടുക്കൂ.''

''എന്താദമ്മേ.''

''അതപ്പോ പറയാം. അമ്മാവന്‍ കൈവശം തരാം. ഇപ്പ കുട്ടി ചോദിക്കണ്ട...''

എന്തായിരിക്കുമത്. സ്വന്തമെന്നു പറയാന്‍ ഒന്നുമില്ല. എന്തെങ്കിലും വേണമെന്ന മോഹം തോന്നിയിട്ടുമില്ല. തോന്നാനുള്ള ഇടയും വന്നിതില്ല. കൂട്ടരുമൊന്നിച്ച് കാര കളിക്കണമെന്നു മോഹം കുറച്ചുനാള്‍ കൊണ്ടു നടന്നിരുന്നു. പതിയെ അതും ഇല്ലാതായി. മോഹവും ആവേശവും ചിന്തയും എല്ലാം പുതുമനകളരിക്കുള്ളില്‍ തന്നെ തായംമറിഞ്ഞു കളിച്ചു. ചാവേറ് നോറ്റാല്‍, തിരുനെല്ലി താണ്ടിയാല്‍ പിന്നെ സ്വന്തമായി ഒന്നുമില്ല. അമ്മ എന്തെങ്കിലും കരുതിയിട്ടുണ്ടാവണം.

 കണ്ടുകിട്ടിയാല്‍ ദക്ഷിണ കാല്‍വെച്ചു വന്ദിക്കണം. കാണാന്‍ പറ്റണേ ഭഗവതീ. പോര്‍ക്കലി ബാധിച്ചാല്‍ പിന്നെ കണ്ണുകാതും തിരിയില്ല എന്നാണ്.  നാവായില്‍ എത്തിയാല്‍ ഉറഞ്ഞുകയറുമത്രെ രുധിരകലി.

അനുഗ്രഹം അറിഞ്ഞു തന്നിട്ടുണ്ട്. പറഞ്ഞ പോലെ ഭവിച്ചാല്‍ പിന്നെ എല്ലാം മാറും. വള്ളുവത്തിരുമനസ്സ് നിലപാടുതറയേറും. പൊന്നാനി വിട്ട് നെടുങ്ങനാടേക്ക് നെടിരിപ്പിന് മാറിപ്പോവേണ്ടി വരും.

സാമൂതിരിയുടെ തല വെട്ടിയാല്‍ തമ്പുരാന്‍ നിശ്ചയമായും സമ്മാനം തരുമായിരിക്കും. ഒന്നുമെടുക്കില്ല. എല്ലാം ഗുരുനാഥനുള്ളതാണ്.

കണ്ടര് ചാവേറുകളെ പാളി നോക്കി. താടിയും മുടിയും നീട്ടി, ഭിക്ഷാംദേഹികള്‍ തപസ്സിരിക്കുന്ന പോലെ ചാവേറുകള്‍... ഉഛ്വാസങ്ങളെ നിയന്ത്രിച്ച് കൃഷ്ണമണികള്‍ കപാലമധ്യേ നിര്‍ത്തി ധ്യാനിക്കണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. എന്തായിരിക്കും ഇവരൊക്കെ ആലോചിക്കുന്നുണ്ടാവുക. ഓര്‍മ്മകള്‍ കലപില കൂട്ടുന്ന നടവഴിക്കപ്പുറമുളള വീടോ? കബന്ധങ്ങള്‍ ചോരചീറ്റുന്ന പോര്‍വഴിക്കപ്പുറമുള്ള വീരസ്വര്‍ഗ്ഗമോ?  

ഇടയ്ക്കു കണ്ണു തുറന്ന വേര്‍ക്കാട്ടെ ഇരമ്മന്‍ എന്താണെന്നു കണ്ണുകൊണ്ടു ചോദിച്ചു. ഒന്നുമില്ലെന്നു കണ്ണടച്ചു കാണിച്ചു. ചന്ത്രത്തിലെ ചാത്തുണ്ണാമന്‍ അമ്മാവന്റെ താടിമീശകളോക്കെ അസാരം നരച്ചു തുടങ്ങിയിരിക്കുന്നു. ഉള്ളതിലും വയസ്സു പറയും. വയങ്കരയിലെ ഉണ്ണെക്ക പണിക്കരമ്മാമയുടെ  മുഖമപ്പടിയാകട്ടെ മീശ മൂടിയിരിക്കുന്നു. താടി നാഭിവരെയെത്തിയിട്ടുണ്ട്. എന്തൊരു സാത്വികഭാവമാണാ മുഖത്ത്. ചാവേറാണെന്നു തോന്നുകയേയില്ല. തേവാര ഭഗവതിക്ക് മാല കെട്ടാന്‍ വരുന്ന പാവം നമ്പീശന്റെ അതെ രൂപം. വയങ്കരക്കാര്‍ കോലത്തിരിക്കാരാണെന്ന പക്ഷമുണ്ട്. അമ്മമ്മ പറഞ്ഞു കേട്ടതാണ്. വളര്‍പട്ടണത്തില്‍ നിന്നും കുടിയേറിവന്നവരാണത്രെ പൂര്‍വികര്‍.

ഈ തറയും പടിക്കെട്ടുകളും അമ്മകുടികൊള്ളുന്ന കുന്നും ഇനി കാണതുണ്ടാവുമോ. കാണും. കാണാന്‍ കണ്ടര് തിരിച്ചുവരും. അന്ന് കണ്ടരിനെ മാലയിട്ട് എഴുന്നള്ളിക്കാന്‍ പുരുഷാരമുണ്ടാവും.

പൊന്നാനിയില്‍ പട അറുപതിനുമായിരമുണ്ടെങ്കിലും കൂരിയാല്‍ത്തറമുതല്‍ മണിത്തറവരെയുള്ള അരനാഴികദൂരം കാത്ത് തിങ്ങി നില്‍ക്കാന്‍ അത്രയും വരുന്ന സാമൂതിരിജനത്തിനാവില്ലെന്ന് ഗുരുനാഥന്‍ പറഞ്ഞതോര്‍ത്തു..

''ആപല്‍ബന്ധുക്കളെ... ആത്മബന്ധുക്കളെ, നമ്മുടെ ഇവിടെയുളള നിയോഗം തീര്‍ന്നിരിക്കുന്നു. നാല്‍പ്പത്തൊന്നു നാള്‍ ധ്യാനിച്ച് മനസ്സില്‍ അമ്മയെ കുടിയിരുത്തിയ തറയോടിനി തൊഴുത് വിടപറയുക. ഒറ്റ മനസ്സോടെ ഏകോദരസോദരരായി നാമിവിടെ കഴിച്ചു. ധനുമാസക്കുളിരൊക്കെ നാമൊരുമിച്ചു 
കൊണ്ടു. മകരമിങ്ങെത്തി, മകവുമങ്ങു വന്നു. നാവായുടെതീരത്ത് നമ്മെ കാത്ത് മാഹാമഹമിതാ വീണ്ടും ചൊല്‍വിളിക്കുന്നു. സമയമായി. അല്‍പാക്കുളത്തില്‍ കുളിച്ചീറനോടെ വരിക. അമ്മയെ ഇനിയില്ലാത്ത വിധം ഒരു നോക്കുപാര്‍ക്കാം.''

സൂര്യന്‍ കത്തിവീണു ചോപ്പോഴുക്കിയ മാനം നോക്കി പുതുമനപ്പണിക്കര്‍ പറഞ്ഞു.

ചാവേറുകള്‍ നിശ്ശബ്ദരായി എഴുന്നേറ്റു.

ആല്‍മരക്കൊമ്പില്‍ തൂങ്ങിക്കിടന്ന വേതാളരൂപികള്‍ അനക്കം കേട്ട് കടവാതിലുകളായി പറന്നുപൊങ്ങി.


(തുടരും)

Content Highlights: Harilala Rajagopal Novel Kulavan