'മിനുട്ടുകൾക്കകം അയാൾ പിടിയിലാവും, ജീവനോടെയാവില്ലെന്ന് മാത്രം, സോറി'

വര: മനോജ് കുമാർ തലയമ്പലത്ത് /മാതൃഭൂമി
വര: മനോജ് കുമാർ തലയമ്പലത്ത് /മാതൃഭൂമി

ബൊലേറോ നിര്‍ത്തി ഡ്രൈവര്‍ വിളിച്ചപ്പോഴാണ് ബോബു ഉണര്‍ന്നത്. അയാള്‍ പുറത്തേക്കിറങ്ങി. കൊല്‍ക്കത്ത നഗരത്തില്‍ തന്നെയുള്ള ദാസ് ഗുപ്തയുടെ ഇടത്താവളമാണത്. അല്‍പ്പം മുന്നോട്ടുനടന്ന ശേഷം ഇടത്തോട്ടുള്ള ചെറിയ വഴിയിലേക്ക് തിരിഞ്ഞു. മുമ്പ് രണ്ട് തവണമാത്രമാണ് ഇവിടെ വന്നിട്ടുള്ളതെന്ന് അയാളോര്‍ത്തു. പഴയ നിരവധി കെട്ടിടങ്ങളുള്ള ഏരിയയാണിത്. നൂറുകണക്കിന് പേര്‍ തിങ്ങിപാര്‍ക്കുന്നയിടം. കൊല്‍ക്കത്ത ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമെ ദൂരമുളളു. മങ്ങിയ മഞ്ഞപെയിന്റടിച്ച കെട്ടിടത്തിനുള്ളിലേക്ക് ബോബു കയറി. മരത്തിന്റെ കോണിപ്പടികളിലൂടെ മൂന്നാം നിലയിലെത്തി. 

ദാസ് ഗുപ്തയുടെ നിയന്ത്രണത്തിലുളളതാണ് ആ കെട്ടിടം. അയാളുടെ ഡീലുകള്‍ നടക്കുന്നത് ആ കെട്ടിടത്തില്‍ വെച്ചാണ്. ബോബു ഇടത്തേക്ക് തിരിഞ്ഞ് നാലാമത്തെ മുറിയുടെ വാതിലില്‍ മുട്ടി. ഒരു ചെറുപ്പക്കാരനാണ് വാതില്‍ തുറന്നത്. ബോബു അകത്തേക്ക് കയറി. ബാഗ് മേശയില്‍ വെച്ചശേഷം ഷര്‍ട്ടൂരി അയയിലേക്കിട്ടു. എന്നിട്ട് കട്ടിലില്‍ ഇരുന്നു.
''സാബ് ഒരുമണിക്കൂറാകുമ്പോഴേക്കും വരും. ചെറുപ്പക്കാരന്‍ പറഞ്ഞു''. 
ബോബു ഒന്നും മിണ്ടിയില്ല. അയാള്‍ കട്ടിലിലേക്ക് ചാഞ്ഞിരുന്ന ശേഷം ഫോണെടുത്തു. റുവാലയുടെ വിളി ഇതുവരെ വന്നിട്ടില്ല. ടെന്‍ഷന്‍ കയറി മനസ് കൈവിട്ടുപോകുന്നത് പോലെ... ദാസ് ഗുപ്ത വരട്ടെ എന്നിട്ട് അടുത്ത പദ്ധതി ആലോചിക്കാം..
''സാര്‍, ഭക്ഷണം വേണോ..'' ചെറുപ്പക്കാരന്‍ ചോദിച്ചു.
''വേണ്ട..''
''ഞാന്‍ പോയി കഴിച്ചു വരാം..''
ഓ.കെ. 
മറുപടി ലഭിച്ചപ്പോള്‍ അവന്‍ പുറത്തേക്കിറങ്ങി. വാതില്‍ ചാരിയശേഷം കോണിപ്പടികളിറങ്ങി.ബോബു ഫോണ്‍ കട്ടിലില്‍ വെച്ചശേഷം നീണ്ടു നിവര്‍ന്നു കിടന്നു.

Content Highlights: aneesh p nair novel ninety minutes

Continue reading