റുവാലയ്ക്ക് എന്താവും സംഭവിച്ചിരിക്കുക?; തട്ടിക്കൊണ്ടുപോയതാണെങ്കിൽ എന്തിന്?

90 മിനിറ്റ്‌സ്- സ്പോർട്സ് ത്രില്ലർ: അധ്യായം 2
ഡ്രസ്സിങ് മുറിയിലേക്ക് ദേവും അന്‍വറുമെത്തുമ്പോള്‍ കളിക്കാരും പരിശീലകരും റുവാലയുടെ തിരോധാനത്തിന്റെ ഷോക്കിലായിരുന്നു. കളിക്കാര്‍ അവിടവിടെയായി കൂട്ടം കൂടിനിന്ന് സംസാരിക്കുന്നു. അന്‍വര്‍ ചൂണ്ടികാണിച്ച ഭാഗത്തേക്ക് ദേവ് നടന്നു.
'സാര്‍ ഇതിനകത്താണ്'.
ദേവ് ഡ്രസ്സിങ് മുറിയിലെ ടോയ്ലറ്റിലേക്ക് കടന്നു. അവിടെ ഒരുവശത്തെ ഭിത്തി പൊളിഞ്ഞുകിടപ്പുണ്ട്. അതിനപ്പുറം ടണല്‍ പോലെ ഒരു വഴി കാണുന്നുണ്ട്. കൃത്യമായ പ്ലാനിങ് തട്ടികൊണ്ടുപോകലിന് പിന്നിലുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ദേവിന് മനസിലായി. ഭിത്തി പൊളിച്ചതിന്റെ സൂചനകളും അതാണ് നല്‍കുന്നത്.
'ഈ വിവരം ഒരു കാരണവശാലും പുറത്തുപോകരുത്. ഇനി ആരും ഫോണ്‍ ഉപയോഗിക്കരുത്''- ദേവ് മുറിയിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അന്‍വര്‍, ' ഇന്‍സ്പെക്ടര്‍ അഭിലാഷിനോട് വരാന്‍ പറയൂ. വിശ്വസ്തരായ രണ്ട്പേര്‍ ഇവിടെ വേണം''- നിര്‍ദ്ദേശം നല്‍കിയ ശേഷം ദേവ് പൊളിഞ്ഞുകിടക്കുന്ന ഭിത്തിക്കപ്പുറത്തേയ്ക്ക് കടന്ന് ടണലിന്റെ ഉള്ളിലേക്ക് നടന്നു.
അഭിലാഷും സംഘവും എത്തിയപ്പോള്‍ അന്‍വര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഡ്രസ്സിങ് മുറിയിലേക്ക് ഇനി ആരേയും പ്രവേശിപ്പിക്കേണ്ടെന്നും ഇവിടെ നിന്ന ആരേയും പുറത്തേക്ക് വിടരുതെന്നും പ്രത്യേകം ഓര്‍മിപ്പിച്ചു.
20 മിനിറ്റ് കഴിഞ്ഞപ്പോള്‍ ദേവ് തിരികെ ഡ്രസ്സിങ് മുറിയിലെത്തി.
'അന്‍വറേ, പെട്ടെന്ന് സ്റ്റേഡിയത്തിന്റെ രൂപരേഖ എടുക്കണം. കോര്‍പ്പറേഷനില്‍ കാണും. സെക്രട്ടറിയെ വിളിച്ച് ഏര്‍പ്പാടുണ്ടാക്ക്. ഞാന്‍ ഐ.ജി.യോട് വിവരം പറഞ്ഞിട്ടുണ്ട്'. പിന്നെ ഡോഗ് സ്‌ക്വാഡിനേയും ഏര്‍പ്പാടാക്കൂ.
ദേവ് സഹപരിശീലകന്‍ അരവിന്ദിന്റെ അടുത്തേക്ക് ചെന്നു.
'' അരവിന്ദ്, എന്താണ് ഇവിടെ സംഭവിച്ചത്''
സാര്‍, റുവാല തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയാക്കിയതാണ്. വയറിനെന്തോ പ്രശ്നം പോലെയെന്ന് പറഞ്ഞാണ് ടോയ്ലറ്റിലേക്ക് പോകുന്നത്
Content Highlights: football star kidnapping mystery ransom tunnel investigation police sports crime