ആരെയും മുഷിപ്പിക്കേണ്ട എന്നു വ്രതമെടുത്തിരിക്കുകയാണ് ഇന്നത്തെ വിമര്‍ശകര്‍- വി.സി. ശ്രീജന്‍

വി.സി ശ്രീജന്‍/ ഫോട്ടോ: പി. ജയേഷ്‌
വി.സി ശ്രീജന്‍/ ഫോട്ടോ: പി. ജയേഷ്‌

*ഞാനല്ലാതെ മറ്റൊരുവനും കാണില്ല എന്ന ഉറപ്പിന്മേല്‍ സാഹിത്യമോഷണം നടത്തുന്നവര്‍ കൃഷ്ണന്‍ നായരുടെ കണ്ണില്‍പെട്ടാല്‍ കുഴഞ്ഞു. *മലയാളസാഹിത്യം സ്വയം നിര്‍വ്വഹിച്ച ആത്മപരിശോധനയായിരുന്നു സാഹിത്യവാരഫലം.* അദ്ദേഹം വിമര്‍ശിച്ച പല നവാഗതരും എന്തുകൊണ്ടോ പിന്നീട് എഴുത്തു തന്നെ ഉപേക്ഷിച്ചതായി തോന്നിയിട്ടുണ്ട്. അദ്ദേഹം പ്രശംസിച്ച നവാഗതര്‍ പലപ്പോഴും പ്രശസ്തിയിലേക്ക് ഉയരാതെ പോയിട്ടുമുണ്ട്. - മലയാളഭാഷ കണ്ട ഏറ്റവും വലിയ നിരൂപക പരമ്പരയായ സാഹിത്യവാരഫലം ആറു വോള്യങ്ങളായി മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്നു. സാഹിത്യവാരഫലത്തിന്റെ പ്രീബുക്കിങ്ങ് തുടരുന്ന വേളയില്‍ മലയാളസാഹിത്യത്തിലെ തലമുതിര്‍ന്ന നിരൂപകന്‍ വി.സി ശ്രീജന്‍ സാഹിത്യവാരഫലത്തെക്കുറിച്ചും എം. കൃഷ്ണന്‍ നായരെക്കുറിച്ചും എഴുതുന്നു.

കടന്നുപോയ കാലത്തിലേക്കും ഓര്‍മ്മകളിലേക്കും വിശേഷിച്ച് പഴയ രചനകളിലേക്കും തിരിഞ്ഞിരിക്കുന്ന കലാരൂപമാണ് സാഹിത്യം. കാലത്തിനൊത്ത് മുന്നോട്ടു കുതിക്കണമെന്ന് അകമേ ആഗ്രഹമുണ്ടെങ്കിലും അതുപോലെ ചെയ്യാന്‍ പലപ്പോഴും കഴിയാറില്ല. രചനാജീവിതത്തിന്റെ തുടക്കത്തില്‍ എഴുത്തുകാര്‍ക്കു കിട്ടുന്ന പരിശീലനത്തിന്റെ സ്വഭാവമാണ് ഇതിനു കാരണം. പഴയ കൃതികളാണ് എഴുത്തുകാരെ പരിശീലിപ്പിക്കുന്നതില്‍ മുഖ്യമായ ഉപകരണങ്ങള്‍. പഴയ ഉപകരണങ്ങള്‍ കൈകാര്യംചെയ്ത് ശീലിച്ച് പാകം വരുമ്പോഴേക്കും വര്‍ത്തമാനകാലയാഥാര്‍ത്ഥ്യത്തിനും ഏറെ പിറകില്‍ നില്ക്കുന്ന ഉപകരണങ്ങളുടെ പഴമ അതിന്റെ ശാശ്വതമുദ്ര എഴുത്തുകാരുടെ പേനകളില്‍ പതിപ്പിച്ചു കഴിഞ്ഞിരിക്കും. സാഹിത്യചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഭാഷാസാഹിത്യം അതിന്റെ യാത്ര ഒന്നു നിര്‍ത്തി ഒരു ആത്മപരിശോധനക്കു മുതിരാറുണ്ട് എന്നു സങ്കല്പിക്കാന്‍ തോന്നുന്നു. ഇങ്ങനെ മലയാളസാഹിത്യം അതിന്റെ യാത്ര തത്കാലമൊന്നു നിര്‍ത്തി ഒരു ആത്മപരിശോധന നിര്‍വ്വഹിച്ചതിന്റെ അടയാളമാണ് എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. ഇത് ഒരു ഭാഷാസമൂഹത്തിന്റെ സജീവമായ പങ്കാളിത്തത്തോടെ നടന്ന പ്രവര്‍ത്തനമായിരുന്നു എന്നതിനു തെളിവാണ് മുപ്പത്തിയേഴ് കൊല്ലത്തോളം ആ പംക്തി നിലനിന്നു എന്നത്. കുറേ കൊല്ലങ്ങള്‍ക്കു മുമ്പെ ഒരു വാല്യം സാഹിത്യവാരഫലം പുസ്തകരൂപത്തില്‍ പുറത്തുവന്നിരുന്നു ഇപ്പോള്‍ സാഹിത്യവാരഫലം പൂര്‍ണരൂപത്തില്‍ പുറത്തുവരുന്നത് ഭാഷാസ്‌നേഹികളെയെല്ലാം സന്തോഷിപ്പിക്കും എന്ന് ഉറപ്പുണ്ട്.

മലയാളസാഹിത്യം നിര്‍വ്വഹിച്ച ആത്മപരിശോധനയായിരുന്നു സാഹിത്യവാരഫലം എന്നു മുകളില്‍ പറഞ്ഞു. ഇതിനു ചില മുന്നുപാധികള്‍ വേണ്ടിയിരുന്നു. അതിലൊന്ന് അന്യഭാഷകളുടെയും അന്യസാഹിത്യങ്ങളുടെയും സ്വതന്ത്രവിനിമയമാണ്. മറ്റൊന്ന് അന്യവിജ്ഞാനങ്ങളുടെ വിനിമയവും. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂറോപ്യന്‍ വിജ്ഞാനങ്ങള്‍ തന്നെ. യൂറോപ്യന്‍ വിജ്ഞാനങ്ങള്‍ എന്നുവെച്ചാല്‍ സര്‍വ്വലോകവിജ്ഞാനം എന്ന നാട്യത്തോടെ അന്യരുടെ മുന്നിലേക്കു ചെല്ലുന്ന പാശ്ചാത്യവിജ്ഞാനം. ഇവ രണ്ടും കേസരി ബാലകൃഷ്ണപിള്ളയുടെ കാലംതൊട്ടു തുടങ്ങിയതാണ്. 

വിവര്‍ത്തനത്തിലൂടെ ഭാഷാമിശ്രം സംഭവിക്കട്ടെ എന്നു കേസരി പ്രത്യാശിച്ചു. മൂലത്തിനും പരിഭാഷക്കും തമ്മില്‍ നീണ്ട കാലയളവ് ഉണ്ടായിരുന്നു. ഇന്ന് യന്ത്രതര്‍ജ്ജമയാല്‍ മൂലത്തിനും പരിഭാഷക്കും ഇടയിലെ കാലതാമസം ഇല്ലാതായിരിക്കുന്നു. എഴുത്തുകാര്‍ മാത്രം രഹസ്യമായി അന്യഭാഷകളും അന്യ ഭാഷാകൃതികളും പരിചയപ്പെട്ടിരുന്നതിന്റെ സ്ഥാനത്ത് വായനക്കാര്‍ക്കു കൂടി അവ തുറന്നുകൊടുക്കുക എന്ന കടമയാണ് കൃഷ്ണന്‍ നായര്‍ നിറവേറ്റിയത്. ഇന്ന് ഒരു പടികൂടി കടന്ന് എല്ലാം എല്ലാവര്‍ക്കും ലഭ്യം എന്നു വന്നിരിക്കുന്നു. ഒരേയൊരു തടസ്സം ബൗദ്ധികസ്വത്തവകാശം എന്ന ദുര്‍ഭൂതം ആണ്. പേര് ഗംഭീരമായ 'ബൗദ്ധിക സ്വത്തവകാശം' എന്നാണെങ്കിലും ഫലത്തില്‍ അത് വെറും പകര്‍പ്പുവാടക മാത്രമാണ്. പകര്‍ത്താന്‍ എളുപ്പമല്ലാത്ത ചരക്കുകളുടെ കാര്യത്തില്‍ മാത്രമേ അത് നിലനില്ക്കൂ. അച്ചടിയിലൂടെ പുസ്തകം പകര്‍ത്തുന്ന സാങ്കേതികവിദ്യ നിലനില്ക്കുന്ന കാലം വരെ പകര്‍പ്പുവരുമാനം നിലനില്ക്കും.

എം. കൃഷ്ണന്‍ നായര്‍

ബി.എ. ഓണേഴ്‌സ് ആദ്യത്തെ ക്ലാസ് കഴിഞ്ഞ് വിഷണ്ണനായി ക്ലാസിനുപുറത്തുനില്ക്കുന്ന കൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയെ താന്‍ തന്നെ വിവരിച്ചിട്ടുണ്ട്. അതുവഴി പോയ സീനിയര്‍ സരസ്വതിയമ്മ 'എന്താ അണ്ടി പോയ അണ്ണാനെപ്പോലെ നില്ക്കുന്നത്' എന്നു തിരക്കിയതും അദ്ദേഹം ഓര്‍മ്മിക്കുന്നു. മലയാളസാഹിത്യത്തോടു തോന്നിയ പ്രണയത്താല്‍ മലയാളം ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥി, 'കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്' എന്നുതുടങ്ങി രാമചരിതമരുഭൂമിയിലെ കള്ളിച്ചെടികള്‍ക്കിടയിലൂടെ നടക്കാനിടയായ സംഭവം ആരുടെയും കരളലിയിക്കും. അതുകഴിഞ്ഞായിരുന്നു സരസ്വതിയമ്മയുടെ കുശലം. പരിമിതികള്‍ കടന്നുകിട്ടിയാല്‍ പിന്നെ നേട്ടങ്ങളാണ്. പരമ്പരാഗതമായ രീതികളില്‍നിന്നു വ്യത്യസ്തമായി കൃതികളെ കാണാന്‍ വിദ്യാര്‍ത്ഥിക്കു കഴിയുന്നു. ഇതിനപ്പുറം ലോകങ്ങള്‍ വേറെയും ഉണ്ട് എന്ന് അറിയാവുന്നതിനാല്‍ തന്റെ മുന്നില്‍ വന്ന ലോകത്തെ വേറെ രീതിയില്‍ അയാള്‍ കാണുന്നു.

മറ്റു ഭാഷകളും മറ്റു ഭാഷാസാഹിത്യങ്ങളുമാണ് മലയാളസാഹിത്യത്തിന്റെ ആത്മപരിശോധനയിലേക്കു നയിച്ചതെങ്കില്‍ അതിന്റെ രേഖകള്‍ തുറന്നു കിടക്കുന്നത് സാഹിത്യവാരഫലത്തിലാണ്. അന്യഭാഷാകൃതികളുമായുള്ള സാദൃശ്യങ്ങള്‍, സ്വാധീനങ്ങള്‍, മോഷണങ്ങള്‍ ഇവയെല്ലാം ആത്മപരിശോധനയില്‍ വെളിപ്പെടുന്നു. ഞാനല്ലാതെ മറ്റൊരുവനും കാണില്ല എന്ന ഉറപ്പിന്മേലെയാണ് മറ്റെല്ലാ മോഷണങ്ങളെയും പോലെ സാഹിത്യമോഷണവും നടക്കുക. നല്ല ഒരു വസ്തു കണ്ടാല്‍ സ്വന്തമാക്കണം എന്ന് ഏവരും ആഗ്രഹിക്കും. നല്ല കഥ കണ്ടാല്‍ സ്വന്തമാക്കണം എന്ന് ആര്‍ക്കും തോന്നും. സ്വന്തമാക്കാനുള്ള ഒരു വഴി പകര്‍ത്തി സൂക്ഷിക്കലാണ്. അതുപോരാ, എന്റേതാണെന്ന് അന്യര്‍ അറിയുകയും വേണം എന്നുണ്ടെങ്കില്‍ അതേ കഥ എന്റേതാണ് എന്ന് പരസ്യപ്പെടുത്തണം. അത്രയേ സാഹിത്യമോഷ്ടാവും ചെയ്യുന്നുള്ളൂ. പക്ഷെ, കൃഷ്ണന്‍ നായരുടെ കണ്ണില്‍ പെട്ടാല്‍ കുഴഞ്ഞു, അനുകരണവിഷയമായ മൂലവസ്തു എന്ന നിലയില്‍ മാത്രമല്ല, സ്വന്തം സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാനുള്ള അളവുപാത്രമായും അന്യഭാഷാകൃതികളെ കൃഷ്ണന്‍ നായര്‍ ഉപയോഗിച്ചിട്ടുണ്ട്.  

പരമ്പരാഗത സംസ്‌കൃതവിജ്ഞാനത്തിലേക്ക് നന്നേ ചെറിയ ഒരു കഷണം പാശ്ചാത്യവിജ്ഞാനം കടന്നുചെന്നാല്‍ പോലും ആഴത്തിലേക്കു പോകുന്ന ഉള്‍ക്കാഴ്ചകള്‍ കൈവരുമെന്നതിനു തെളിവാണ് കുട്ടികൃഷ്ണമാരാരുടെ മേഘസന്ദേശനിരൂപണം. അതേ മാരാര് വിശ്രുതമായ പല പാശ്ചാത്യരചനകളെയും നിസ്സാരമെന്ന് വിധിച്ചതിനെ മുന്‍നിര്‍ത്തി കൃഷ്ണന്‍ നായര്‍ മാരാരുടെ ആസ്വാദനശേഷി പരിമിതമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മാരാരുടെ കാളിദാസവിവര്‍ത്തനങ്ങള്‍ വെച്ച് മാരാര്‍ക്ക് സംസ്‌കൃതജ്ഞാനം കമ്മിയാണെന്ന് കൃഷ്ണന്‍ നായര്‍ എഴുതിയതിനോട് ആരും യോജിക്കുകയില്ല. ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ ഇത് മറ്റാരോ മാരാരെപ്പറ്റി പറഞ്ഞ ഒരഭിപ്രായം കൃഷ്ണന്‍ നായര്‍ പരീക്ഷണാര്‍ത്ഥം പുറത്തുവിട്ടതാണോ എന്ന് തോന്നിയേക്കാം. മഹാപണ്ഡിതനെന്ന് കേരളത്തില്‍ പ്രസിദ്ധനായ മറ്റൊരാളെപ്പറ്റി കെ.എന്‍. ഗോപാലപിള്ള പറഞ്ഞ കാര്യം കൃഷ്ണന്‍ നായര്‍ എടുത്തുപറയുന്നു. ഗോപാല പിള്ള സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കാലം ഒരു സ്‌കൂളില്‍ പരിശോധനക്കു ചെന്നു. ക്ലാസില്‍ സംസ്‌കൃതം അദ്ധ്യാപകന്‍ ആദ്യം പറഞ്ഞ മഹാപണ്ഡിതനാണ്. അദ്ധ്യാപകനോട് ഇന്‍സ്‌പെക്ടര്‍ ഒരു മലയാളം വാചകം കൊടുത്തിട്ട് അത് സംസ്‌കൃതത്തിലാക്കാന്‍ ആവശ്യപ്പെട്ടു. പണ്ഡിതന്‍ എഴുതിയ സംസ്‌കൃതവാക്യം തെറ്റായിരുന്നു!

കുട്ടികൃഷ്ണമാരാര്‍

 വിദേശനാമങ്ങളുടെ ഉച്ചാരണം കഴിയുന്നതും മൂലഭാഷയിലേതുപോലെ വേണം എന്ന നിര്‍ബന്ധം കൃഷ്ണന്‍ നായര്‍ക്ക് ഉണ്ടായിരുന്നു. മാതൃഭാഷയില്‍ എന്നതു പോലെ ഉച്ചരിക്കാന്‍ അന്യഭാഷക്കാര്‍ക്ക് ഒരിക്കലും കഴിയില്ല. എഴുതിക്കാട്ടാനും പ്രയാസമാണ്. എന്നാല്‍ കഴിയുന്നതും അതേ മട്ടില്‍ എഴുതുകയും പറയുകയും വേണം എന്ന് കൃഷ്ണന്‍ നായര്‍ വിചാരിച്ചു. പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ യുങ് (Jung) തിരുവനന്തപുരത്ത് പ്രസംഗിക്കാന്‍ എത്തിയ സംഭവം അദ്ദേഹം ഓര്‍മ്മിക്കുന്നു. ഒരാള്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം യുങ്ങിനെ 'ജങ്, ജങ്' എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞ് യുങ് എഴുന്നേറ്റു നിന്ന് തന്റെ പേര് യുങ് എന്നാണെന്ന് തിരുത്തിയെന്ന് കൃഷ്ണന്‍ നായര്‍ എഴുതുന്നു. ഇങ്ങനെ ആരെയെങ്കിലും നാമോച്ചാരണകാര്യത്തില്‍ താന്‍ തിരുത്തിയെങ്കില്‍ അയാള്‍ക്ക് കൃഷ്ണന്‍ നായരോട് തോന്നുന്ന കോപം അതിഭയങ്കരമായിരിക്കും എന്ന് എടുത്തു പറയേണ്ടല്ലോ. അത്തരക്കാര്‍ സംഘടിച്ച് കൃഷ്ണന്‍ നായരുടെ ഉച്ചാരണനിര്‍ബന്ധത്തെ പരിഹസിക്കുന്നതും കേട്ടിട്ടുണ്ട്. ഒരു ബിഷപ്പിന്റെ മെഴുകുതിരിക്കോലുകള്‍ കട്ട കള്ളന്റെ പേര് പലേടത്തും ജീന്‍ വാല്‍ ജീന്‍ എന്നും ഒരു തടിച്ച പുസ്തകത്തില്‍ മാത്രം ഴാങ് വാല്‍ ഴാങ് എന്നും എഴുതിക്കണ്ടതിലെ അത്ഭുതം ഇന്നും ഓര്‍മ്മിക്കുന്നു. നാലപ്പാടന്റെ പാവങ്ങള്‍ തര്‍ജ്ജമയിലാവണം പേരുകള്‍ കഴിയുന്നതും അതാതു ഭാഷകളിലേതുപോലെ എഴുതണം എന്ന നിര്‍ബന്ധം തുടങ്ങിയത്. പറഞ്ഞു ശീലിച്ച വാക്കുകള്‍ കൃഷ്ണന്‍ നായര്‍ തിരുത്തി എന്നതുകൊണ്ടു മാത്രം മാറ്റിപ്പറയാന്‍ പ്രയാസവുമാണ്.

വിമര്‍ശിക്കുന്നവരുടെ പേരു പറയാന്‍ മടിയുള്ള ആളല്ല കൃഷ്ണന്‍ നായര്‍. എന്നാല്‍ പലപ്പോഴും തന്റെ തിരുത്തുകള്‍ തെറ്റു വരുത്തിയ ആളുടെ പേരു പറയാതെയാവും. പേരു കൂടി പറഞ്ഞ് പുതിയ ഒരു ശത്രുവിനെക്കൂടി ഉണ്ടാക്കേണ്ട എന്ന് താന്‍ വിചാരിച്ചു കാണും. തെറ്റു തിരുത്തിത്തിരുത്തി അവസാനം തെറ്റില്ലാതിടത്ത് തെറ്റു കണ്ടെത്തിയ സംഭവങ്ങളും കുറവല്ല. തത്ത്വമസി, അഹം ബ്രഹ്‌മാസ്മി തുടങ്ങിയ വാക്യങ്ങളെ മഹാവാക്യം എന്നു പറയും. എന്നു വെച്ച് അവയെ മാത്രമേ മഹാവാക്യം എന്നു പറഞ്ഞുകൂടൂ എന്നില്ല. മറ്റ് അര്‍ത്ഥങ്ങളിലും അതുപയോഗിക്കാം. ഒരിക്കല്‍ കൃഷ്ണന്‍ നായര്‍ മറിച്ച് ശഠിച്ചിട്ടുണ്ട്. മലയാളവ്യാകരണത്തില്‍ വേറൊരു മഹാവാക്യം ഉള്ള കാര്യം അദ്ദേഹം മറന്നതാവും. പരിചയക്കാരാകുമ്പേള്‍ നേരിട്ടു വിളിച്ചു പറഞ്ഞ് തിരുത്തുന്നതാണ് പത്രത്തില്‍ പരസ്യമായി തിരുത്തുന്നതിനെക്കാള്‍ നല്ലത്. അയ്യപ്പപ്പണിക്കര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'അന്തര്‍സന്നിവേശം' എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ലക്കത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി പണിക്കരുടെ പേരു പറയാതെ, 'അന്തര്‍സന്നിവേശ'മല്ല, 'അന്തഃസന്നിവേശ'മാണ് ശരി എന്ന് തിരുത്തിയതോര്‍ക്കുന്നു. തൊട്ടടുത്ത അവസരം പണിക്കര്‍ ആ തിരുത്ത് നിശ്ശബ്ദം സ്വീകരിക്കുകയും ചെയ്തു. 

വായനക്കാരുടെ ഒരു വലിയ സമൂഹം സാഹിത്യവാരഫലത്തിന് ഉണ്ടായിരുന്നു എങ്കിലും തീരെ കുറയാത്ത മറ്റൊരു സംഘം എതിരാളികളായും അതിനു നേരെ ചീറിയടുക്കാനുണ്ടായിരുന്നു. ശത്രുക്കളില്ലാത്ത സാഹിത്യകാരന് ഒരിക്കലും ഒരു പരിധിക്കപ്പുറം പ്രശസ്തനാവാന്‍ പറ്റില്ല എന്നു കൃഷ്ണന്‍ നായര്‍ പറയുമായിരുന്നു. അത് തന്റെ കാര്യത്തിലും പൂര്‍ണമായും ഫലിച്ചിരിക്കുന്നു. ഒരു സെലിബ്രിറ്റിക്കെതിരെ തോന്നുന്ന എതിരഭിപ്രായങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഇന്ന് ഒറ്റ വാക്യത്തില്‍ പരസ്യപ്പെടുത്താം. എന്നാല്‍ കൃഷ്ണന്‍ നായര്‍ എഴുതുന്ന കാലത്ത് അതു സാധിക്കുമായിരുന്നില്ല. ഉറക്കെ വിളിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് പലപ്പോഴും സാഹിത്യവാരഫലത്തില്‍ വന്നു കൊണ്ടിരുന്നത് എന്ന് എനിക്കെന്ന പോലെ വേറെ പലര്‍ക്കും തോന്നിയിരിക്കണം. അദ്ദേഹം എഴുതുന്നത് ഞങ്ങള്‍ക്കുള്ള അതേ അഭിപ്രായങ്ങളാണ് എന്ന് വായനക്കാര്‍ക്കു തോന്നി. ഞങ്ങളുടെ അഭിപ്രാ യങ്ങള്‍ കൃഷ്ണന്‍ നായര്‍ എഴുതുകയാണ് എന്ന മട്ടില്‍ അവര്‍ വാരഫലത്തെ കണ്ടു.

തന്റേതായ ചില ദൗര്‍ബല്യങ്ങള്‍ കൃഷ്ണന്‍ നായര്‍ക്കും ഉണ്ടായിരുന്നു. എത്ര വലിയ ആള്‍ക്കും വരാവുന്ന ചില തെറ്റുകള്‍, അല്ലെങ്കില്‍ ആര്‍ക്കും ഒഴിവാക്കാനാവാത്ത ചില പക്ഷപാതങ്ങള്‍. വ്യക്തിയെന്ന നിലയില്‍ മുമ്പേ പരിചയമായ എഴുത്തുകാരോട് തോന്നുന്ന മാര്‍ദ്ദവമാണ് അതിലൊന്ന്. എഴുത്തില്‍ വലിയ മെച്ചമൊന്നും ഇല്ലെങ്കിലും അടുപ്പക്കാരോട് കടുപ്പം കാട്ടാന്‍ പ്രയാസമാണ്. ഇതിനെതിരാണ് അടുപ്പം ഒട്ടുമില്ലാത്തവരോട് കാണിക്കുന്ന കാര്‍ക്കശ്യം. മുന്‍തലമുറയിലെ നിരൂപകനായ വക്കം എം. അബ്ദുല്‍ഖാദര്‍ കുട്ടികൃഷ്ണമാരാരെപ്പറ്റി, താന്‍ കഠിനമായി വിമര്‍ശിച്ച ഒരു എഴുത്തുകാരനെ മാരാര് നേരില്‍ കണ്ടപ്പോള്‍ സൗമ്യതയോടെ അയാളോട് 'തമ്മില്‍ പരിചയമുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി ഒതുക്കി മയപ്പെടുത്തി എഴുതിയേനെ' എന്നു പറഞ്ഞതായി എഴുതുന്നു(അബ്ദുല്‍ഖാദര്‍, ചിത്രദര്‍ശിനി 1946: 64). ഇത് മാരാരെന്നല്ല മറ്റേതൊരാള്‍ക്കും ബാധകമാണ്. നേരില്‍ പരിചയമില്ലാത്ത എഴുത്തുകാരെപ്പറ്റിയാവുമ്പോള്‍ വിമര്‍ശനം കര്‍ക്കശമാകും. കൃഷ്ണന്‍ നായര്‍ പുതിയ, ആദ്യമായി രംഗത്തുവരുന്ന എഴുത്തുകാരോടു കാര്‍ക്കശ്യം കാട്ടുമായിരുന്നു. അദ്ദേഹം വിമര്‍ശിച്ച പല നവാഗതരും എന്തുകൊണ്ടോ പിന്നീട് എഴുത്തു തന്നെ ഉപേക്ഷിച്ചതായി തോന്നിയിട്ടുണ്ട്. അദ്ദേഹം പ്രശംസിച്ച നവാഗതര്‍ പലപ്പോഴും പ്രശസ്തിയിലേക്ക് ഉയരാതെ പോയിട്ടുമുണ്ട്. 

സാഹിത്യവാരഫലത്തിന്റെ തുടക്കത്തില്‍ നീണ്ട രണ്ടോ മൂന്നോ ഖണ്ഡികകള്‍ അടങ്ങുന്ന ഭാഗങ്ങള്‍ ആയിരുന്നു ഒരോ ലക്കത്തിലും എന്നാണ് ഓര്‍മ്മ. പിന്നീട് കൊച്ചുഖണ്ഡികകള്‍ അടങ്ങുന്ന കഷണങ്ങള്‍ സൂത്രപ്രായത്തില്‍ വന്നു തുടങ്ങി. തനിക്കു ചുറ്റും ജീവിക്കുന്ന സാധാരണക്കാരുടെയും പ്രശസ്തരുടെയും വൈചിത്ര്യങ്ങളായിരുന്നു മിക്കവയുടെയും വിഷയം. അവയെപ്പറ്റി വായനക്കാര്‍ മുമ്പേ ആലോചിച്ചുകാണില്ല എങ്കിലും വായിക്കുമ്പോള്‍ ഇതു തന്നെയാണല്ലോ ഞാനും ചിന്തിച്ചത് എന്ന് ഓരോരുത്തര്‍ക്കും തോന്നും. പ്രശസ്തരുടെ ചെറിയ കള്ളത്തരങ്ങളും ചെറിയ പാപങ്ങളും അവരുടെ പേരുകള്‍ പറഞ്ഞും പറയാതെയും ഈ പംക്തിയില്‍ വന്നു കൊണ്ടിരുന്നു. അദ്ദേഹം എഴുതിയതില്‍ ഹൃദയഭേദകമായ ഒരു വസ്തുത, ഒരിക്കലും അദ്ധ്യാപകന്‍ ആയിരുന്നിട്ടില്ലാത്ത ഉള്ളൂര്‍, മലയാളം ബി.എ. ഓണേഴ്‌സ് പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയി വന്നപ്പോള്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന വിദ്യാര്‍ത്ഥിക്കു മാത്രം മൂന്നാം ക്ലാസു കൊടുത്തു ജയിപ്പിച്ചതാണ്. ചങ്ങമ്പുഴ പരീക്ഷ ജയിച്ചു എന്ന അര്‍ത്ഥത്തില്‍ ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ എഴുതിയത് 'ഉത്തീര്‍ണ്ണനായി' എന്നായിരുന്നു. 'ഉത്തീര്‍ണ്ണനായി' എന്ന് കടുസംസ്‌കൃതത്തില്‍ പറഞ്ഞാല്‍ അതിന് 'കടന്നുകൂടി' എന്ന് അര്‍ത്ഥം. മൂന്നാം ക്ലാസില്‍ ഓണേഴ്‌സ് ജയിച്ചവനെപ്പറ്റി 'കടന്നുകൂടി' എന്നു തന്നെയാണല്ലോ പറയേണ്ടതും. അക്കാലത്ത് ലക്ചറര്‍ ജോലിക്ക് എം.എയ്ക്കു തുല്യമായ ബി.എ. ഓണേഴ്‌സ് രണ്ടാം ക്ലാസെങ്കിലും നിര്‍ബന്ധമായിരുന്നു. സാഹിത്യ വാരഫലം മുമ്പ് വായിച്ചതിന്റെ ഓര്‍മ്മയില്‍ പറയുന്നതാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കണം. പില്ക്കാലത്ത് ഉള്ളൂര്‍ 'ചങ്ങമ്പുഴയുടെ രമണന്‍, സങ്കല്പകാന്തി, ഓണപ്പൂക്കള്‍, സ്പന്ദിക്കുന്ന അസ്ഥിമാടം, ദേവഗീത തുടങ്ങിയ ചില കാവ്യങ്ങള്‍ വിശ്വോത്തരങ്ങളാണ്' എന്ന് പ്രശംസിച്ചിട്ടുണ്ട്. ഇതില്‍ ദേവഗീതയെപ്പറ്റി മാരാര്, സംസ്‌കൃതമറിയാതെ ഗീതഗോവിന്ദം മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തു എന്ന് പരിഹസിച്ചതോര്‍ക്കുന്നു (കൈവിളക്ക് 29). ഗീതഗോവിന്ദത്തിന്റെ വിവര്‍ത്തനമായ ദേവഗീത എങ്ങനെ ഉള്ളൂര്‍ പറഞ്ഞ വിശ്വോത്തരകാവ്യമാകും? ഇനി അതും മൂലത്തെ അതിശയിക്കുന്ന വിവര്‍ത്തനമായോ? ഒന്നിനും തുമ്പോ വാലോ കിട്ടുന്നില്ല. 

സ്ത്രീപുരുഷസമ്പര്‍ക്കങ്ങളുടെ മിന്നലാട്ടങ്ങള്‍ പലപ്പോഴും സാഹിത്യവാരഫലം പംക്തിയില്‍ കടന്നുവന്നു. ദശകങ്ങള്‍ക്കു ശേഷം അവയെപ്പറ്റി ആലോചിക്കുമ്പോള്‍ മനുഷ്യരെ പരിഹാസപാത്രങ്ങളാക്കാന്‍ ഉദ്ദേശിച്ച് കരുതിക്കൂട്ടി ദൈവം മനുഷ്യരില്‍ നിക്ഷേപിച്ച വൈകൃതമാണ് ലൈംഗികത എന്നും പ്രജനനത്തിനു കൂറേക്കൂടി ലളിതമായ മറ്റൊരു രീതി അവന് സങ്കല്പമാത്രത്തില്‍ കല്പിക്കാമായിരുന്നു എന്നും തോന്നിപ്പോകും. ഈ ലിംഗവ്യത്യാസങ്ങളും മറ്റും ദൈവത്തിന്റെ അല്ലെങ്കില്‍ പ്രകൃതിയുടെ അനാവശ്യമായ ആര്‍ഭാടങ്ങള്‍ എന്നു വേണം വിചാരിക്കാന്‍. ആത്മാവിനെ ശരീര ത്തില്‍ കുടുക്കിയിടുന്നതിനു പകരം ആത്മാവുകൊണ്ടുതന്നെ ശരീരത്തെയും നിര്‍മ്മിച്ചിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ലോകത്തില്‍ ആത്മാക്കള്‍ മാത്രമായിരുന്നു എങ്കില്‍ എത്ര നന്നാവുമായിരുന്നു!

ആരെയും മുഷിപ്പിക്കേണ്ട എന്നു വ്രതമെടുത്തിരിക്കുകയാണ് ഇന്നത്തെ വിമര്‍ശകര്‍. എല്ലാവരും സാഹിത്യകാരന്മാരെപ്പറ്റി നല്ലതുമാത്രം പറയുന്നു. ശ്രദ്ധിച്ചു നോക്കിയാല്‍ ഏതു കൃതിയിലും നല്ലതു പറയാന്‍ എന്തെങ്കിലുമൊന്ന് കാണാന്‍ കഴിയുമെന്ന് അവതാരികകള്‍ എഴുതിക്കൊടുക്കുന്നവര്‍ക്ക് അറിയാം. അതുപോലെ വിമര്‍ശനം എഴുതുന്നവര്‍ക്കും നല്ലതു പറയാന്‍ എന്തെങ്കിലുമൊന്ന് ഏതു പുസ്തകത്തിലും കണ്ടെത്താന്‍ കഴിയും. അതുകൊണ്ട് കൃതികളെ പ്രശംസിക്കുക മാത്രം ചെയ്യുന്ന വിമര്‍ശകരെ കുറ്റം പറയാനാവില്ല. ഈ ചുറ്റുപാടില്‍ കൃഷ്ണന്‍ നായരുടെ വിമര്‍ശനം വായിക്കുന്നത് ഭീതിജനകമായിരിക്കും. എഴുത്തുകാരെ വിമര്‍ശിച്ചു കൊണ്ടേയിരുന്ന മാരാരെക്കുറിച്ചും പിന്നെ കൃഷ്ണന്‍ നായരെക്കുറിച്ചും ഓര്‍മ്മിക്കുമ്പോള്‍ സ്വന്തം ആസ്ഥാനകവാടത്തില്‍ വാളും പരിചയുമായി നിന്ന് ആളുകളെ അരിഞ്ഞു തള്ളുന്ന ഭയങ്കരരാണവര്‍ എന്നേ തോന്നൂ. എഴുത്തില്‍ തോന്നിക്കുന്നതിനു വിരുദ്ധമായി, മാരാര് സാത്വികനും സൗമ്യനുമായിരുന്നു. അതുപോലെ കൃഷ്ണന്‍ നായരും സൗമ്യനും വിനയവാനുമായിരുന്നു. തങ്ങളുടെ സത്യസന്ധതയുടെ മറ്റൊരു മുഖമായിരുന്നു അവരുടെ രൗദ്രഭാവം. സാഹിത്യവാരഫലം അതിന്നും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. 

Content Highlights: V.C Sreejan, M.Krishnan Nair, Sahithyavaraphalam, Mathrubhumi Books