ആ ഇരുപത്തിയഞ്ചുകാരിയെ പൊതുനിരത്തിൽ പൂർണ നഗ്നയാക്കി നടത്തിച്ചു, അവൾക്കുവേണ്ടി സമരം നയിച്ചത് മണി

കെ. വേണു തന്റെ ജീവിതപങ്കാളി മണിയെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഓര്‍മക്കുറിപ്പ് വായിക്കുകയായിരുന്നു. മണിയെക്കുറിച്ച് പറയാന്‍ വേണുവിന് വാക്കുകള്‍ മതിയാവാതെ പോയതായി തോന്നി. ആ വിയോഗം അത്രയധികം വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാണ്. അതിശക്തയായ ഒരു വിപ്ലവകാരി തന്നെയായിരുന്നു അവര്‍. സ്ത്രീകള്‍ നേരിട്ട പല പ്രശ്‌നങ്ങളിലും ഞാന്‍ മണിക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി ഒരു സ്വതന്ത്ര വിമോചന സംഘടന എന്ന ആശയം മാനുഷിയുടെ പിറവിക്ക് കാരണമായപ്പോള്‍ ആരംഭകാലത്ത് മണിയുടെയും കെ. വേണുവിന്റെ വിപ്ലവസംഘടനയുടെ വനിതാവിഭാഗത്തിന്റെയും സഹകരണം ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മുന്‍പിന്‍ നോക്കാതെ, വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ മണി പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നത് കണ്ടുനില്‍ക്കുന്ന ഏതൊരു സ്ത്രീക്കും ഊര്‍ജം പകരുന്ന ഒന്നായിരുന്നു. ഒരുപാട് സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍, സാമൂഹിക പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. കെ. വേണു ഓര്‍മക്കുറിപ്പില്‍ പരാമര്‍ശിച്ച ബാലാമണിയെക്കുറിച്ച് പറയട്ടെ.
എണ്‍പതുകളുടെ ഒടുവിലാണ് പട്ടാമ്പി കോളേജിലേക്ക് ബാലാമണി എന്ന യുവതിയുടെ ഒരു കത്ത് എനിക്ക് വരുന്നത്. പോലീസ് പറഞ്ഞതുപ്രകാരമാണ് കത്തയക്കുന്നതെന്ന് അതില്‍ എഴുതിയിരുന്നു. സ്വന്തം സമുദായക്കാരാല്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് അവശനിലയില്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കേയാണ് ബാലാമണി എഴതുന്നത്. വഴിത്തര്‍ക്കം എന്ന പേരില്‍ നിസ്സാരവത്ക്കരിച്ച ആ കേസ് വെറുമൊരു വഴിത്തര്‍ക്കമായിരുന്നില്ല. ബാലാമണിയുടെ വീട്ടില്‍ ചെറിയൊരു അമ്പലമുണ്ടായിരുന്നു. അത് ചെട്ട്യാര്‍ സമുദായക്കാര്‍ക്ക് വിട്ടുകൊടുക്കണം എന്ന ആവശ്യത്തോടെയാണ് ബാലാമണിയുടെ പ്രശ്‌നം ആരംഭിക്കുന്നത്. ബാലാമണി അമ്പലം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് വഴിത്തര്‍ക്കത്തിലേക്കും പ്രശ്‌നം നീളുന്നത്. അതിക്രൂരമായാണ് ചെട്ട്യാര്‍ സമുദായത്തിലെ ആളുകള്‍ അതേ സമുദായത്തില്‍ത്തന്നെയുള്ള ബാലാമണിയോട് അന്ന് പെരുമാറിയത്. ചെട്ട്യാര്‍ സമുദായക്കാരിയായ ബാലാമണിയോട് കുലത്തൊഴില്‍ ചെയ്ത് ജീവിക്കാനായിരുന്നു സമുദായത്തിലെ മുതിര്‍ന്ന പുരുഷന്മാര്‍ നിര്‍ദ്ദേശിച്ചത്. ബാലാമണിക്ക് അത് ഇഷ്ടമില്ലായിരുന്നു. അവള്‍ക്ക് കൂടുതല്‍ പഠിക്കാനും പുറത്തുപോയി തൊഴില്‍ ചെയ്യാനും വലിയ ഇഷ്ടമായിരുന്നു. അവളുടെ ഉള്ളില്‍ ഒരു വിപ്ലവകാരി ഉണ്ടായിരുന്നു. ബാലാമണിയുടെ എതിര്‍പ്പുകളെ വിവസ്ത്രയാക്കിക്കൊണ്ട് തോല്‍പ്പിക്കാന്‍ തീരുമാനിച്ച സമുദായക്കാര്‍ അന്നുച്ചയ്ക്ക് സ്‌കൂള്‍ വിടുന്ന നേരത്ത് എല്ലാ സ്ത്രീകളോടും അകത്തുകയറി കതകടയ്ക്കാന്‍ കല്‍പിച്ചശേഷം ബാലാമണിയെ തെരുവിലേക്ക് വലിച്ചിഴച്ച് പൂര്‍ണ നഗ്നനയാക്കി നടത്തിച്ചു. സ്‌കൂള്‍വിട്ട നേരമായതുകൊണ്ട് കുട്ടികളൊക്കെ വരുന്നുണ്ടായിരുന്നു. അവളെ പഠിപ്പിച്ച അധ്യാപകന്‍ ഈ സംഭവം കണ്ടുകൊണ്ടായിരുന്നു വന്നത്. അദ്ദേഹം തന്റെ തോള്‍മുണ്ട് എടുത്ത് അവളുടെ ദേഹത്തേക്കിട്ടുകൊടുത്തു എന്നാണ് ബാലാമണി എന്നോട് പറഞ്ഞത്.
Content Highlights: sarah joseph remembering the left rebel woman mani wife of k venu