'എടോ, നിയ്യ് വല്യ ആളായിട്ടോ...'; ആദ്യ പുസ്തകം എം.ടി പ്രകാശനം ചെയ്തപ്പോള്‍ അമ്മ പറഞ്ഞു

രവി മേനോന്റെ അമ്മ, രവി മേനോൻ എഴുതിയ പൂർണേന്ദുമുഖി എന്ന പുസ്തകത്തിന്റെ കവർ
രവി മേനോന്റെ അമ്മ, രവി മേനോൻ എഴുതിയ പൂർണേന്ദുമുഖി എന്ന പുസ്തകത്തിന്റെ കവർ

പെലെയെ അറിയില്ല അമ്മയ്ക്ക്. ഫ്രാന്‍സ് ബെക്കന്‍ബോവര്‍-യൊഹാന്‍ ക്രൈഫ്-ഗെര്‍ഡ് മുള്ളറാദികളെ കുറിച്ച് കേട്ടിട്ട് പോലുമില്ല. മിഡ് ഫീല്‍ഡറും സ്ട്രൈക്കറും സ്വീപ്പര്‍ ബാക്കും ഗോള്‍ക്കീപ്പറുമെല്ലാം അമ്മക്ക് ഒരുപോലെ; തീര്‍ത്തും അപരിചിതര്‍, അന്യഗ്രഹജീവികള്‍.

എങ്കിലും മകന്റെ കളിയെഴുത്തുകളില്‍ നിന്ന് ഈ മാതിരി വിചിത്ര ജീവികള്‍ ഇടയ്ക്കിടെ തലപൊന്തിക്കുമ്പോള്‍ അവരെ നോക്കി സ്‌നേഹത്തോടെ ചിരിക്കും അമ്മ. മകന്റെ പ്രിയതാരങ്ങളെ അമ്മയ്ക്കും ഇഷ്ടപ്പെടാതിരിക്കാന്‍ വയ്യല്ലോ. ഒരക്ഷരം പിടികിട്ടിയില്ലെങ്കിലും ആ ലേഖനങ്ങളൊക്കെ രണ്ടും മൂന്നും തവണ മനസ്സിരുത്തി വായിക്കും അമ്മ. അവയിലെ ചില വിചിത്ര പദപ്രയോഗങ്ങള്‍, ജാര്‍ഗണുകള്‍, ബുദ്ധിമുട്ടി ഓര്‍മ്മയില്‍ കുറിച്ചിടും; എഴുതിയത് വായിച്ചു എന്നതിന്റെ തെളിവായി.

വെള്ളിയാഴ്ച തോറും വൈകീട്ട് കോളേജ് ഹോസ്റ്റലില്‍ നിന്ന് ക്ഷീണിതനായി വീട്ടില്‍ വന്നു കയറുമ്പോള്‍ ചുമരില്‍ ചാരി കാല്‍ നീട്ടിവെച്ച് ഉമ്മറത്ത് അക്ഷമയായി കാത്തിരിക്കുന്നുണ്ടാകും അമ്മ. ചുമലിലെ എയര്‍ബാഗ് താഴെ വെച്ച് അടുത്തു ചെന്നിരുന്നാല്‍ അമ്മ പറയും: 'എടോ നെന്റെ ആര്‍ട്ടിക്കിള് വായിച്ചൂട്ടോ. അസ്സലായിരിക്കുണു.'

പതിവ് ഏര്‍പ്പാടാണ്. എന്നാലും ചിലപ്പോള്‍ ചോദിക്കും, വെറുതെ തമാശയ്ക്ക്: 'ന്നാ പറയൂ ആരെപ്പറ്റിയാ ഇപ്രാവശ്യം എഴുതീക്കണത്?

ചോദ്യം പ്രതീക്ഷിച്ചിട്ടെന്നപോലെ ചിരിക്കും അമ്മ. വാപൊത്തിക്കൊണ്ടുള്ള നിശ്ശബ്ദമായ ചിരി. 'പോടാ ചെക്കാ. ആ ഗുസ്തിക്കാരന്‍ ല്യേ. എന്താ അയാള്‍ടെ പേര്? ആലിയോ അവറാനോ? ന്തായാലും നന്നായിട്ടുണ്ട്. ഇടിച്ചു ചമ്മന്ത്യാക്കിന്നൊക്കെ എഴുതീട്ടില്ലേ നിയ്യ്. വായിച്ചു നന്നായി ചിറിച്ചു.'

ബോക്‌സിങ് വീരന്‍ സാക്ഷാല്‍ മുഹമ്മദലിയെ കുറിച്ചായിരിക്കും ലേഖനം. കണ്ണൂരില്‍ നിന്നിറങ്ങിയിരുന്ന 'ഫുട്‌ബോള്‍ ഫ്രണ്ട്' മാസികയില്‍ പതിവായി എഴുതിയിരുന്നു അന്ന്. എല്ലാ മാസവും കൃത്യമായി മാസിക ബുക്ക് പോസ്റ്റായി അയച്ചുതരും പത്രാധിപര്‍ കരുണേട്ടന്‍ എന്ന എന്‍.ടി. കരുണന്‍. ഞാന്‍ ഹോസ്റ്റലിലായതിനാല്‍ ആദ്യ വായനക്കാരി അമ്മ തന്നെ. ഡെന്നിസ് ലില്ലിയുടെ ബൗളിങ് ആക്ഷന്‍, മഗന്‍ സിംഗിന്റെ ഹെഡ്ഡര്‍, പോളോ റോസിയുടെ ഡ്രിബ്ലിങ്, ജിമ്മി ജോര്‍ജ്ജിന്റെ സ്മാഷ്, സെര്‍ഗി ബുബ്കയുടെ പോള്‍വോള്‍ട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ചാണ് അന്നൊക്കെ എഴുതുക. ഒന്നും പിടികിട്ടിയില്ലെങ്കിലും ചില മാസങ്ങളില്‍ മകന്റെ ലേഖനം അച്ചടിച്ചു കാണാതെ വന്നാല്‍ സങ്കടമാകും അമ്മയ്ക്ക്. 'ആ വിധേയനോട് നിയ്യ് പറയണം ആര്‍ട്ടിക്കിള്‍ മൊടക്കരുത് ന്ന്. ആള്‍ക്കാര്‍ക്ക് വായിക്കണ്ടേ?'

അമ്മയുടെ 'വിധേയന്‍' മറ്റാരുമല്ല. പത്രാധിപര്‍ എന്‍.ടി. കരുണാകരന്‍. എനിക്കയക്കുന്ന പോസ്റ്റ് കാര്‍ഡുകളില്‍ 'എന്ന് താങ്കളുടെ വിധേയന്‍' എന്നെഴുതിയാണ് കരുണേട്ടന്‍ ഒപ്പിടുക. 'എന്നെങ്കിലും നിന്റെ വിധേയനെ കാണണം. പാവം അല്ലേ?' -ഇടയ്ക്ക് അമ്മ പറയും. പക്ഷേ ആ കൂടിക്കാഴ്ച ഒരിക്കലും നടന്നില്ല. അമ്മ പോകുന്നതിന് മുന്‍പേ 'വിധേയന്‍' യാത്രയായി.

എത്ര ആലോചിച്ചിട്ടും അമ്മയ്ക്ക് പിടികിട്ടാത്ത ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ: വിയര്‍പ്പിന്റെ സൂക്കേട് കുറച്ചധികം ഉണ്ടായിരുന്ന, രാവും പകലും പുസ്തകത്തില്‍ തലപൂഴ്ത്തിയിരിക്കുന്ന, ഡ്രില്‍ പീരിയഡില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാതെ മരച്ചോട്ടില്‍ പോയിരിക്കുന്ന ഈ ആനമടിയന്‍ ഇതെങ്ങനെ കളിക്കളത്തിലെ ചൂടിനേയും പുകയേയും കുറിച്ച് തലങ്ങും വിലങ്ങും എഴുതിക്കൂട്ടുന്നു? എനിക്കും പിടികിട്ടാത്ത സംഭവം.

രവി മേനോന്റെ പുസ്തകം ‘പൂർണേന്ദു മുഖി’ ഓൺലൈനായി വാങ്ങാം

കാലാന്തരത്തില്‍ കളിക്കളം വിട്ട് മകന്‍ പാട്ടിനെ കുറിച്ച് എഴുതിത്തുടങ്ങിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചിരിക്കുക അമ്മ തന്നെ. കാരണം ലളിതം: എഴുതുന്നത് വായിച്ചാല്‍ മനസ്സിലാകും. സംഗീതഭ്രമം കലശലായിരുന്നതിനാല്‍ പാട്ടുകളേയും പാട്ടുകാരെയും കുറിച്ചുള്ള എഴുത്ത് ഒരിക്കലും മടുപ്പിക്കില്ല അമ്മയെ. യേശുദാസ് എന്ന 'യേശൂട്ടി'യും 'ജയേന്ദ്ര'നും ലേഖനങ്ങളില്‍ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കില്‍ സംഗതി കുശാല്‍. ഹിന്ദി പാട്ടുകളോട് അത്ര വലിയ അടുപ്പമില്ലെങ്കിലും ദേവാനന്ദ്, ദിലീപ് കുമാര്‍, രാജ് കപൂര്‍, കല്‍പ്പന കാര്‍ത്തിക്, വൈജയന്തിമാല, വഹീദ റഹ്‌മാന്‍, ജോണി വാക്കര്‍, നിരൂപ റോയ് തുടങ്ങിയ താരങ്ങളെ അറിയാം. ഫിലിം ഫെയറില്‍ വന്നിരുന്ന അവരുടെ വലിയ വര്‍ണ്ണചിത്രങ്ങള്‍ ബ്രൗണ്‍ പേപ്പര്‍ തുന്നിക്കൂട്ടിയുണ്ടായ ഒരു ബുക്കില്‍ ഒട്ടിച്ചു സൂക്ഷിച്ചിരുന്നു അമ്മ. ആദ്യ പുസ്തകമായ 'സോജാ രാജകുമാരി'യെ അമ്മ ഇഷ്ടപ്പെട്ടത് ഇഷ്ടതാരങ്ങളൊക്കെ അതില്‍ കടന്നുവന്നിരുന്നു എന്നതുകൊണ്ട് തന്നെ.

പാട്ടുകാരോടായിരുന്നു എന്നും അമ്മയ്ക്ക് ആരാധന. ഇഷ്ടഗായകരായ യേശുദാസിനേയും ജയചന്ദ്രനേയും ഒരിക്കലും അമ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് സ്വകാര്യ ദുഃഖമായി ഉള്ളിലുണ്ട്. എങ്കിലും വേണുവിനെ കണ്ടു. സംസാരിച്ചു. ചിത്രയെ ചിത്രക്കുട്ടി എന്നാണ് വിളിക്കുക. സുജാതയോടും അതേ ഇഷ്ടം. ടെലിവിഷനില്‍ അവര്‍ പാടുമ്പോള്‍ പതുക്കെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും അവരോട്. അമ്മയ്ക്കും അവര്‍ക്കും മാത്രം അറിയാവുന്ന രഹസ്യങ്ങള്‍.

ഓരോ പുസ്തകവും പുറത്തിറങ്ങുമ്പോള്‍ ആദ്യമോര്‍ക്കുക അമ്മയെയാണ്. മനസ്സുകൊണ്ട് ആ രചന അമ്മയ്ക്ക് സമര്‍പ്പിക്കും. ആദ്യപുസ്തകമായ 'സോജാ രാജകുമാരി' എം.ടി. വാസുദേവന്‍ നായര്‍ പ്രകാശിപ്പിക്കുമ്പോള്‍ അമ്മയുണ്ടായിരുന്നു സദസ്സില്‍. 'എടോ, നിയ്യ് വല്യ ആളായിട്ടോ...' -പരിപാടി കഴിഞ്ഞു പുസ്തകവുമായി അടുത്തുചെന്നപ്പോള്‍ അമ്മ പറഞ്ഞു. അറിയാതെ നിറഞ്ഞുപോയ കണ്ണുകള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മറച്ചുവെക്കാന്‍ പാടുപെട്ടതാണ് അന്ന്. പാട്ടുകളോടുള്ള ഭ്രമം പോലെ അക്ഷരസ്‌നേഹവും പകര്‍ന്നുകിട്ടിയത് അമ്മയില്‍ നിന്നാണല്ലോ.

അമ്മയുടെ പിറന്നാളാണിന്ന്. കന്നിയിലെ പൂരാടം. ഇത്തവണയും അമ്മയുണ്ടാവില്ല ഒരുമിച്ചുണ്ണാന്‍. എങ്കിലും ദൂരെയെങ്ങോ ഇരുന്ന് ചിരിച്ചുകൊണ്ട് അമ്മ മന്ത്രിക്കുന്നത് കേള്‍ക്കാം എനിക്ക്: 'രസായിട്ട് എഴുതണം ട്ടോ. മുഴോന്‍ വായിക്കും അമ്മ. ന്നിട്ടേ ഒറങ്ങൂ.'