രാജീവന്റെ കവിതകള്‍ ആവശ്യമായ അകലത്തില്‍ എത്തിക്കഴിഞ്ഞു, കണ്ടില്ലെന്ന് നടിക്കാനുള്ള പരിധി പിന്നിട്ടു

#കല്‍പറ്റ നാരായണന്‍
ടി.പി രാജീവന്‍
ടി.പി രാജീവന്‍

ടി.പി. രാജീവന്‍ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ഫോണില്‍ ഞങ്ങള്‍ സിംഗിള്‍സ് കളിച്ചു. കനത്ത സെര്‍വ്വുകള്‍ക്ക് രാജീവന്‍ അതിലും കനത്ത റിട്ടേണുകള്‍ നല്‍കി. തളര്‍ന്നു പോയിട്ടുണ്ട് പല കുറി, സ്തംഭിച്ചു നിന്നിട്ടുണ്ട് പല കുറി, ബാറ്റ് താഴെയിട്ട് നിലത്ത് കുത്തിയിരുന്നിട്ടുണ്ട്. കവിതയും നോവലും ലേഖനവും കളങ്ങളാക്കി കളി തുടര്‍ന്ന രാജീവന്‍ എന്നെ നിരന്തരം വെല്ലുവിളിച്ചു. ചീറി വന്ന അവിചാരിതങ്ങളായ പന്തുകള്‍ നേരിടാനാവാതെ ഞാന്‍ കുഴങ്ങി.'' ഇത്രമാത്രത്തെ'' അത്രമാത്രം' കൊണ്ട് അയാള്‍ നേരിട്ടു. രാജീവന്‍ പിന്‍വാങ്ങിയ ശേഷവും കവിതകളിലെ രാജീവനെ മറുവശത്ത് സങ്കല്‍പ്പിച്ച് ഞാന്‍ കളിക്കുന്നു. കളിക്കുകയാണെങ്കില്‍ രാജീവനോട് കളിക്കണം. രാജീവനോളം പോന്ന ഒരു ബ്രില്ല്യന്റ് പാര്‍ട്ട്ണറെ ഞാനറിഞ്ഞിട്ടില്ല. ഒരേസമയം പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു രാജീവന്‍. ആസന്നമായ മരണം രാജീവന്റെ ശരീരത്തെ തളര്‍ത്തിയെങ്കിലും രാജീവനെ പുതിയ കവിതയിലൂടെ, പുതിയ നോവലിലൂടെ, പുതിയ ചിന്തകളിലൂടെ, പുതിയ ക്ഷോഭങ്ങളിലൂടെ പൂര്‍വ്വാധികം വീണ്ടെടുത്തുകൊണ്ടിരുന്നു. മരണക്കിടക്കയിലിരുന്ന് രാജീവനെഴുതിയ' ധൂമോര്‍ണ്ണ'യും' ആമയും മുയലും 'വായിച്ച് ഞാന്‍ തരിച്ചിരുന്നു. ഇത്ര ജീവനുണ്ടോ ജീവന്?

'ദീര്‍ഘകാലം' എന്ന് തന്റെ കവിതകള്‍ക്ക് പേരിടാന്‍ പ്രേരിപ്പിച്ച ബലം തന്നെ ഗ്രഹിക്കാന്‍ മതിയല്ലാത്ത തല്‍ക്കാലത്തിന്റെ ലാളനകളെ തള്ളിക്കളഞ്ഞു. ഭാവുകത്വത്തിന്റെ അഭാവമൊന്നാണ് തന്നെ മതിയാംവണ്ണം അംഗീകരിക്കാന്‍ മലയാളിയെ കുഴക്കുന്നതെന്നും ദീര്‍ഘകാലത്തില്‍ ആ അഭാവം പരിഹൃതമാവുമെന്നും തനിക്കുതാന്‍ മാത്രമല്ലല്ലോ താന്‍ എന്നും അന്ത്യസമയത്തും രചനാചിന്തകളില്‍ മുഴുകിയ രാജീവന്‍ ഓര്‍ത്തിരിക്കാം. ഞാന്‍ കണ്ട മരണങ്ങളില്‍ രാജീവനൊഴികെ എല്ലാവരും പടിപടിയായി വിരമിക്കുന്നതാണ് കണ്ടത്. വേദനയില്‍നിന്നൊരു ചെറിയ ഇളവ് കിട്ടിയാല്‍ മതി, ചെറിയൊരു രോഗശമനം കിട്ടിയാല്‍ മതി, രാജീവന്‍ പക്ഷെ പൂര്‍വ്വാധികം ഈര്‍ജസ്വലനായി. നോക്കൂ, 'ആമയും മുയലും' എന്ന അസാദ്ധ്യമായ കവിത.

Content Highlights: Kalpetta Narayanan, T.P Rajeevan, Mathrubhumi

Continue reading