കാല്‍ഭാഗം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സമതലം, യാത്ര തുടങ്ങാത്തതുപോലെ, ഒന്നും നടക്കാത്തതുപോലെ

എന്തോ കടിച്ചെടുക്കുവാനായി കുനിയുന്ന ഒരാട്ടിന്‍കുട്ടിയുടെ തലയുടെ ആകൃതിയിലുള്ള ഒരു ഭൂഖണ്ഡം, ശാന്തസമുദ്രത്തില്‍ വലത്തോട്ട് ചെരിച്ചുപിടിച്ച ഒരാട്ടിന്‍ തല, അതാണ് ഓസ്‌ട്രേലിയ. പെര്‍ത്ത്, ഡാര്‍വിന്‍, സിഡ്‌നി, മെല്‍ബണ്‍, ഒട്ടാവ, ബ്രിസ്‌ബെയ്ന്‍, കാന്‍ബെറ, അഡലെയ്ഡ് തുടങ്ങിയ നഗരങ്ങളാണ് നമുക്ക് ഓസ്‌ട്രേലിയ. എന്നാല്‍, കടലിനോടടുത്ത ഈ നഗരങ്ങള്‍ പൊതിഞ്ഞുപിടിച്ചിരിക്കുന്ന, അധികമാരും കണക്കിലെടുക്കാത്ത, മറ്റൊരു സംസ്‌കാരം കാത്തുപോരുന്ന, ഇനിയൊരു ഓസ്‌ട്രേലിയയുമുണ്ട്, ഭൂഖണ്ഡത്തിന്റെ നടുഭാഗത്തായി. ആ ഭൂഭാഗങ്ങളെ കുറിച്ച് നാം അധികം കേട്ടിട്ടില്ല, അധികമാരും എഴുതി കണ്ടിട്ടുമില്ല. ലോകസാഹിത്യത്തിലെ നല്ല പേജുകളില്‍ ചിലത് The Other Australia എന്ന് വിവക്ഷിക്കപ്പെടുന്ന ഈ ഭൂമികയുടെ കഥയാണ് പറയുന്നത്. അതിനെ കുറിച്ചാണ് ഈ സംസാരം, ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ ജെറാള്‍ഡ് മര്‍നെയ്ന്‍ എഴുതിയതും മറ്റെങ്ങും കണ്ടു പരിചയമില്ലാത്ത ചിന്തകള്‍ നിറഞ്ഞതുമായ 'സമതലങ്ങള്‍' (The Plains) എന്ന ചെറുനോവലിനെ കുറിച്ച്.
സമതലങ്ങളെ ഓര്‍ക്കുമ്പോള്‍ ലോകസാഹിത്യത്തിലെ മറ്റൊരത്ഭുതം കണ്‍മുന്നിലുണ്ട്. ഈ ലോകത്ത് ഇന്നേവരെ ഇറങ്ങിയ നോവലുകളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് ചിലരെങ്കിലും പറയുന്ന 'ഡോണ്‍ കീഹോട്ടെ' - മീഗല്‍ സെര്‍വന്റെസിന്റെ 'ഡോണ്‍ കീഹോട്ടെ' - യാഥാര്‍ത്ഥ്യത്തെ ക്ലാവ് പിടിച്ച ഒരു കണ്ണാടിച്ചില്ലിനപ്പുറത്തു നിന്ന് നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ - അലോണ്‍സോ കിഹാനോ എന്നാണയാളുടെ പേര് - ജീവിതകഥയാണ്. എണ്ണൂറ്റിലധികം പേജുകള്‍ നീളുന്ന ഈ കൃതിയുടെ എട്ടാം അദ്ധ്യായത്തില്‍, താന്‍ ഒതു യോദ്ധാവാണ് എന്ന തെറ്റിദ്ധാരണയില്‍ ഡോണ്‍ കീഹോട്ടെ എന്ന പേര് സ്വയം സ്വീകരിച്ച അലോണ്‍സോയും സന്തത സഹചാരിയായ സാഞ്ചോ പാന്‍സയും, ഒരു സമതലത്തില്‍ എത്തിച്ചേരുന്നത് നാം കാണുന്നു. അനാദിയായി പരന്നുകിടക്കുന്ന ആ സമതലത്തില്‍ ഭീമാകാരന്മാരായ ദീകരജീവികളെയാണ് ഡോണ്‍ കാണുന്നത്. അവ ഭീകരജീവികളല്ല, കാറ്റാടി യന്ത്രങ്ങളാണെന്ന സാഞ്ചോ പാന്‍സയുടെ വാക്കുകള്‍ കണക്കിലെടുക്കാതെ, ഒരു വീരയോദ്ധാവിന് യോജിച്ച മട്ടില്‍ ആ ജീവികളുമായി പോരിനൊരുങ്ങുകയാണ് ഡോണ്‍. യുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സമതലത്തില്‍ കാറ്റ് വീശുന്നു, ആ കാറ്റില്‍ കാറ്റാടിയന്ത്രങ്ങളുടെ പങ്കകള്‍ തിരിയുന്നു, അതിലൊരു പങ്കയുടെ അടിയേറ്റ് ഡോണ്‍ തെറിച്ചുവീഴുന്നു. ആ രംഗം കണ്ട് ലോകസാഹിത്യം മാത്രമല്ല ഇംഗ്ലീഷ് ഭാഷ പോലും ഒന്ന് മാറിയൊഴുകി. Tilting at the windmills (ഇല്ലാത്ത ഒരു ശത്രുവിനെതിരെയുള്ള യുദ്ധം) എന്ന ഭാഷാപ്രയോഗം ഈയൊരു യുദ്ധത്തില്‍ നിന്നാണ് ജനിക്കുന്നത്.
Content Highlights: jojo antony reviews the novel the plains by gerald murnane