ആൽക്കോട്ടിന്റെ നാല് പെണ്ണുങ്ങൾ; പുസ്തകവും സിനിമയും കടന്ന് മനസുകൾ കീഴടക്കിയ വിധം

'ലിറ്റില്‍ വിമിന്‍'(2019) സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗും ചിത്രത്തിലെ ജോസഫൈന്‍ മാര്‍ച്ച് ആയി വേഷമിട്ട സോഴ്ഷ റൊനാനും | Photo: AFP, littlewomenmovie/Instagram
'ലിറ്റില്‍ വിമിന്‍'(2019) സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗും ചിത്രത്തിലെ ജോസഫൈന്‍ മാര്‍ച്ച് ആയി വേഷമിട്ട സോഴ്ഷ റൊനാനും | Photo: AFP, littlewomenmovie/Instagram

വായിച്ചുകഴിയുമ്പോള്‍ ആത്മാംശമുള്ളതായി തോന്നുന്ന ഒരു പുസ്തകം അവനവനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളിലേക്ക് ഒരു വായനക്കാരന്റെ മനസ്സിനെ ആനയിക്കും. കഥയോ കഥാപാത്രമോ വായിക്കുന്നയാളുടെ ചില ചിന്തകള്‍ക്ക് ശക്തിയാകും, ചില നിസ്സഹായതകളോര്‍ത്ത് നെടുവീര്‍പ്പാകും, അല്ലെങ്കില്‍ ചിലപ്പോള്‍ ചിരിയുടേയോ കരച്ചിലിന്റേയോ ദേഷ്യത്തിന്റേയോ പൊട്ടിത്തെറികളുടെ കാരണമായി പുറത്തുവരും. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും ഉടലനക്കങ്ങളും അവാച്യവും സങ്കീര്‍ണവുമായ മനോവ്യാപാരങ്ങളും ഉള്ളില്‍ തങ്ങിനില്‍ക്കും. മികച്ചൊരു കൃതിയുടെ വായനയ്ക്കിടെ പുസ്തകത്താളുകള്‍ മറിയുന്നുണ്ടോ ഇല്ലയോ എന്നും വായിക്കുന്നവരറിയില്ല. അവരുടെ മനസ്സിനെ അത് വായനയിലേക്കൊഴുക്കിവിടും. ശേഷം തീര്‍ന്നുപോയല്ലോ എന്നൊരു നൊമ്പരം അത്തരം എഴുത്തുകള്‍ ബാക്കിവെയ്ക്കും. സമാനമായൊരു അനുഭവം നല്‍കാന്‍ ചില ചലച്ചിത്രങ്ങള്‍ക്കുമാകും.  

ലോകമാകമാനമുള്ള വായനക്കാര്‍ നെഞ്ചേറ്റിയ പുസ്തകങ്ങളില്‍ ചിലതെങ്കിലും ചലച്ചിത്രമായി രൂപംപ്രാപിക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഒരുപാട് അഡാപ്റ്റേഷനുകള്‍ സംഭവിച്ച അമേരിക്കന്‍ ക്ലാസിക് കൃതിയായ 'ലിറ്റില്‍ വിമിനെ' അതില്‍നിന്നൊട്ടും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇന്നും കെടാതെ മിന്നുന്ന ലൂയിസ മേ ആല്‍ക്കോട്ടിന്റെ ലിറ്റില്‍ വിമിന്‍! 12 -ലധികം തവണ പല ഭാഷകളിലായി സ്‌ക്രീനില്‍ പിറവികൊണ്ട ആ നോവല്‍ ലോകശ്രദ്ധയാര്‍ജിക്കുന്നതില്‍ എന്നും മുന്നിട്ടുതന്നെ നിന്നു. സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗത്തിന് ആരാധ്യയായ ഗ്രെറ്റ ഗെര്‍വിഗിന്റെ 'ലിറ്റില്‍ വിമിനും' കാലഘട്ടത്തിന്റെ അനിവാര്യതയായി സ്‌ക്രീനില്‍ തീയായ് പടര്‍ന്നു, ശാന്തതയോടെ.

Content Highlights: Greta Gerwig, Little women movie, Adaptation of Louisa May Alcott semi-Autobiographical novel

Continue reading