ആ സിനിമ ചെയ്തതിനുശേഷം യൂണിവേഴ്‌സിറ്റിയിൽ ചേരാനോ തത്ത്വചിന്തകനാകാനോ ആഗ്രഹിച്ചില്ല, അതിനു കാരണമുണ്ട്

വാക്കോളം
#ജയകൃഷ്ണൻ
ബീല താര്‍ | AFP
ബീല താര്‍ | AFP

പതിനാറു വയസ്സുള്ളപ്പോൾ ബീല താറിന്റെ ആഗ്രഹം തത്ത്വചിന്തകനാകണമെന്നായിരുന്നു. തത്ത്വചിന്ത പഠിക്കാൻവേണ്ടി സർവകലാശാലയിൽ ചേരാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ, സർവകലാശാലാധികാരികൾ അദ്ദേഹത്തെ തടഞ്ഞു, കാരണം ഹംഗറിയിലെ ഒരു ജിപ്‌സി തൊഴിലാളിസംഘത്തെക്കുറിച്ച് ഒരു സിനിമയെടുത്തിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവിനയച്ച ഒരു കത്തിൽ ആ ജിപ്‌സികൾ ഇങ്ങനെ എഴുതി: 'ദയവായി, ഞങ്ങളെ ഈ രാജ്യത്തുനിന്ന് വിട്ടയക്കണം. ഞങ്ങൾക്ക് ഇവിടെ ഇനി ജീവിക്കാൻ കഴിയില്ല, അതിനാൽ ഞങ്ങൾക്ക് ഓസ്ട്രിയയിലേക്ക് പോകണമെന്നുണ്ട്. ഇവിടെ ഞങ്ങൾക്ക് ജോലിയില്ല, ഭക്ഷണമില്ല, ഒന്നുമില്ല.' അത് ഒരു റഷ്യൻ കർഷകൻ സാർ ചക്രവർത്തിക്ക് അയച്ച എഴുത്തുപോലെയുണ്ടായിരുന്നു. ഭരണകൂടവിരുദ്ധമായ ഈ കത്തിനെ അടിസ്ഥാനമാക്കിയാണ് താർ Guest Workers എന്ന സിനിമയെടുത്തത്. അതിനുശേഷം ഒരു തത്ത്വചിന്തകനാകാൻ വേണ്ടി അദ്ദേഹം യൂണിവേഴ്‌സിറ്റി പ്രവേശനത്തിനായി അപേക്ഷിച്ചു.

അപേക്ഷ കിട്ടേണ്ടതാമസം, അധികാരികൾ അത് നിരസിച്ചു. താർ വെറുതേയിരുന്നില്ല. അനധികൃത കുടിയേറ്റം നടത്തിയെന്നുപറഞ്ഞ് പോലീസ് പിടിച്ചുകൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ഒരു തൊഴിലാളികുടുംബത്തെപ്പറ്റി സിനിമചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ഇതറിഞ്ഞ പോലീസ് അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചു. എന്നിട്ടും താർ പിൻവാങ്ങിയില്ല. ജയിലിൽ നിന്നിറങ്ങിയയുടനെ, ഹംഗറിയിലെ ഒരു ചെറിയ സ്വതന്ത്ര ചലച്ചിത്ര സ്റ്റുഡിയോ ആയ ബീലാ ബാലാസ് (Bela Balasz) സ്റ്റുഡിയോയിൽനിന്ന് സിനിമ സംവിധാനംചെയ്യാൻ കുറച്ച് പണം കിട്ടുന്നതിന് അദ്ദേഹം അപേക്ഷനൽകി. ആ സിനിമ ചെയ്തതിനുശേഷം അദ്ദേഹം യൂണിവേഴ്‌സിറ്റിയിൽ ചേരാനോ തത്ത്വചിന്തകനാകാനോ ആഗ്രഹിച്ചില്ല.

സിനിമയിലൂടെ തന്റെ തത്ത്വചിന്ത പ്രകടമാക്കുകയാണോ താർ ചെയ്യുന്നതെന്ന സംശയത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇത്. തന്റെ സിനിമയിൽ തത്ത്വചിന്തയില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും കാഴ്ചക്കാർക്ക് അതല്ല അനുഭവപ്പെടുക. ദുരന്തദർശനംനിറഞ്ഞ അഗാധമായ തത്ത്വജ്ഞാനത്തിലാണ് ആ സിനിമകൾ നിലകൊള്ളുന്നത്. അതുകൊണ്ടാണ് സിനിമകളിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനെപ്പറ്റി The Decay of Cinema എന്ന ലേഖനത്തിൽ 'സിനിമാക്കമ്പം മരിച്ചുപോയെങ്കിൽ സിനിമയും മരിച്ചുവെന്നാണർഥം; എത്രയെത്ര സിനിമകൾ നിർമിക്കപ്പെട്ടാലും; അവയിൽ വളരെ നല്ലവയുണ്ടെങ്കിൽപ്പോലും.'' എന്നു വിലപിച്ച സൂസൻ സൊന്റാഗിന്, ബീല താറിന്റെ ഏഴുമണിക്കൂർ ദൈർഘ്യമുള്ള Satantango എന്ന സിനിമ കണ്ടതിനുശേഷം: 'മുഴുവൻ സമയവും ആ സിനിമ എന്നെ തകർത്തു തരിപ്പണമാക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തു. ജീവിതകാലം മുഴുവനും എല്ലാ വർഷവും അത് കാണാൻ ഞാനിഷ്ടപ്പെടുന്നു.'' എന്ന് മാറ്റിപ്പറയേണ്ടിവന്നത്. മനുഷ്യന്റെ, ഭൂമിയുടെ, പ്രപഞ്ചത്തിന്റെ സർവവിനാശത്തെക്കുറിച്ചുള്ള കാഴ്ചകൾ ആരുടെ ചിന്തയെയാണ് മാറ്റാത്തത്?

സാഹിത്യത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേൽ പുരസ്‌കാരംനേടിയ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രസ്‌നഹൊർക്കയിയുടെ Satantango, The Melancholy of Resistance, At the Latest in Turin എന്നീ രചനകൾ താർ സിനിമയാക്കിയിട്ടുണ്ട്. Damnation എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചനയിലും ക്രസ്‌നഹൊർക്കയി കൂട്ടുചേർന്നു. അദ്ദേഹത്തിന്റെ കഥകളിലെ ദീർഘവാചകങ്ങളാണ് താറിന്റെ സിനിമയിലെ നീണ്ടുനീണ്ടുപോകുന്ന ദൃശ്യങ്ങളെ സ്വാധീനിച്ചിട്ടുള്ളതെന്ന് തോന്നാം. പക്ഷേ, എഴുത്തുകാരന്റെയും സംവിധായകന്റെയും കാഴ്ചപ്പാടിലുള്ള വ്യത്യാസത്തെപ്പറ്റി വളരെയൊന്നും എഴുതിക്കണ്ടിട്ടില്ല. ക്രസ്‌നഹൊർക്കയിയുടേത് നേരിട്ടുള്ള വീക്ഷണമാണെങ്കിൽ താർ ജാലകക്കാഴ്ചകളിലാണ് ശ്രദ്ധയൂന്നുന്നത്.

Damnation എന്ന സിനിമ തുടങ്ങുന്നത് നരച്ച ആകാശത്തിലൂടെ നീങ്ങുന്ന കേബിൾകാറുകളിൽ നിന്നാണെങ്കിലും ആ ദൃശ്യം ചെന്നുനിൽക്കുന്നത് അവയെ നോക്കിനിൽക്കുന്ന കാരെർ എന്ന കഥാപാത്രത്തിലാണ്. അതുപോലെ അയൽവാസികളെ ജനലിലൂടെ ഒളിഞ്ഞുനോക്കുന്ന ഡോക്ടർ എന്ന കഥാപാത്രത്തിലാണ് Satantantango- യുടെ തുടക്കവും ഒടുക്കവും. The Man from London എന്ന ചിത്രത്തിൽ മലോയ്ൻ എന്നയാൾ ജാലകത്തിലൂടെ ഒരു കൊലപാതകരംഗം കാണുന്നു. The Turin Horse- ലാണ് ഈ ജാലകരംഗം അതിന്റെ പാരമ്യത്തിലെത്തുന്നത്. സിനിമയിലെ കുതിരക്കാരനും മകളും മാറിമാറി ജനലരികിലിരിക്കുന്നു. പക്ഷേ, അവർ കാണുന്നത്, കാണാത്തതും എന്തെന്ന് കാഴ്ചക്കാർക്ക് ഒരിക്കലും മനസ്സിലാകുന്നില്ല. Bela Tarr, the Time After എന്ന പുസ്തകത്തിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക് ഹോൻസ്യെ (Jacques Ranciere) എഴുതുന്നു: 'നിസ്സഹായനായി ഇരിപ്പിടത്തിലിരിക്കുന്ന മനുഷ്യൻ നിർജനമായ സ്ഥലരാശിയിൽനിന്നോ തകർന്ന തന്റെ വീട്ടിൽ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. ശ്മശാനത്തിൽ സ്മാരകശില വെക്കുന്നതുപോലെയാണ് അയാൾ വാതിലുകൾ അടച്ചിടുന്നത്.' എല്ലാ പ്രതീക്ഷയുമറ്റ, അല്ലെങ്കിൽ സർവനാശംമാത്രം പ്രതീക്ഷിക്കുന്ന മനുഷ്യരെ ഇതിലും യഥാതഥമായി എങ്ങനെ ചിത്രീകരിക്കും?

താറിന്റെ സിനിമകൾ ദൈർഘ്യം കൂടിയവയാണെന്നു തോന്നിക്കുന്നതിനെപ്പറ്റി The Circle Closes എന്ന പുസ്തകത്തിൽ ഹംഗേറിയൻ ചലച്ചിത്ര നിരൂപകൻ ഓന്ദ്രാസ് ബാലിത്ത് കൊവാച്ച് (Andras Balint Kovacs) നിരീക്ഷിച്ചിട്ടുണ്ട്. രംഗങ്ങളുടെ ദൈർഘ്യമല്ല അവയുടെ മന്ദഗതിയാണ് നീളക്കൂടുതൽ തോന്നിക്കുന്നതിനു കാരണമെന്ന് കൊവാച്ച് പറയുന്നു. ''കഥാപാത്രങ്ങളിൽ മാത്രമല്ല, കാഴ്ചക്കാരിലും പതുക്കെയാണെങ്കിലും കഥ എങ്ങോട്ടോ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന മിഥ്യാബോധം ഉളവാക്കാൻ ഈ വിളംബിതസഞ്ചാരം കാരണമാകുന്നു. പക്ഷേ, വാസ്തവത്തിൽ കഥാഗതി ചാക്രികമാണ്. തുടക്കത്തിലുള്ള അതേ നൈരാശ്യത്തിലേക്കുതന്നെ കഥ തിരിച്ചെത്തുന്നു.''

A New Refutation of Time എന്ന ലേഖനത്തിൽ ബോർഹെസ് എഴുതി: 'സമയമാണ് എന്നെ നിർമിച്ചിരിക്കുന്ന പദാർഥം. സമയം എന്നെ ഒഴുക്കിക്കൊണ്ടുപോകുന്ന നദിയാണ്; പക്ഷേ, ഞാൻ തന്നെയാണ് നദി. എന്നെ കടിച്ചുകീറുന്ന കടുവയാണ് സമയം; പക്ഷേ, ഞാനാണാ വ്യാഘ്രം. അതെന്നെ ദഹിപ്പിക്കുന്ന അഗ്‌നിയാണ്. പക്ഷേ, തീയും ഞാൻതന്നെ. ലോകം, ദൗർഭാഗ്യവശാൽ, യഥാർഥമാണ്, ഞാൻ, ദൗർഭാഗ്യവശാൽ ബോർഹെസും.' വൃത്താകാരവിനാശങ്ങളിൽ തിരിച്ചുവരാനാവാത്തവിധം അകപ്പെട്ടുപോയ ബീല താറിന്റെ കഥാപാത്രങ്ങളും പറയുന്നു: ദൗർഭാഗ്യവും ദൗർഭാഗ്യകാരണവും ഞങ്ങൾതന്നെ.

Content Highlights: Explore Béla Tarr`s philosophical films, the challenges he faced, and his unique cinematic vision. Discover the impact of his work.