മറ്റെന്തും ലാഘവത്തോടെ കാണുന്ന ഒരാൾക്ക് ആചാരങ്ങളെ നോക്കി ചിരിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവാം?

ബാപ്പയുടെ ചിരി
ബാപ്പ ഇന്നും സാന്ദ്രമായ ഒരോർമ്മയാണ്. അദ്ദേഹത്തെ ഓർക്കുമ്പോൾ ഒപ്പം ഗാന്ധിജിയെയും ഓർമ്മവരും
ഗാന്ധിജിയുടെ ചിത്രം ഞാൻ തിരിച്ചറിയുന്നത് ഇത്തിരി വൈകിയാണ്. കോൺഗ്രസുകാരനായ ബാപ്പ അന്ന് കോൺഗ്രസ് പത്രമായിരുന്ന മാതൃഭൂമി വീട്ടിൽ വരുത്തുന്നുണ്ട്. പത്രം വാങ്ങുന്നവരും വായിക്കുന്നവരുമൊക്കെ നാട്ടിൽ കമ്മിയാണ്. ഞാൻ കുട്ടിയായിരിക്കുമ്പോൾ വല്ലപ്പോഴുമേ ബാപ്പ വീട്ടിലുണ്ടാവാറുള്ളൂ-അധികവും മംഗലാപുരത്താണ്. മൂത്താപ്പയുടെ മരപ്പണി നടക്കുന്ന കൂപ്പിൽ മേസ്ത്രിയോ അവിടെ മസാലപ്പീടിക നടത്തുന്ന കച്ചവടക്കാരനോ ആണ്. ബാപ്പയുടെ മുഖച്ഛായയും രൂപവുമൊന്നും ഓർമ്മയിൽ അങ്ങനെയില്ല. ഒരേകദേശചിത്രമേയുള്ളൂ -കറുത്തിട്ടാണ്. തലയിൽ മുടിയില്ല. നീണ്ട മൂക്ക്. വലിയ ചെവി. മുഖത്തെപ്പോഴും ചിരി. ഈ മട്ടിൽ പത്രത്തിൽ ചില ദിവസങ്ങളിൽ കാണുന്ന ഫോട്ടോ ബാപ്പയുടേതാവാം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാനെന്ത് പോഴത്തക്കാരനാണ് എന്ന് വ്യക്തമായത് പിന്നെയാണ്. ചിത്രം ഗാന്ധിജിയുടേതാണ് !
ബാപ്പയെ ആളുകൾ വിളിച്ചിരുന്നത് 'ഹാജ്യാരേ' എന്നാണെങ്കിലും 'എൻ.സി.' എന്നാണ് പരാമർശിച്ചിരുന്നത്. അത് ഉല്പമാണ്. 'നെടുങ്കണ്ടത്തിൽ ചെറിയ' എന്നതിന്റെ ചുരുക്കം.
മൂപ്പര് നാട്ടിൽ വളരെ സമ്മതനായിരുന്നു. പ്രധാനകാര്യം: എപ്പോഴും ആരോടും തമാശപറയും. തമാശ കാണിക്കും. പിന്നെ, ആളുകളെ പണം കൊടുത്തു സഹായിക്കും; ഭക്ഷണംകൊടുത്തു സത്കരിക്കും.
ആൾ അത്ര പണക്കാരനൊന്നുമല്ല. ഒരിടത്തരം. അത്രയേയുള്ളൂ. കുറച്ചു നെല്ലും പുല്ലും ഉണ്ട്. പിന്നെ വളരെക്കുറച്ച് തെങ്ങും റബ്ബറും. പക്ഷേ, സഹായം ചോദിച്ചുവരുന്ന ആരെയും വെറുംൈകയോടെ മടക്കി അയക്കില്ല. പരിചയമില്ലാത്തവരെപ്പോലും സത്കരിക്കും. അന്ന് അതൊക്കെ വലിയ കാര്യമാണ്. പട്ടിണിയും പരിവട്ടവുമായി ആളുകൾ നാളുകഴിക്കുന്ന കാലമല്ലേ?
ചിലപ്പോൾ വല്ലവരോടും കടം വാങ്ങിയാവും ആവശ്യക്കാരന് കടം കൊടുക്കുന്നത്. ബാപ്പ വാങ്ങിയ കടം കൃത്യമായി തിരിച്ചുകൊടുക്കും. മൂപ്പരോട് കടം വാങ്ങിയ ആൾ മിക്കപ്പോഴും മടക്കിക്കൊടുക്കുകയില്ല. അത് ചോദിക്കുന്ന സ്വഭാവവുമില്ല.
ചീപ്പാൻകുഴിക്കടവിലും മേലെപീടികയിലും കറുത്ത പറമ്പിലുമായി മൂന്ന് മസാലക്കച്ചവടം നടത്തിയിരുന്നു. മൂന്നും പൊളിഞ്ഞു പാളീസായി. ചോദിക്കുന്നവർക്കൊക്കെ ഉദാരമായി കടംകൊടുക്കും. മിക്കവരും മടക്കിക്കൊടുക്കില്ല. പിന്നീട് കടം വാങ്ങാൻ വരുമ്പോഴും അത് ഓർത്തു ചോദിക്കുന്ന പരിപാടിയില്ല. അതിനെപ്പറ്റി ഉമ്മയോ, കാര്യസ്ഥനോ ഓർമ്മിപ്പിച്ചാൽ പറയും: ''സാരല്ല. ഓലെ കയ്യില് ഇല്ലാഞ്ഞിട്ടല്ലേ?''
ഇതൊരു പ്രാപ്തിക്കുറവാണ് എന്ന് ഉമ്മയ്ക്ക് വാദമുണ്ടായിരുന്നു. ചിലർ അതിരുകൾ മാന്തുമ്പോഴും ചില ചെറിയ പറമ്പുകൾ അന്യാധീനപ്പെടുമ്പോഴുമെല്ലാം ഉമ്മ ഇടപെടാൻ നോക്കുമായിരുന്നു. ബാപ്പ അതൊന്നും കാര്യമാക്കിയില്ല. ആരോടും തർക്കിക്കാനും ലഹളകൂടാനും ഒന്നും വയ്യ.
എന്തെങ്കിലും നഷ്ടപ്പെടുന്നതിനെപ്പറ്റി ഒരു ബേജാറും ഉണ്ടായിരുന്നില്ല. പറമ്പോ പാടമോ വാങ്ങിക്കൂട്ടണം എന്ന ആലോചനയും ഇല്ല. എന്തിനെപ്പറ്റിയും തമാശപറഞ്ഞ് ചിരിച്ചും ചുറ്റുമുള്ളവരെ ചിരിപ്പിച്ചും അറുപത്തഞ്ച് ആണ്ട് നീണ്ട ആ ജന്മം കഴിഞ്ഞുപോയി- വിരോധികളായും ശത്രുക്കളായും ആരുമില്ലാതെ.
ഏതു ബന്ധുവിനെയും ഏതു ചങ്ങാതിയെയും പരിഹസിക്കാൻ വലിയ ഉത്സാഹമായിരുന്നു. അതിനെപ്പറ്റി ആരും പരിഭവിക്കുകയോ പരാതിപ്പെടുകയോ പതിവില്ല. ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയുടെ ഭാഷയിൽ പറഞ്ഞാൽ മൂപ്പർക്ക് അതിനൊക്കെ 'ലെയ്നസ്' (ലൈസൻസ്) ഉണ്ട്!
തമാശ കാണിക്കുന്നതിന്റെ ചില മാതൃകകൾ പറയാം: എവിടെച്ചെന്നാലും കൈയിലെ കുട നിലത്താണ് വെക്കുക. 'അതെന്താ' എന്ന് ചോദിച്ചാൽ പറയും: ''ഇനി കൊട വീണുപോവില്ല.''
പുറം നാടുകളിലൊക്കെ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്ത ബാപ്പ ഇത്തിരി പരിഷ്‌കാരിയായിരുന്നു. പറമ്പിൽ മുറ്റത്തിനടുത്ത് പുതുമാതിരിയിൽ ഒരു കക്കൂസ് ഉണ്ടാക്കി. നാട്ടുകാരിൽ പലരും പണി കാണാൻ വന്നിരുന്നു. ആളുകൾ പുഴവക്കത്തും പാടവരമ്പിലും 'മറയ്ക്കിരിക്കുന്ന' കാലമാണല്ലോ.
കക്കൂസിന്റെ പണി പൂർത്തിയായ അന്ന് വൈകുന്നേരം പള്ളിയിലെ മുസ്ല്യാരെ പിറ്റേന്ന് രാവിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു. യാതൊന്നും കുടിക്കാതെയും തിന്നാതെയും വരണം എന്ന് പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു.
ബാപ്പയോട് വളരെ അടുപ്പമുള്ള മുസ്ല്യാർ അപ്രകാരംതന്നെ വന്നു. പ്രാതല് കഴിഞ്ഞ ഉടനെ മുസ്ല്യാർക്ക് കക്കൂസിൽ പോകണം. ബാപ്പ പുതിയ കക്കൂസിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിന്റെ രീതികളൊക്കെ കാണിച്ചുകൊടുത്തു.
കാര്യം കഴിഞ്ഞുവന്ന മുസ്ല്യാർ ''എല്ലാം റാഹത്ത് (തൃപ്തി) ആയി'' എന്നു പറഞ്ഞു. ബാപ്പയുടെ പ്രതികരണം: ''ആദ്യം ആ കക്കൂസിൽ പോയത് നിങ്ങളാ. നിങ്ങളാ ന്റെ കക്കൂസ് ഉദ്ഘാടനം ചെയ്തത്.''
മുസ്ല്യാർ സന്തോഷത്തോടെ പള്ളിയിലേക്കു മടങ്ങി. ബാപ്പ ഉദ്ഘാടനവിവരം കാണുന്നവരോടൊക്കെ പറഞ്ഞു. ആളുകൾ ചിരിച്ചു. പാവം മുസ്ല്യാർ! അദ്ദേഹത്തെ കാണുമ്പോഴൊക്കെ ആളുകൾ ആ ഉദ്ഘാടനകർമത്തിന്റെ വിശദാംശങ്ങൾ ഓർത്തുചിരിച്ചു.
എത്രയോകാലം ആ ഉദ്ഘാടനം നാട്ടിൽ പാട്ടായിരുന്നു. മലശോധനയിലൂടെയും നടത്താവുന്ന ഒരു കാര്യമാണ് ഉദ്ഘാടനം എന്നു കാണിക്കുന്ന ആ പരിഹാസം അത്രയെളുപ്പം മറന്നുപോവുന്നതെങ്ങനെ?
ഒരിക്കൽ ബാപ്പ ഒരു സൈക്കിൾ വാങ്ങി. ചവിട്ടാനറിയില്ല. അതിനൊരു ഡ്രൈവറെ വെച്ചു! മൂപ്പര് ഇടയ്ക്ക് അതിൽ സവാരി ചെയ്യും. ചെറുപ്പക്കാരാരെങ്കിലും സൈക്കിൾ ചവിട്ടുമ്പോൾ 'ഉടമ' പിന്നിലിരിക്കും. ആളുകൾ ചിരിച്ചുമറിയും. എവിടെയും പോകേണ്ട അത്യാവശ്യമുണ്ടായിട്ടല്ല. തനിക്ക് ചിരിക്കാനും നാട്ടുകാരെ ചിരിപ്പിക്കാനുമാണ് ഈ സർക്കസ്. വാഹനം വാങ്ങി പത്രാസ് കാണിക്കുന്നവരെ മക്കാറാക്കുകകൂടി ഉദ്ദേശിച്ചിരുന്നുവോ?
ആളുകൾക്ക് കളിപ്പേരിടുന്നതിൽ അദ്ദേഹം വിദഗ്ധനായിരുന്നു. സ്വന്തം കാര്യസ്ഥന്റെ പേര് പാറ മുഹമ്മദ് എന്നാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് അലഹാബാദ് ഹൈക്കോടതിവിധി വന്നതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു (1975). അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന എ.കെ. ആന്റണി അതിന് പിന്തുണ നൽകി:
'ഞങ്ങൾ ഇന്ദിരാഗാന്ധിയുടെ പിറകിൽ പാറപോലെ ഉറച്ചുനിൽക്കും'
കോൺഗ്രസുകാരനായ ബാപ്പ ഉടനെ കാര്യസ്ഥനെ ചൂണ്ടിപ്പറഞ്ഞു:
''ഇതാ ഞമ്മളെ ആന്റണി.''
അതോടെ പാറ എന്ന് അയാളെ വിളിച്ചിരുന്നവരുടെ വിളി മാറി ആന്റണിയായി. ബാപ്പ മരിച്ച് എത്രയോ കൊല്ലം കഴിഞ്ഞാണ് കാര്യസ്ഥൻ മരിച്ചത്. മരണംവരെ നാട്ടുകാർ അയാളെ ആന്റണി എന്നുതന്നെ വിളിച്ചുപോന്നു. കെ.പി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയുടെ ജീവനുള്ള പ്രതിരൂപമായി ആ പാവം കാര്യസ്ഥൻ ജീവിച്ചു എന്നർഥം!
എതിര് പറയുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് രണ്ടുഭാഗത്തും മൂർച്ചയുള്ളപോലെ പെരുമാറുന്ന ഒരു ചെറുപ്പക്കാരന് പേരിട്ടു: 'ബ്ലെയിഡ്'. പലതരം കുരുത്തക്കേടുകളുള്ള ബന്ധുവായ മറ്റൊരു ചെറുപ്പക്കാരനിട്ട പേര്: 'കാടാംപൂച്ച'. വേണ്ടത്ര വ്യക്തതയില്ലാതെയും പരുഷമായും സംസാരിക്കുന്ന കുടുംബക്കാരനിട്ട 'കഠാരകുടു' എന്ന പേരിന് രഹസ്യമായി കിട്ടിയ പ്രചാരം വലുതായിരുന്നു. പാട്ടുകാരൻ പയ്യന് കൊടുത്ത യേശുദാസ് എന്ന പേര് നാട്ടുകാര് 'യേശു' എന്ന് ചുരുക്കി. 'കമ്പി' എന്ന് താൻ തന്നെ പേരിട്ട ഒരു കുട്ടിയുടെ കൈയിൽ ഒരു ചങ്ങാതിക്കുള്ള കത്ത് കൊടുത്തയക്കുമ്പോൾ പറഞ്ഞു:
''എടോ,നെന്റെ കൈയിലായാൽ ഈ കത്ത് കമ്പിയായിക്കോളം. വേം പോയി കൊടുക്ക്''.
മൂപ്പര് എന്തെങ്കിലും വിരോധമോ കയ്പ്പോ ഉള്ളിൽ വെച്ചിട്ടില്ല ഇതൊക്കെ പറയുന്നത് എന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയം, ജാതി, മതം, പണം, കുടുംബം മുതലായ വകുപ്പിലൊന്നും ആരോടും ഒരു വേർതിരിവും കാണിച്ചിരുന്നില്ല എന്നും എല്ലാവർക്കും തിരിയും. ആ പേര് കേൾക്കുമ്പോൾ നാട്ടുകാരുടെ മുഖത്ത് ചിരി വിരിയും.
ഞാൻ ഇളംപ്രായത്തിൽ വലിയ മുത്തഖി (ഭയഭക്തിയുള്ളവൻ) ആയിരുന്നു. അതിരാവിലെ എഴുന്നേൽക്കാനും പള്ളിയിൽ പോകാനും ഉഷാറുള്ള കുട്ടി. മതപാഠശാലയിലെ ഉസ്താദന്മാർക്ക് അതുകൊണ്ടുതന്നെ എന്നെ ഇഷ്ടമായിരുന്നു. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസബോർഡ് നടത്തുന്ന അഞ്ചാം ക്ലാസിലെ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്കുള്ള സമ്മാനം എനിക്കാണ് കിട്ടിയത് (1962).
മാപ്പിളമാർക്കിടയിൽ ഇൽമി (വിദ്യ)നെപ്പറ്റി ഒരു സവിശേഷ സങ്കല്പമുണ്ട്. വിദ്യ രണ്ട് തരത്തിലാണ്. ഒന്ന്: ദുൻയവി (ഇഹലോകത്തെ സംബന്ധിച്ചത്). രണ്ട്: ഉഖ്റവി (പരലോകത്തെ സംബന്ധിച്ചത്). ഇതിൽ രണ്ടാമത്തേതാണ് ശ്രേഷ്ഠം. അതായത് പഠിക്കേണ്ടത് ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ ഐഹിക വിഷയങ്ങളല്ല, പകരം ഖുർആൻ, നബിവചനം, കർമശാസ്ത്രം തുടങ്ങിയ പാരത്രിക വിഷയങ്ങളാണ്. നാളെ പരലോകത്ത് ഗുണപ്പെടുക അതാണ്.
ബാപ്പ കടുത്ത മതവിശ്വാസിയായതുകൊണ്ട് സ്വാഭാവികമായും പരലോകത്തേക്ക് പ്രയോജനമുള്ളതിനാണ് മുൻഗണന കൊടുത്തത്. മുസ്ല്യാന്മാരായ സുഹൃത്തുക്കളുടെ അഭിപ്രായം കണക്കിലെടുത്തും സ്വന്തം ഹാജത്ത് (ആഗ്രഹം) അനുസരിച്ചും അദ്ദേഹം എന്നെ ഒരു മുസ്ല്യാർ (മതപണ്ഡിതൻ) ആക്കാൻ നിശ്ചയിച്ചു: ദുൻയാവി (ഇഹലോകം)നെക്കാൾ വലുത് ദീൻ (മതം) ആണ് എന്ന് ന്യായം.
ഞാൻ മതപാഠശാലയിലെ പാഠങ്ങൾ നന്നായി പഠിച്ചിരുന്നുവെങ്കിലും എന്റെ ഇഷ്ടവിഷയം മലയാളം ആയിരുന്നു. പാഠപുസ്തകങ്ങളിലെ ഗദ്യവും പദ്യവും ഞാൻ ആവർത്തിച്ചു വായിച്ചിരുന്നു. സംഗീതത്തോട് ഇമ്പമുള്ളതുകൊണ്ട് കവിതയോട് വല്ലാത്തൊരു ആകർഷണം ചെറുപ്പം തൊട്ടേ ഉണ്ട്.
പത്താംതരം പാസാകുന്നതുവരെ പഠിപ്പിനെപ്പറ്റി ഞാനും ബാപ്പയും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഏതെങ്കിലും പള്ളി ദർസി (മതപാഠശാല)ൽ ചേർന്ന് കിതാബ് ഓതി മുസ്ല്യാരാകണം എന്നാണ് ബാപ്പ പറഞ്ഞത്. ഞാൻ കോളേജിൽ പഠിക്കണം എന്ന് വാശി പിടിച്ചു. കോളേജിൽ പോയാൽ കള്ളുകുടിച്ചുപഠിക്കും എന്ന് ചില ചങ്ങാതിമാർ ഉപദേശിച്ചത് ഉദ്ധരിച്ചപ്പോൾ ഞാൻ നാട്ടിലെ കള്ളുകുടിക്കുന്ന രണ്ട് മാപ്പിളമാരുടെ കാര്യം പറഞ്ഞു: ''അവർ രണ്ടുപേരും സ്‌കൂളിലേ പോയിട്ടില്ല'' എന്നും പറഞ്ഞു. ന്യായം കേട്ട് ബാപ്പ ചിരിച്ചു.
അദ്ദേഹത്തിന്റെ ഏറ്റവും മൂത്ത ഇക്കാക്ക എൻ.സി. കോയക്കുട്ടി ഹാജി ആധുനിക വിദ്യാഭ്യാസത്തിന് വളരെ അനുകൂലമായിരുന്നു - ഇംഗ്ലീഷ് പഠിക്കണം എന്ന പക്ഷക്കാരൻ. ഡോക്ടർഭാഗവും വക്കീൽഭാഗവും പഠിക്കണം എന്ന് എല്ലാ കുട്ടികളോടും ഉപദേശിച്ചിരുന്ന മൂപ്പര് പഠിപ്പ് തുടരാൻ എല്ലാവർക്കും ഉദാരമായി സാമ്പത്തികസഹായം ചെയ്തിരുന്നു. ഈ മൂത്താപ്പയുടെ പിന്തുണകൊണ്ടാണ് ഞാൻ കോളേജിൽ ചേർന്ന് പഠിച്ചത്. വലിയ ഇക്കാക്ക പറഞ്ഞാൻ പിന്നെ ബാപ്പയ്ക്ക് അതിലപ്പുറം ഒന്നുമില്ല. പക്ഷേ, പഠനകാലത്തൊരിക്കലും ബാപ്പ എനിക്ക് ഒരു നയാപൈസയും തന്നില്ല. എല്ലാ ചെലവും വഹിച്ചിരുന്നത് മൂത്താപ്പയാണ്. കിതാബ് ഓതാൻ പോകാത്ത കുറ്റത്തിന് ബാപ്പ ഒരിക്കലും എനിക്ക് പൂർണമായും മാപ്പുതന്നില്ല. എന്റെ കാര്യം നടന്നതുകൊണ്ട് ഞാൻ പിണങ്ങാനൊന്നും നിന്നതുമില്ല.
മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ എപ്പോഴും കർക്കശക്കാരനായിരുന്ന ബാപ്പ മറ്റെല്ലാ കാര്യങ്ങളിലും വളരെ തമാശക്കാരനായിരുന്നു! ഈ വൈരുധ്യത്തിന്റെ ഉൾസാരം എനിക്ക് ഒരിക്കലും തിരിഞ്ഞുകിട്ടിയില്ല. ജീവിതത്തിൽ മറ്റെന്തിനെയും ലാഘവത്തോടെ കാണുന്ന ഒരാൾക്ക് ആചാരങ്ങളെ നോക്കി ചിരിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവാം?