പരശുരാമന്‍, സീത, തച്ചന്‍ : മൂന്നു പെണ്ണുങ്ങളുടെ പെരുംതച്ചുകള്‍

മലയാളകവിതയിലെ പെണ്ണെഴുത്തിന് ഒരു മഹിതപാരമ്പര്യമുണ്ട്. ബാലാമണിയമ്മയില്‍ തുടങ്ങി, സുഗതകുമാരിയിലൂടെ വിജയലക്ഷ്മിയിലെത്തിച്ചേരുന്ന ഒരു പാരമ്പര്യമാണത്. ക്ലാസിക്കല്‍ എന്നുപറയാവുന്ന ആന്തരികഗൗരവവും ഭാഷാഗരിമയുമുണ്ടായിരുന്നു ബാലാമണിയമ്മയുടെ കവിതയ്ക്ക്. ആലോചനയുടെയും അനുദ്ധ്യാനത്തിന്റെയും പരുക്കന്‍ വല്‍ക്കലമണിഞ്ഞ ഒരു വൃദ്ധതാപസിയെപ്പോലെയായിരുന്നു ആ കവിത; ഖദറിന്റെ പരുക്കന്‍ലാളിത്യത്തില്‍ മാത്രം കാണപ്പെടാറുള്ള ആ കവയിത്രിയെപ്പോലെ.
'താരകയതില്‍ മുങ്ങിപ്പുഷ്പമായ് മാറീടുന്നു,
താപസിയായ് മാറുന്നതിലാഴ്ന്നുഷസ്സന്ധ്യ' എന്ന് ആശാന്‍കവിതയെപ്പറ്റി എന്‍.വി എഴുതിയ വരികള്‍ ബാലാമണിയമ്മയുടെ കവിതയ്ക്കും നന്നായിണങ്ങും. അത് നക്ഷത്രങ്ങളെ പൂക്കളാക്കി മാറ്റുന്നു, സന്ധ്യയെ താപസിയായും. മാതൃഭാവത്തിന്റെ സമുദ്രതയും ആ കവിതയില്‍ സന്നിഹിതമായിരുന്നു. വെറുതെയല്ല, മാധവിക്കുട്ടി മാന്‍പേടയ്ക്കു പിറന്ന കുരങ്ങിന്റെ കുട്ടിയായി തന്നെത്തന്നെ വിശേഷിപ്പിച്ചത്!
ഇത്തരത്തിലൊരു താപസപത്‌നിയുടെയും അവളുടെ ഉഗ്രകോപിയായ ഭര്‍ത്താവിന്റെയും അവര്‍ക്കുണ്ടായ പരശുരാമന്‍ എന്ന ക്ഷാത്രമൂര്‍ത്തിയുടെയും കഥയാണ് 'മഴുവിന്റെ കഥ'. മറ്റൊരു കവിയായിരുന്നെങ്കില്‍ 'രേണുക' എന്നോ മറ്റോ പേരിടുമായിരുന്ന കവിതയെയാണ് ബാലാമണിയമ്മ, മഴുവിന്റെ കഥയായും പരശുരാമന്റെ ആത്മനിവേദനമായും മാറ്റുന്നത്. പരശുരാമന്റെ കഥയെന്നാല്‍ മഴുവിന്റെ -ഹിംസയുടെ- കഥയാണെന്നും മലയാളിയുടെ പൈതൃകത്തില്‍ അത് ലീനമാണെന്നുമാണ് ധ്വനി. അതു മാത്രമോ? മലയാളിയുടെ സ്ത്രീവിരുദ്ധതയും വ്യഞ്ജിക്കുന്നുണ്ട് രാമന്റെ കഥയില്‍. മാതൃഹന്താവാണ് രാമന്‍; രാമന്റെ പരശുവാകട്ടെ പൂര്‍ണ്ണമായും ഒരു പുരുഷായുധവും. തന്നെ മറന്നുകൊണ്ട് ഓണമാഘോഷിക്കുകയും ബലവദ്വിനയത്തിന്റെ മൂര്‍ത്തിയായ മറ്റൊരു ഭ്രഷ്ടസമ്രാട്ടിനെ വരവേല്‍ക്കുകയുമാണ് മലയാളികള്‍. മാഹേന്ദ്രാചലശിഖരത്തിലിരുന്ന് പരശുരാമന്‍ അത് കാണുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. മുഴുവന്‍ മലയാളിയുടെയും അന്തര്‍ന്നാദമായി അതു മാറുന്നു എന്നിടത്താണ് ബാലാമണിയമ്മയുടെ വരിഷ്ഠകവിത്വം അതിന്റെ ശൃംഗകാന്തി പ്രദര്‍ശിപ്പിക്കുന്നത്.
ഈ സമീക്ഷയില്‍ രണ്ടാമതായി വരുന്നത് സുഗതകുമാരിയുടെ പാദപ്രതിഷ്ഠയാണ്. സീതാജീവിതത്തിലൂെടെയുള്ള ഒരു ഭാവനാ സഞ്ചാരമാണക്കവിത. ഭാവനാസഞ്ചാരം എന്നു മാത്രം പറഞ്ഞാല്‍ പോരാ, സീതാപാദങ്ങളെ പിന്‍തുടരുകയാണ് കവി. എത്ര നടന്നപാദങ്ങളാണ്! മിഥിലയിലെ പിഞ്ചുപാദങ്ങള്‍ തൊട്ട് അയോധ്യയിലെയും അടവിയിലെയും പാദങ്ങള്‍; അഗ്‌നിപരീക്ഷയിലും പൊള്ളലേല്‍ക്കാത്തവ. ഇതൊന്നുമല്ല താന്‍ ഉള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വൈദേഹീപാദങ്ങള്‍ എന്നു പറയുകയാണ് സുഗതകുമാരി. പിന്നെയേതാണ് ആ പാദങ്ങള്‍?
അന്തര്‍ദ്ധാനമുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പുള്ള സീതാപാദങ്ങളാണവ; തരളപാദങ്ങളല്ല, താന്തപാദങ്ങള്‍. ഒരു ജന്മദൂരമത്രയും നടന്നുതീര്‍ത്തിട്ട് ധീരം പിന്‍വാങ്ങുന്നവ.
സുഗതകുമാരിയുടെ കാല്പനികവിത്വം നടന്നുകയറിയ ഉയരങ്ങളിലൊന്നാണ് 'പാദപ്രതിഷ്ഠ'. ഭാവഗീതഗുണവും ആഖ്യാനപരതയും ഇവിടെ പരസ്പരം കലര്‍ന്നൊന്നാവുന്നു. അപാരമായൊരു തരം സാന്ദ്രതയും സംക്ഷിപ്തതയും രണ്ടിനെയും ചേര്‍ത്തു നെയ്യുകയും ചെയ്യുന്നു. ഒരു മോതിരത്തില്‍ കൊത്തിയ രാമായണം പോലെയാണിക്കവിത; രാമായണമല്ല, സീതായനം എന്ന വ്യതിരേകത്തോടെ.
'തച്ചന്റെ മകളാ'ണ് ഈ പരമ്പരയില്‍ മൂന്നാമതായി ഉയര്‍ന്നു കാണപ്പെടുന്ന കൊടുമുടി. പെരുന്തച്ചന്റെ മകനെയാണ് നമുക്കു പരിചയം, മകളെയല്ല. അങ്ങനെയൊരു മകളെയും അവളുടെ തന്റേടത്തെയും ഭാവന ചെയ്യുകയാണ് ബാലാമണിയമ്മയുടെ താവഴിയിലെ ശക്തയായ കവയിത്രി ഈ കവിതയില്‍. ജീയുടെ പെരുന്തച്ചനും വൈലോപ്പിള്ളിയുടെ തച്ചന്റെ മകനും ശേഷം അതേ പുരാവൃത്തത്തെ പുനര്‍ഭാവനം ചെയ്യുന്ന മികച്ച രചനയാണ് വിജയലക്ഷ്മിയുടേത്. ഷെയ്ക്‌സ്പിയറുടെ സഹോദരിയെപ്പറ്റി വെര്‍ജീനിയാ വുള്‍ഫ് എഴുതിയതുപോലെയാണിത്. തച്ചന്റെ മകളെ വിജയലക്ഷ്മി ഭാവനയാലുയിര്‍പ്പിക്കുന്നു. അവളുടെ കയ്യില്‍ ഒരുളിപ്പെട്ടി കൊടുക്കുകയും അവളെ അച്ഛന്റെ / തച്ചന്റെ പെരുംനിഴലില്‍ നിന്നിറങ്ങി നടക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.
ഇവ മൂന്നും ഫെമിനിസ്റ്റ് കവിതകളാണെങ്കില്‍ ഇവയെ ആണ് ഞാന്‍ പെണ്ണെഴുത്തിന്റെ പെരുംതച്ചുകള്‍ എന്ന് വിശേഷിപ്പിക്കാനിഷ്ടപ്പെടുന്നത്. മലയാളകവിതയുടെ മഹാപാരമ്പര്യവുമായി കണ്ണിചേര്‍ന്നു കൊണ്ടു തന്നെ അവ സാധ്യമാക്കുന്ന വിച്ഛേദമാണ് പ്രധാനം. നിശ്ശബ്ദമായ ഒരു സ്‌ഫോടനം പോലെയാണത്. ആണ്‍മയുടെയും കോയ്മയുടെയും അനവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചില പ്രാകാരങ്ങളെയാണവ കവിത്വത്തിന്റെ സ്‌ത്രൈണോര്‍ജ്ജമുപയോഗിച്ച് സ്‌ഫോടനം ചെയ്ത് നിലംപരിശാക്കുന്നത്.
Content Highlights: sajay kv mashipacha poetic craft in balamaniyamma sugathakumari vijayalakshmi