ആടും പ്ലാവിന്‍ തൈയും; നമുക്ക് നമ്മുടെമേല്‍ നിയന്ത്രണമില്ലാത്ത ഒരു ജീവിതാവസ്ഥ!

ആഴ്ചപ്പാടുകള്‍
#എസ്. ഗോപാലകൃഷ്ണന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തികെട്ടാല്‍ പുലി ബിസ്‌കറ്റും തിന്നും എന്ന് വി.കെ.എന്‍ എഴുതിയിട്ടുണ്ട്. കാര്‍ഷികസമൂഹത്തിലുണ്ടായ പഴഞ്ചൊല്ലിനെ വ്യാവസായിക സമൂഹത്തിലേക്ക് ആധുനീകരിക്കുകയായിരുന്നു വി.കെ.എന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബിസ്‌കറ്റിനും ഒരു ബന്ധമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ബിസ്‌കറ്റ് കമ്പനി 1929- ല്‍ തുടങ്ങിയ നരോത്തം മോഹന്‍ലാല്‍ ദയാല്‍ അതുചെയ്തത് സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. അതവിടെ നില്‍ക്കട്ടെ. നമുക്ക് പുല്ലാല്‍ ഗതിമുട്ടിയ ഒരു പുലിയിലേക്ക് പോകാം. മുതുമല കടുവാസങ്കേതത്തിലെ കടുവകള്‍ക്ക് ഒരുതരം കൊങ്ങിണിപ്പൂവ് ഭീഷണിയാകുന്നു എന്ന വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തവണത്തെ ഓണപ്പതിപ്പില്‍ അനിത തമ്പി എഴുതിയ 'ആടിന്റെ വഴിയിലെ പ്ലാവിന്‍ തൈയ്യേ' എന്ന കവിത കണ്മുന്നില്‍ വന്ന് 'മ്‌ഹേ മ്‌ഹേ' എന്നു കരഞ്ഞത്. 

കൊങ്ങിണിച്ചെടി (Lantana Camara), വന്യജീവി വംശപിരമിഡിന്റെ അടിത്തറ വംശപരമ്പരയിലെ ഒരിനം, പിരമിഡിന്റെ മുകള്‍മുനയില്‍ വിരാജിക്കുന്ന കടുവയെ ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ കവിതയുടെ ആടുവഴിയില്‍ ഒരു തൈ പിറന്നതും കവി പ്ലാവിലയോട് 'നാമിങ്ങറിയുവതല്പം' എന്ന മട്ടില്‍ പാടിയതും. എത്ര പെട്ടെന്നാണ് കടുവയുടെ സ്വാഭാവിക ഇരയായ മാനിന്റെ വംശത്തില്‍ പെട്ട ആട് ഒരു ക്രൂരമൃഗമായി പരിണമിക്കുകയും എന്റെ മുന്നിലൂടെ മുക്രയിട്ട് പായുകയും ചെയ്തത്. ലോകജീവിതം സങ്കീര്‍ണമാണ് സുഹൃത്തേ. ആടിനേയും പ്ലാവിലയേയും പരിരക്ഷിക്കുകയും കൊന്നുതിന്നുകയും ചെയ്യുന്ന സങ്കീര്‍ണത!

Content Highlights: s gopalakrishnan azhchappadukal anitha thampy poem about goat and jackfruit plant

Continue reading