'പശുത്തൊഴുത്തിലോ കുളിമുറിയിലോ ചുരുട്ടിവെച്ച പായയ്ക്കകത്തോ... എവിടെ ഒളിച്ചാലും അയാള്‍ കണ്ടെത്തി'

ഓരോ വര്‍ഷവും ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടികളെ വേവ്വേറെ മുറികളിലേയ്ക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ആ വര്‍ഷം എന്നെ മാത്രം മാറ്റാതെ എന്റെ മുറിയിലുണ്ടായിരുന്ന രണ്ടുപേരെയും വേറെ മുറികളിലേയ്ക്ക് മാറ്റി. പകരം മറ്റൊരു പെണ്‍കുട്ടിയെ എന്റെ മുറിയിലേയ്ക്ക് കൊണ്ടുവന്നു. അന്ന എന്നായിരുന്നു അവളുടെ പേര്. തടിച്ചുരുണ്ട് പൊക്കം കുറഞ്ഞ് ഇടതൂര്‍ന്ന ചുരുണ്ട മുടിയും വലിയ കണ്ണുകളുമുള്ള ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു അന്ന. ഏതോ കൊടിയ വിഷാദം അവളുടെ കണ്ണുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്നതായെനിക്ക് തോന്നി. എന്നെപ്പോലെ തന്നെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു അവളുടേത്. ഒരേ മുറിയിലായിരുന്നിട്ടും ദിവസങ്ങളോളം ഞങ്ങള്‍ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. ബി.എസ്.സി സുവോളജിയാണ് പഠിക്കുന്നതെന്നു മാത്രമായിരുന്നു എനിക്കറിയാമായിരുന്നത്. ഒരു ദിവസം രാത്രി മുറിക്കു പുറത്ത് ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നതല്ലാതെ ഉറക്കച്ചടവ് കാരണം എനിക്കൊന്നും വ്യക്തമായിരുന്നില്ല. കണ്ണ് തുറന്ന് നോക്കുമ്പോള്‍ അടുത്ത കട്ടിലില്‍ അന്ന ഉണ്ടായിരുന്നില്ല. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കാതെന്നറിയാതെ ഞാന്‍ ആശങ്കപ്പെട്ടു. തിടുക്കത്തില്‍ കാലിട്ട് പുറത്തേയ്ക്ക് ചെല്ലുമ്പോള്‍ മുറിക്ക് പുറത്ത് കുറച്ചുമാറി ഹോസ്റ്റലിലെ പെണ്‍കുട്ടികളെല്ലാവരും കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ നടുക്കായി അന്നയും തല കുമ്പിട്ട് നില്‍ക്കുന്നുണ്ടായിരുന്നു.
കാര്യമെന്താണെന്ന് തിരക്കിയപ്പോഴാണറിഞ്ഞത്, പാതിരാത്രിയില്‍ ഹോസ്റ്റലിന്റെ ഇടനാഴിയിലെ അരണ്ടവെളിച്ചത്തിലൂടെ ഒരു സ്ത്രീരൂപം നടന്നുപോകുന്നത് കണ്ട് മെറ്റില്‍ഡ സിസ്റ്റര്‍ ഭയന്നു നിലവിളിക്കുകയും ബോധരഹിതയാകുകയും ചെയ്തു. സിസ്റ്ററിന്റെ നിലവിളി കേട്ട് അടുത്തുള്ള മുറികളിലെ പെണ്‍കുട്ടികള്‍ എഴുന്നേറ്റ് വെപ്രാളപ്പെട്ട് ലൈറ്റിട്ടു. സിസ്റ്ററോട് കാര്യം തിരക്കിയപ്പോള്‍ ഭയം കൊണ്ട് അവര്‍ക്ക് ശബ്ദം പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല. പകരം ആ രൂപം പോയിടത്തേയ്ക്ക് കൈ ചൂണ്ടുക മാത്രം ചെയ്തു. പെണ്‍കുട്ടികളെല്ലാവരും ആ ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ കോണിപ്പടിയുടെ താഴെ ചുരുണ്ടുകൂടി ഇരുന്നുറങ്ങുന്ന അന്നയെ കണ്ടുവത്രേ. അവരുടെ ശകാരങ്ങള്‍ക്കിടയിലൂടെ ഒരു വിധത്തില്‍ അന്നയെ ഞാന്‍ മുറിയിലേയ്ക്ക് കൊണ്ടുപോന്നു. കാര്യം തിരക്കിയപ്പോള്‍ അവള്‍ മുഖം പൊത്തിക്കൊണ്ട് കുനിഞ്ഞിരുന്നു കരയുകയാണുണ്ടായത്. അവളുടെ കരച്ചില്‍ കണ്ട് എനിക്കും വേദനിച്ചു. ഞാനവളുടെ മുടിയില്‍ തലോടി. ഏറെ നേരത്തെ കരച്ചിലിന് ശേഷമാണ് അന്ന എന്നോട് കാര്യം പറഞ്ഞത്; അവള്‍ക്ക് രാത്രിയില്‍ എഴുന്നേറ്റ് നടക്കുന്ന ശീലം ഉണ്ടെന്നും അതൊക്കെയും അവളറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെന്നും. എനിക്കവളോട് അതിരറ്റ സ്‌നേഹവും
സഹാനുഭൂതിയും തോന്നി.
Content Highlights: remya thuravoor autobiography pathiyatha kalppadukal column