'ആ തന്ത്രങ്ങള്‍ പിടിക്കപ്പെട്ടാല്‍ മികച്ച തന്ത്രങ്ങളുമായി അവര്‍ കച്ചവടം ചെയ്യും, എനിക്കുറപ്പാണ്'

രാവിലെ ഒന്‍പത് മണിയോടെ പുസ്തകശാലയുടെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കട തുറക്കാന്‍ വന്ന എന്നെ കണ്ടപാടെ മാടിക്കുത്തിയ മുണ്ട് അഴിച്ച് ഭവ്യതയോടെ അയാള്‍ നിന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: 'സാര്‍ കട തുറന്നോ, ന്നിട്ട് സംസാരിക്കാം'.
ഞാന്‍ പൂട്ട് തുറന്നു ഷട്ടര്‍ പൊക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെന്നെ സഹായിച്ചുകൊണ്ട് എന്റെ അരികില്‍ തന്നെ നിന്നു. വീണ്ടും ചോദിച്ചു:
ആരാണ് നിങ്ങള്‍? എന്താണാവശ്യം?
''പറയാം സാര്‍, പറയാം...സാറിന്റെ തിരക്ക് കഴിഞ്ഞോട്ടെ. ഞാന്‍ കുറച്ചുനേരമായി എത്തീട്ട്.''
''തിരക്കില്ല, നിങ്ങള്‍ കാര്യം പറയൂ.''
''ഞാന്‍ ഷാജി, തെരുവോര കച്ചോടക്കാരനാണ്. ഇപ്പൊ ചെരിപ്പിന്റെ കച്ചോടാണ് ചെയ്യണത്.''
''അതിനെന്താ നല്ലതല്ലേ. ഞാനും ഒന്ന് വാങ്ങണോ?''
''അയ്യോ, അതല്ല സാര്‍, ഞാന്‍ കച്ചോടവുമായി ബന്ധപ്പെട്ട ഒരു കാര്യം ചോദിക്കാന്‍ വന്നതാണ്.''
''എന്താണ്?''
''നിങ്ങളെ ബുക്ക് സ്റ്റാളിന്റെ പുറത്തെ പാര്‍ക്കിംഗ് ചെയ്യാന്‍ പറ്റാത്ത സ്ഥലത്ത് തല്‍ക്കാലത്തേക്ക് ഒരു ഷീറ്റ് വിരിച്ച് അതില്‍ ഞാന്‍ ചെറിയ തോതില്‍ കച്ചോടം നടത്തിക്കോട്ടേ?''
പുസ്തകശാലയുടെ മുറ്റത്ത് പാര്‍ക്കിങ്ങിന്റെ ഓരം ചേര്‍ന്ന് ഒരു തെങ്ങും രണ്ടു മീറ്റര്‍ മാറി അടുത്ത കെട്ടിടത്തിന്റെ മതിലും ആയിരുന്നു. അതിനിടയിലെ സ്ഥലമാണ് കക്ഷി ചോദിച്ചത്.
''നിങ്ങക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കൂല. മാത്രല്ല വേറെ വണ്ടി ആരെങ്കിലും പാര്‍ക്കുചെയ്യുന്നതും ഞങ്ങള്‍ നോക്കിക്കൊള്ളാം.''
ആദ്യമേ പറ്റില്ല എന്ന് പറയാനാണ് തോന്നിയതെങ്കിലും, അവിടം ഉപയോഗശൂന്യമായ സ്ഥലമായതുകൊണ്ടും അയാളുടെ നില്‍പ്പും എന്ന അതില്‍നിന്നു വിലക്കി.
'ഇത് ഞങ്ങളുടെ ബില്‍ഡിങ് അല്ല, ബില്‍ഡിങ്ങിന്റെ ആളുകളുമായി സംസാരിക്കൂ. അവിടെ സെക്യൂരിറ്റി ഉണ്ട്.'
എന്റെ വാക്കുകേട്ട് ''ശരി സാര്‍, അത് ഞാനേറ്റു'' എന്നും പറഞ്ഞ് ഷാജി അവിടെനിന്നും ഇറങ്ങി.
പിന്നെ ഞാന്‍ കാണുന്നത് ഷാജി കയ്യില്‍ ഒരു കവറും പിടിച്ച് സെക്യൂരിറ്റിയുമായി സംസാരിക്കുന്നതും കയ്യിലെ കവര്‍ അയാള്‍ക്ക് കൈമാറുന്നതുമാണ്. ഷാജി എനിക്കുനേരെ കൈ ചൂണ്ടിയപ്പോള്‍ സെക്യൂരിറ്റി എന്റെയടുത്ത് വന്ന് കാര്യങ്ങള്‍ തിരക്കി.
''പാര്‍ക്കിങ് പ്രശ്‌നമില്ലാത്തോണ്ട് ചെയ്തോട്ടെ, ല്ലേ'' സെക്യൂരിറ്റി എന്നെ നോക്കി.
സെക്യൂരിറ്റിയുടെ കയ്യിലെ കവറില്‍ രണ്ടു ജോഡി പുതിയ ചെരിപ്പുകള്‍ പുറത്തേക്ക് തള്ളിനിന്നു.
Content Highlights: m sidharthan column bookman show