75ല്‍ അധികം കീമോതെറാപ്പി സഹിച്ച അപൂര്‍വം ശരീരങ്ങളിൽ ഒന്ന്; ജീവിതമെന്ന തീക്കടല്‍ നീന്തിക്കടന്നേ പറ്റൂ

ബോംബെ ടാറ്റ കാന്‍സര്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞതുപോലെ കോഴിക്കോട്ടുള്ള ഹോസ്പിറ്റലില്‍ വെച്ച് തന്നെ കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങി. കാറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവ് ചെയ്ത് കോഴിക്കോട് പോയി കീമോ കഴിഞ്ഞ് അന്നുതന്നെ തിരിച്ച് ഡ്രൈവ് ചെയ്ത് വരും. ചിലപ്പോഴൊക്കെ സുധ ഓടിക്കാറുണ്ടെങ്കിലും പലപ്പോഴും ഞാന്‍ തന്നെയാണ് കാര്‍ ഓടിക്കാറുള്ളത്. രോഗസ്ഥിതി അവലോകനം ചെയ്യാന്‍ മാത്രം ഇടയ്ക്ക് ബോംബെയിലേക്ക് പോകും. ഞാന്‍ എന്റെ ജീവിതരീതിയില്‍ പല മാറ്റങ്ങളും വരുത്തി. കാരണം എനിക്ക് എന്റെ അഞ്ചുകൊല്ലം എന്ന ലക്ഷ്യം നിറവേറ്റണം. അസുഖത്തെ മാനസികമായി തന്നെ നേരിടാന്‍ ഞാന്‍ തീരുമാനിച്ചു.
'വിഷ്വലൈസേഷന്‍ ആന്‍ഡ് അഫര്‍മേഷന്‍' എന്ന മനഃശാസ്ത്ര സമീപനം ഞാന്‍ സ്വീകരിച്ചു. മലയാളത്തില്‍ പറയുകയാണെങ്കില്‍ ദൃശ്യവല്‍ക്കരണവും സ്ഥിരീകരണവും എന്ന് പറയാം. നമ്മള്‍ ഒന്നിനെ മനസ്സില്‍ കാണുക, അതിനെ വശത്താക്കുവാന്‍ വേണ്ടി നമ്മുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക. മനക്കോട്ട കെട്ടാതെ സ്വന്തം കഴിവിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സമീപനം ആയിരിക്കണം അത്. ജവാനില്‍ നിന്നും ഓഫീസര്‍ ആകുവാനും നെഞ്ചിലേറ്റ വെടിയുണ്ടയില്‍ നിന്നും തിരിച്ച് ജീവിതത്തിലേക്ക് വരാനും ഈ സമീപനം തന്നെയാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. ഭക്ഷണരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. പഞ്ചസാര, മൈദ എന്നിവ തീരെ ഉപേക്ഷിച്ചു. പൊടിയുപ്പിന് പകരം കല്ലുപ്പും, ഇന്ദുപ്പും പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയും ഉപയോഗിക്കാന്‍ തുടങ്ങി. കുറെയൊക്കെ പ്രകൃതിദത്തമായ ഭക്ഷണരീതി തുടങ്ങി. ഭക്ഷണത്തിന് തവിടോടുകൂടിയുള്ള അരി മാത്രം. അന്നജാഹാരം കഴിയുന്നതും കുറച്ചു. വേവിച്ച ഭക്ഷണം രണ്ടുനേരമാക്കി കുറച്ചു.
Content Highlights: Lieutenant Colonel Surendran M.K. writes autobiography Jeevitham enna theekkadal