സ്ത്രീ ഒരുവളാണെന്ന്, ഭാര്യമാരെല്ലാം ഒരുവളാണെന്ന് നിഷ്‌ക്കരുണം കരുതുന്നു സാമാന്യമനുഷ്യന്‍!

അടരടരായി ആശാന്‍
#കല്‍പറ്റ നാരായണന്‍
ഫോട്ടോ: മധുരാജ്‌
ഫോട്ടോ: മധുരാജ്‌

ഷേക്‌സ്പിയര്‍ക്ക് ശേഷം ഏതിടത്തും ഷേക്‌സ്പിയര്‍ എന്ന് പറഞ്ഞതുപോലെ ആശാനുശേഷം അപ്രതീക്ഷിതമായ ഇടങ്ങളില്‍പ്പോലും ആശാന്‍. ഒരുദ്ദേശത്തിലേക്ക് മാത്രമായി നിജപ്പെട്ടവയല്ല, ആശാന്റെ വരികളെന്നതാവാം അതിന് കാരണം. അവ കൂടുതല്‍ മുഴങ്ങുന്ന സന്ദര്‍ഭങ്ങള്‍ നമുക്കിടയില്‍ ഈ പുതിയ കാലത്തും സുലഭം. ദുഃഖത്തില്‍പ്പെട്ടുഴലുന്ന ഒരു മിത്രത്തിന് ആശ്വാസസന്ദേശം അയക്കാന്‍ ഈ വരിയെക്കാള്‍ പോന്നതെന്തുണ്ട്?'' ഇരുളും മെല്ലെ വെളിച്ചമായ് വരാം.' സമഗ്രാധിപത്യത്തിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ എന്റെ ഉല്‍ക്കണ്ഠയെ പറയാന്‍ 'ഭയമെന്ന് നിനയ്ക്ക ഭാവി നിര്‍ഭയമെന്നാലത് ഭാഗ്യമെന്നുമേ' എന്ന വരികള്‍ക്കുള്ള ശേഷി മറ്റൊരിടത്ത് കിട്ടുമോ? പുതിയ ഒരു തീരുമാനത്തിന്റെ ഉമ്മറച്ചുവരില്‍ എഴുതി വെക്കാന്‍ ഈ വരിയല്ലേ അനുയോജ്യം, ഇതുവരെ എടുത്ത തീരുമാനങ്ങളില്‍ പശ്ചാത്തപിക്കുന്നൊരാള്‍ക്ക് വിശേഷിച്ചും.' നിനയാഗുണപുഷ്പവാടി ഞാനിനിയക്കാട്ടു കുരങ്ങിനേകുവാന്‍.' ഏത് കാലത്തിന്റെ മതിലിന്മേലും എഴുതിവെച്ചുകൂടെ ഈ വരികള്‍? 'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമതുമല്ലെങ്കില്‍/മാറ്റുമതുകളീ നിങ്ങളെത്താന്‍.' നിരാകരിക്കപ്പെട്ട ഒരുവള്‍ക്ക് ഭൂമിയുടെ സംഗൃഹീത പുരുഷപ്പതിപ്പായ ലോകത്തേപ്പറ്റി ഇങ്ങനെ ചിന്തിച്ചുകൂടെ?

'നിറയും രതി, ലോകസംഗ്രഹം കുറിയാക്കാ സഖി കൂസലാര്‍ന്നിടാ'. ഇനിനാം കാണാനിടയില്ലെന്ന് കരുതി വിരമിച്ച വരികളും പറഞ്ഞുതീര്‍ന്നെന്ന് കരുതിയ വാക്കുകളും അവിചാരിതമായി ഇനിയും മുന്നില്‍ പ്രത്യക്ഷപ്പെടും. ഇവിടേയ്ക്ക് കൂടുതല്‍ ഉചിതമാകുക ഇതല്ലേ എന്ന് ചോദിച്ചുകൊണ്ട്.'കഠിന താന്‍ ഭവിതവ്യത' പോലെ 'പിച്ചനടന്നുകളിപ്പൂ നീ/ യിപ്പിച്ചകമുണ്ടോ നടപ്പു' പോലെ. പിന്തുടരുന്ന വരികള്‍ കൂടുതലുമെഴുതിയത് ആശാനാണെന്നതില്‍ എനിക്ക് സന്ദേഹമില്ല. ആശാന്റെ വരികള്‍ക്കും കാവ്യങ്ങള്‍ക്കു തന്നേയും സന്ദര്‍ഭാന്തരപ്രസക്തി നല്‍കുന്ന കാവ്യശക്തിയെന്താവാം? 

Content Highlights: kalpetta narayanan adaradarayiasan kumaranasan and shakespeare

Continue reading