വായനക്കാരേയും വിദ്യാര്‍ത്ഥികള്‍ കൂടിയാക്കിയ ആശാന്‍; ഇതാണ് ആശാന്‍ എന്നല്ല, ഇതുമാണ് ആശാന്‍!

ഗുരുവിനോടുള്ളത് മാത്രമല്ല ഗുരുവിലുള്ളതുമാണ് ഗുരുത്വം. ഈ രണ്ടു ഗുരുത്വവും വലുപ്പം എന്നര്‍ത്ഥമുള്ളൊരു ഗുരുത്വവും ആശാന്റെ വാക്കുകളില്‍ സദാ. ഗുരുത്വത്തെ ഗുരുത്വമാക്കിയുയര്‍ത്തുന്ന വേലയാണാശാന്റെ കാവ്യവേല. ആശാനുന്നയിച്ചതെല്ലാം അതിന്നുമുമ്പ് ഉന്നയിക്കപ്പെട്ടപ്പെട്ടപ്പോഴത്തേ ക്കാള്‍ മുതിര്‍ന്നു. മഹാഗുരുവായ കാലത്തിന്റെ സമ്മര്‍ദ്ദത്താലാവാം, പ്രത്യക്ഷ ദൈവതമായ ശീനാരായണ ഗുരുവിന്റെ പരോക്ഷമായ പ്രേരണയാലാവാം, ആത്മസുഖത്തിനായാചരിച്ചതുകൊണ്ടുമാവാം, ആശാനില്‍'ആശാന്‍ ' (ഗുരു) എന്നും സജീവമായിരുന്നു.'ത്വല്‍പാദ ചിന്തനകള്‍ ദേവയെനിക്ക് യോഗ -/ ശില്‍പ്പങ്ങളായ് വരിക, നിന്‍ചരിതാമൃതങ്ങള്‍/ കല്പങ്ങളായ് വരിക യെന്‍ കരണേന്ദ്രിയങ്ങള്‍/ പുഷ്പങ്ങളായ് വരിക നിന്‍ പദപൂജ ചെയ്വാന്‍' എന്നും ' ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാം വഴി കാട്ടും ഗരുവല്ലോ പരദൈവം' ( ഗുരു) എന്നും ആശാന്‍ കാവ്യങ്ങളിലൂടെ പ്രാര്‍ത്ഥനാനിരതനായി. കെ എന്‍ കുമാരനെ പില്‍ക്കാലം ആശാനെന്ന് മാത്രം വിളിച്ചെങ്കില്‍ ദര്‍ശനത്തിലും കാവ്യകലയിലും ഉള്ള ആശാത്വം ഗുരുത്വം അത്രേ അതിന് കാരണം. ' ഒരുല്‍ബോധനം' ആശാന്റെ ഒരു കവിത മാത്രമല്ല, കാവ്യങ്ങള്‍ തോറും ആശാന്‍ പിന്തുടര്‍ന്ന ഒരു ഗുണത്തിന്റെ പേരുമാണ്. അദ്ധ്യാപകവൃത്തിയെക്കുറിച്ചാശാനെഴുതുന്നു. 'ജീവനും കാവ്യം താനുമെന്നല്ല ധരണിയില്‍, പാവനാത്മാക്കള്‍ വസിഷ്ഠാദ്യരാമൃഷിമാരും/ കേവലം കുലപരമ്പരയായ് കൈക്കൊണ്ടുള്ള,' ജീവനമദ്ധ്യാപനമുത്തമോത്തമമല്ലോ'. നോക്കൂ, പ്രാണനും കാവ്യവുമൊക്കെ വസിഷ്ഠാദികളെപ്പോലെ ഗുരുക്കന്മാര്‍, അദ്ധ്യാപനമേറ്റവുമുത്തമമായ ജീവനവും.
അറിയാത്തതിനെ അറിയാനും അറിയിക്കാനുമുള്ളമാര്‍ഗ്ഗം കൂടിയായി ആശാന്‍ കാവ്യവ്യത്തിയെക്കണ്ടു. 'കുട്ടിയും തള്ളയും ' എന്ന ലഘുകവിതയില്‍ സാധാരണമായിത്തീരാമായിരുന്ന ഒരു ഗൃഹസന്ദര്‍ഭം ഒരുപനിഷല്‍ സന്ദര്‍ഭമായി ഉയരുന്നു. ചെടിയിലെ പൂവില്‍ നിന്ന് പറന്നുയരുന്ന ശലഭത്തെ കുട്ടി കണ്ടത് പറന്നുയരുന്ന പൂക്കളായിട്ടാണ്. പൂവില്‍ പറന്നിരുന്ന, പൂവില്‍ നിന്ന് പറന്നുയരുന്ന, അതിജീവിക്കാന്‍ പൂവുമായി ഐക്യപ്പെട്ട പാറ്റയെ പറക്കുന്ന പൂവായിക്കണ്ട ഏതോ മനസ്സിലെ അത്ഭുതമാവുമല്ലോ അതിനെ പൂമ്പാറ്റ എന്ന് പണ്ട് പേരിട്ടതും. അമ്മയോട് അവനാ അത്ഭുതത്തോടെ ആരായുന്നു.'' ഈ വല്ലിയില്‍ നിന്നു ചെമ്മേ -പൂക്കള്‍ പോവുന്നിതാ പറന്നമ്മേ '. അവന്റെ അത്ഭുതത്തെ കാരുണ്യം കലര്‍ന്ന വാത്സല്യത്തോടെ വര്‍ദ്ധിപ്പിച്ചുകൊണ്ട് അമ്മ തിരുത്തുന്നു.' തെറ്റി! നിനക്കുണ്ണി ചൊല്ലാം - നല്‍പൂമ്പാറ്റകളല്ലേയിതെല്ലാം '. അടക്കാനാവാത്ത അതിശയത്തോടെ അവന്‍ ഇപ്പോഴാരായുന്നു. ' മേല്‍ക്കുമേലിങ്ങനെ പൊങ്ങീ- വിണ്ണില്‍ / നോക്കമ്മേയെന്തൊരു ഭംഗി!' പറക്കാനാവുന്നതിനോട് പറക്കാനാവാത്തവയ്ക്കുള്ള കുഞ്ഞസൂയയോടെ, നിരാശയോടെ മകന്‍ പറയുന്നു.'' അയ്യോ പോയ് കൂടിക്കളിപ്പാന്‍, അമ്മേ - വയ്യേയെനിക്ക് പറപ്പാന്‍. ' ആവുന്നതിലെ അത്ഭുതത്തെ കാണാതെ ആവാത്തതിലെ അത്ഭുതത്തെ കാണുന്ന കുഞ്ഞിനോട് അമ്മ വേദമോതുന്നു.'' പിച്ച നടന്നു കളിപ്പു നീ, യീ/പ്പിച്ചകമുണ്ടോ നടപ്പൂ'. നീ നടന്നുകൊണ്ട് അതിജീവിക്കുന്നു, എന്നാലീ പിച്ചകവള്ളി നിന്നിടത്തു നിന്നതിജീവിക്കുന്നു. ഒരേ പ്രകൃതി രണ്ട് കൈകള്‍ കൊണ്ട് രണ്ട് വിധത്തിലുണ്ണുന്നു. അമ്മട്ടില്‍ എന്തു കൊണ്ടായീ എന്നായി വര്‍ദ്ധിതോത്സുകനായ മകനിപ്പോള്‍, അത് പറഞ്ഞു തന്നാല്‍ അമ്മയ്‌ക്കൊരുമ്മ തരാമെന്നും. അതിലധികവുമായതിനും തന്നെ അര്‍ഹയാക്കിക്കൊണ്ട് ആ അമ്മ പറയുന്നു.'' നാമിങ്ങറിയുവതല്‍പ്പം - എല്ലാ മോമനേ, ദേവസങ്കല്‍പ്പം'. ആ ദേവസങ്കല്‍ പുത്തെപ്പറ്റി പാടുന്ന 'ഈശ്വരന്‍' എന്ന കവിതയുടെ ആരംഭം തന്നെ ഇങ്ങനെ.'' ഓമല്‍ പ്രഭാതരുചിയെങ്ങുമുയര്‍ന്ന നീല-/ വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമര്‍ക്ക ബിംബം/ ശ്രീമദ്ധരി ത്രിയിവയെപ്പണി ചെയ്ത കൈയിന്‍/ കേമത്തമോര്‍ത്തിവന്‍ നീര്‍ കവിയുന്നു കണ്ണില്‍/ അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി/ ലുന്തി സ്ഫുരിക്കുമുഡുരാശിയുമിന്ദു താനും / പന്തിക്കു തീര്‍ത്ത പൊരുളിന്റെ മനോവിലാസം/ ചി ന്തിച്ചെനിക്കകമലിഞ്ഞുടല്‍ ചീര്‍ത്തിടുന്നു'. അത്ഭുതത്തെ മരവിപ്പിച്ചു കൊണ്ടല്ല അത്ഭുതത്തെ അത്ഭുതത്തിന്റെ നെറുകയിലെത്തിച്ചു കൊണ്ടത്രേ ഈ അദ്ധ്യാപനം. മലയാളത്തിലേതെങ്കിലുമൊരു രചന ബാലപാഠപുസ്തകത്തിലേക്ക് നിരന്തരം, നിസ്സംശയം ശുപാര്‍ശ ചെയ്യാമെങ്കില്‍ അതീലഘുകാവ്യമായിരിക്കും.
ആരായിരുന്നോ ആശാന്റെ ആദര്‍ശപുരുഷന്‍, ആരുടെ കാലടിപ്പാടുകളാണോ ആശാന്‍ ആമോദത്തോടെ പിന്തുടര്‍ന്നത്, 'വെവ്വേറെയായ് മോക്ഷമാര്‍ജ്ജിപ്പിന്നൊന്നായ് ചേര്‍ന്നത് കാക്കുവിന്‍' എന്ന് ആശാന്‍ കഥാപാത്രങ്ങള്‍ കേട്ടതാരുടെ മൊഴിയാണോ, അതില്‍പ്പലരുടേയും തീരുമാനങ്ങളെ ആരാണോ തുണച്ചത് കാണപ്പെടാത്ത ദൈവത്തിന്റെ പ്രതിച്ഛായയായ ആ കാണപ്പെട്ട ദൈവത്തിന്റെ, തന്റെ ജീവിതത്തിലെ ആ മൂല മാതൃകയുടെ ഗഹനതയാണ് ആശാന്റെ വ്യത്യാസം. ശ്രീബുദ്ധന്‍ ആ ദൈവത്തിന്റെ പൂര്‍വജന്മമായിരിക്കാം. ടാഗോറും വിവേകാനന്ദനും തോമസ് ഗ്രേയും ഷെല്ലിയും കീറ്റ്‌സുമെല്ലാം അയാളുടെ വെളിവുള്ള ഭാഷയില്‍ സംസാരിച്ചിരിക്കാം. ഉപേക്ഷയാം തമോവൃതി നീങ്ങി 'സ്ഫുരിച്ച ആ കാലപുരുഷന്റെ സ്മരണകളാവാം ആശാന്റെ കൃതികള്‍. 'നാമിങ്ങറിയുവല്‍പ്പം' എന്ന വിവേകം അതൊരിക്കലും കൈവെടിഞ്ഞതുമില്ല.' മന്ദ മര്‍ത്ത്യാ നീ തടുക്കായ്കയീശേച്ഛാ സുന്ദരമാ മിസ്സമാഗമങ്ങള്‍''.
Content Highlights: kalpetta narayanan adaradarayi asan kumaranasan sreenarayana guru