'എല്ലാവരും പറയുന്നു അമ്മ ചീത്തയാണെന്ന്... 'അതോടെ മൂന്നാം റാങ്കുകാരനായ മകന്റെ പഠിപ്പ് അവസാനിച്ചു'

ടി.വി. വാങ്ങിയെങ്കിലും ഞങ്ങള്‍ക്കു കേബിള്‍ കണക്ഷന്‍ കിട്ടിയില്ല. മുമ്പുതന്നെ ഞങ്ങളുടെ വീട്ടില്‍ മാത്രം പത്രം ഇടാറുമില്ലായിരുന്നു. ഞങ്ങള്‍ക്കു മാത്രം കേബിള്‍ കണക്ഷന്‍ വലിച്ചു തരുന്നില്ല. ഞങ്ങളുടെ വീടിനു പിറകില്‍ അങ്ങ് തുരുത്തി എന്ന സ്ഥലത്തൊക്കെ കേബിള്‍ കൊടുത്തിരുന്നു. കേബിള്‍ തരാതായതോടെ ഞങ്ങള്‍ പിന്നെ സി.ഡി വാങ്ങി സിനിമ കാണാന്‍ തുടങ്ങി. ഡി.വി.ഡി വലിയമ്മയുടെ വീട്ടില്‍ നിന്ന് എടുത്തു കൊണ്ടുവന്നതാണ്. ഞങ്ങളുടെ വീട്ടിലേക്കു അത്രയും വയര്‍ തരാന്‍ പറ്റില്ല എന്നാണ് കേബിള്‍ ടിവിക്കാര്‍ കാരണം പറഞ്ഞത്. ആകെ മുപ്പതു മീറ്റര്‍ കേബിള്‍ മാത്രം മതിയാകും. കേബിളിന്റെ പൈസ ഞങ്ങള്‍ കൊടുക്കാം എന്നും പറഞ്ഞിരുന്നു. ഞങ്ങളുടെ വീടിന്റെ മുന്നില്‍ അനിയത്തിയുടെ ഭര്‍ത്താവിന്റെ ഏട്ടന്‍ താമസിക്കുന്നുണ്ടായിരുന്നു. അവിടത്തേക്ക് കേബിള്‍ വലിച്ചു കൊടുത്തിരുന്നു. പിന്നെ അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് കേവലം പത്ത് മീറ്ററിന്റെ കേബിള്‍ മതിയാകും.പക്ഷേ, അവര്‍ വലിച്ചു തന്നില്ല. കാരണം മറ്റൊന്നുമല്ല. ജാതി തന്നെ.
വീടുപണിക്കായി പട്ടികജാതി വകുപ്പില്‍ നിന്നും കുറച്ചു പൈസ അനുവദിച്ചിരുന്നു. വീടിന്റെ പണി ഒരു വിധം പൂര്‍ത്തിയാക്കി.പക്ഷേ, തേപ്പുപണി കഴിഞ്ഞിട്ടില്ലായിരുന്നു. അതിനിടയില്‍, രണ്ടായിരത്തി എട്ടില്‍ എന്റെ ദേഹത്തേക്ക് വണ്ടി ഓടിച്ചുകയറ്റിയ കേസും വണ്ടി കത്തിച്ച കേസും വിചാരണയ്ക്കെടുത്തു. ആദ്യം കേസിനു പോയപ്പോള്‍ എതിര്‍പക്ഷക്കാര്‍ 'കേസ് കോംപ്രമൈസ് ചെയ്യാം, ഞങ്ങള്‍ വണ്ടി വാങ്ങിത്തരാം' എന്നു ഞങ്ങളോടു പറഞ്ഞു. അവര്‍ കുടുങ്ങും എന്നു മനസ്സിലായപ്പോഴാണ് അങ്ങനെ പറഞ്ഞത്. അവര്‍ക്കെതിരെ പോലീസുകാരുടെയും ഡോക്ടറുടെയും മൊഴി ശക്തമായുണ്ടായിരുന്നു. അതില്‍ ഡോക്ടറുടെ മൊഴിയായിരുന്നു ശിക്ഷ വിധിക്കാനുള്ള ഏറ്റവും വലിയ കാരണവും. കേസ് കോംപ്രമൈസ് ചെയ്യുന്നുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നോടു ചോദിച്ചു. ഞങ്ങള്‍ കോംപ്രമൈസിന് തയ്യാറല്ല എന്നുതന്നെ പറഞ്ഞു. രണ്ടു കേസും ഒരേ സമയത്ത് വന്നതുകൊണ്ട് ഞങ്ങള്‍ക്ക് വണ്ടി വാങ്ങിത്തരാം എന്നവര്‍ വീണ്ടും പറഞ്ഞു. 'വണ്ടി വാങ്ങിത്തരാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?' എന്ന് ശ്രീഷ്‌കാന്ത് ചോദിച്ചു. സെക്കന്റ് ഹാന്‍ഡ് വണ്ടി വാങ്ങിത്തരാം എന്നവര്‍ പറഞ്ഞു. സെക്കന്റ് ഹാന്‍ഡ് വണ്ടിക്കുവേണ്ടി ഞങ്ങള്‍ കേസ് പിന്‍വലിക്കില്ല എന്നും ഞങ്ങളുടേത് പുതിയ വണ്ടി ആയിരുന്നുവെന്നും അത് കൊണ്ടുതന്നെ പുതിയ വണ്ടി വാങ്ങിത്തന്നാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നും ശ്രീഷ്‌കാന്ത് പറഞ്ഞു. അതിന് അവര്‍ക്കും സമ്മതമല്ലാത്തത് കൊണ്ട് വിചാരണ നടക്കട്ടെ എന്ന് ഞങ്ങളും പറഞ്ഞു.
Content Highlights: Auto Driver Chithralekha Autobiography Oru Dalit Autodrivarude Jeevitham