'അടിയാര്‍ വന്നിട്ട് വെള്ളം കോരുന്നാ?';അവര്‍ കിണര്‍ മുഴുവന്‍ വറ്റിച്ച് പുണ്യാഹം തളിച്ചു

മുമ്പ് എടാട്ട് ഓട്ടോറിക്ഷാസ്റ്റാന്‍ഡില്‍ വെച്ച് എന്റെ ശരീരത്തിലേക്ക് ഓട്ടോ കയറ്റിയതിനെ തുടര്‍ന്ന് ആശുപ്രതിയിലെത്തിയപ്പോള്‍ ആദ്യമായി കാണാന്‍ വന്നത് അയ്യപ്പന്‍ മാഷ് ആയിരുന്നു. കലക്ടറുടെ ഒരു വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റിയിലും, എസ്.സി / എസ്.ടി മോണിട്ടറിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു അയ്യപ്പന്‍ മാഷ്. അന്ന് മാഷായിരുന്നു മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ സഹായിച്ചത്. പക്ഷെ ആ സമയങ്ങളിലൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. പട്ടുവം സ്‌കൂളിലായിരുന്നു മാഷ് പഠിപ്പിച്ചത്. ഞങ്ങള്‍ ഒന്ന് രണ്ടു പ്രാവശ്യം പട്ടുവത്തേക്ക് പോയി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ഡി.ജി.പി.ക്കും പരാതി അയച്ചിട്ടും അതിനൊന്നും ഒരു മറുപടിയും വന്നില്ല. ആരും നടപടിയെടുക്കാത്തതുകൊണ്ട് ആ പരാതികളുടെ പിന്നാലെ പോകുന്ന പരിപാടി ഞങ്ങളും വിട്ടു. പിന്നീട് എനിക്കെതിരെയുള്ള അക്രമങ്ങളിലെ ജാതീയത ചിത്രീകരിക്കാനായി ഏഷ്യാനെറ്റ് ചാനല്‍ പയ്യന്നൂരിലെത്തി. ഞാന്‍ മറ്റൊരു സമുദായത്തിലുള്ളവരുടെ കിണറില്‍ നിന്ന് വെള്ളം കോരുന്നത് ഷൂട്ട് ചെയ്തു. അതിനുമുമ്പേ തന്നെ അവിടെയുള്ള പുലയ സമുദായത്തില്‍ പെട്ടവര്‍ അവിടെ ജാതി നിലനില്‍ക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ വെള്ളമെടുക്കുന്നതുകണ്ട അവിടെയുള്ള ആ സമുദായത്തിലെ ഒരു സ്ത്രീ വന്ന് എന്നെ ചീത്ത വിളിച്ചു. അവര്‍ ക്യാമറ കണ്ടിരുന്നില്ല.
'അടിയാര്‍ വന്നിട്ട് വെള്ളം കോരുന്നാ? എന്താ ഇത് കളിക്കുന്നത്? ഞങ്ങള്‍ക്ക് കുടിക്കേണ്ട വെള്ളല്ലേ?' ആ സ്ത്രീ പറഞ്ഞതു മുഴുവന്‍ ക്യാമറ റെക്കോര്‍ഡ് ചെയ്തു. ക്യാമറ അവര്‍ കണ്ടിട്ടില്ലായിരുന്നു. അവസാനം ഞാന്‍ വെള്ളവുമെടുത്തു തിരിച്ചുവരുമ്പോഴാണ് അവര്‍ ക്യാമറ കണ്ടത്. അപ്പോഴാണ് ഷൂട്ട് ചെയ്യുന്ന കാര്യം അവര്‍ക്ക് മനസ്സിലായത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ ഇവിടെ ജാതി ഉണ്ടെന്നും ഞാന്‍ വെറുതെ പറയുന്നത് അല്ലെന്നും? അപ്പോള്‍ ചാനലുകാര്‍ അവരോട് നിങ്ങളെവിടെയാണെന്നു ചോദിച്ചു. അതിനു അവള്‍ പറഞ്ഞ മറുപടിയായിരുന്നു രസം. ഞങ്ങളിവിടെയൊന്നുമല്ല ഞങ്ങള്‍ റോഡിന്റെ അപ്പുറത്താണ് താമസം എന്നു പറഞ്ഞു തടിയൂരാന്‍ നോക്കി. പിന്നെ നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ ചീത്ത പറയുന്നത്? അല്ല, അത് ഞങ്ങള്‍ക്കും ഉപയോഗിക്കേണ്ട വെള്ളമല്ലേ? അതുകൊണ്ട് പറഞ്ഞതാണ് എന്ന മറുപടി വന്നു. അതിനു ഇവര്‍ ഉപയോഗിച്ചാലെന്താ എന്ന് ചോദിച്ചപ്പോള്‍ ആ സ്ത്രീക്ക് മറുപടി ഇല്ലായിരുന്നു. ബാക്കിയുള്ള പുലയരോടൊക്കെ ചോദിച്ചപ്പോള്‍ ആ സമുദായക്കാര്‍ കോരി തന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് വെള്ളം കിട്ടുകയുള്ളൂ എന്നവര്‍ തുറന്നുപറഞ്ഞു. അന്ന് വൈകുന്നേരം വാര്‍ത്ത പുറത്തു വന്നതോടെ ഈ വിവരം ലോകം മുഴുവന്‍ അറിഞ്ഞു.
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham