'ഉത്തര മലബാറില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന, ആക്രമിക്കപ്പെടുന്ന ഏക സ്ത്രീയൊന്നുമല്ലായിരുന്നു ഞാന്‍...'

പാര്‍ട്ടിയുടെ അക്രമവും എന്നില്‍ നിന്നും തുടങ്ങുന്നതൊന്നുമായിരുന്നില്ല. അമ്മയെ വീട്ടില്‍ കയറി കെട്ടിയിട്ട് ആക്രമിച്ചതും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഇവര്‍ക്കെതിരെ പത്രമാധ്യമങ്ങളിലൊന്നും വലിയ വാര്‍ത്തകള്‍ ഒന്നുംതന്നെ ഉണ്ടായില്ല. 'ഗദ്ദിക' എന്ന ഒരു ചെറിയ പത്രത്തില്‍ ഒരു രണ്ടുകോളം വാര്‍ത്ത മാത്രമായിരുന്നു അമ്മയെ ആക്രമിച്ചതിനെക്കുറിച്ചു വന്നത്. അമ്മ മാത്രമല്ല മറ്റു പല സ്ത്രീകളും ആ കാലഘട്ടങ്ങളില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഉത്തര മലബാറില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന, ആക്രമിക്കപ്പെടുന്ന ഏക സ്ത്രീയൊന്നുമല്ലായിരുന്നു ഞാന്‍. എന്നെപ്പോലെ പയ്യന്നൂരിനടുത്തുള്ള കവ്വായി എന്ന സ്ഥലത്തെ ഓട്ടോറിക്ഷ ഓടിക്കുന്ന സീത എന്ന സ്ത്രീയും ഇതുപോലെ ആക്രമിക്കപ്പെട്ടിരുന്നു. സീത എന്ന പുലയസ്ത്രീയുടെ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. ഇവരുടെ തുടരക്രമങ്ങള്‍ക്കും ഭീഷണിക്കും മേലെയുള്ള പേടി കാരണമായിരിക്കാം ഒരുപക്ഷേ, അവര്‍ ഒരു ഒത്തുതീര്‍പ്പിലേക്കെത്തിയത്. അവര്‍ക്ക് അവസാനം ഇന്‍ഷുറന്‍സ് കിട്ടി പുതിയ വണ്ടി വാങ്ങിച്ചു. അതേപോലെ പഴയങ്ങാടിയിലെ ദളിത് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട എലിസബത്ത് എന്ന സ്ത്രീക്ക് മറ്റൊരു അനുഭവമാണ് ഉണ്ടായത്. അവരുടെ ഓട്ടോ മേല്‍ജാതിക്കാര്‍ ഓട്ടം വിളിച്ചു കൊണ്ടുപോവുകയും പകുതി വഴിക്കുവെച്ച് ശാരീരികോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. തീവണ്ടികളിലെ ടോയ്‌ലെറ്റുകളില്‍ അവരുടെ ഫോണ്‍ നമ്പര്‍ എഴുതിവെച്ചു. അവരെ ഒരു വേശ്യയായി ചിത്രീകരിച്ചു. അവര്‍ അവസാനം ഓട്ടോറിക്ഷപ്പണി നിര്‍ത്തുകയാണ് ചെയ്തത്.
Content Highlights: Dalit Autodriver Chithralekhs Autobiography