'ഇതുപോലെ നിന്നെയും കീറും';'എന്റെ വണ്ടി കീറി അതില്‍ത്തന്നെ കിടന്നുറങ്ങിയ ആള്‍ എഴുന്നേറ്റു നിന്നു'

#തയ്യാറാക്കിയത്:വി.എന്‍ അന്‍സല്‍
ചിത്രലേഖ
ചിത്രലേഖ

ചിത്രലേഖയുടെ ആത്മകഥ ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം തുടരുന്നു.

പൈസ തീരെ ഇല്ലാത്തിടത്തുനിന്ന് പത്ത് രൂപ സ്വരൂപിക്കാനും സമ്പാദിക്കാനും തുടങ്ങി. പിന്നെയാണ് പി.എം.ആര്‍.വൈ (പ്രധാനമന്ത്രിയുടെ സ്വയം തൊഴില്‍ പദ്ധതി) വഴി ലോണ്‍ എടുത്ത് ഒരു പുതിയ ഓട്ടോറിക്ഷ വാങ്ങിക്കുന്നത്. പക്ഷെ വണ്ടിയുടെ പണിയെടുത്ത് ബ്രേക്ക് എടുത്തു നിരത്തിലിറക്കണമെങ്കില്‍ പിന്നെയും പൈസ വേണമായിരുന്നു. അമ്മമ്മയോടു സഹായം ചോദിച്ചു. 'മോളെ, എനിക്ക് ബാങ്കിലേക്കൊന്നും നടക്കാന്‍ വയ്യ' എന്ന് പറഞ്ഞു വീടും പറമ്പും എന്റെ പേരില്‍ എഴുതിത്തന്നു. ആധാരം പണയം വെച്ചു നാല്‍പതിനായിരം രൂപയുമെടുത്ത് വണ്ടിയുടെ പണി പൂര്‍ത്തിയാക്കി. രണ്ടായിരത്തി നാല് സെപ്റ്റംബറില്‍ വണ്ടി ബ്രേക്ക് എടുത്തു ഇറങ്ങി. ഞങ്ങള്‍ പഞ്ചായത്തില്‍ ആയതുകൊണ്ട് പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ഓടാനുള്ള പാര്‍ക്കിംഗ് പെര്‍മിറ്റ് കിട്ടില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ എടാട്ട് തന്നെ വണ്ടി ഓടിക്കാന്‍ വേണ്ടി യൂണിയന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പാര്‍ക്കിംഗ് പെര്‍മിറ്റിനു വേണ്ടി അപേക്ഷ കൊടുത്തു. അപ്പോള്‍ അവര്‍ 'നോക്കട്ടെ' എന്ന് പറഞ്ഞു. ഞങ്ങളുടെ തന്നെ സമുദായത്തില്‍പെട്ട രണ്ടുപേരും അപേക്ഷ കൊടുത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും പുലയ സമുദായത്തില്‍ പെട്ടവരായത് കൊണ്ട് പെര്‍മിറ്റ് കൊടുത്തിരുന്നില്ല. ആ സമയത്താണ് ഞാനും പെര്‍മിറ്റിനു കൊടുക്കുന്നത്. യൂണിയന്‍കാര്‍ 'ഇന്നാകട്ടെ നാളെ ആകട്ടെ' എന്ന് പറഞ്ഞു രണ്ടുമാസം എന്നെ നടത്തിച്ചു. ഇവരെന്താണ് ഇങ്ങനെ ഉരുട്ടുന്നത് എന്ന കാര്യത്തില്‍ സംശയം തോന്നിയ ശ്രീഷ്‌കാന്ത് പ്രകാശനോടും ശശിയോടും ഇക്കാര്യം സംസാരിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. അവര്‍ മൂന്നാല് വര്‍ഷമായി വണ്ടി വാങ്ങിയിട്ട്. ഇതുവരെ വണ്ടി ഓടിക്കാന്‍ പെര്‍മിറ്റ് കിട്ടിയിട്ടില്ലത്രെ. അപ്പൊ ശ്രീഷ്‌കാന്ത്, 'എന്തായാലും നമ്പര്‍ വാങ്ങിച്ചെടുത്തിട്ടേ ബാക്കി കാര്യമുള്ളൂ, എനിക്ക് അവിടെത്തന്നെ ഓട്ടോ ഓടിക്കണം' എന്നും പറഞ്ഞു, പഞ്ചായത്ത് മെമ്പറും കൂടിയാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്. അവസാനം ഞാന്‍ അയാളെ കണ്ട് 'ലോണെടുത്ത വണ്ടിയാണ്, നിങ്ങള്‍ നമ്പര്‍ തന്നിട്ടില്ലെങ്കിലും ഞാന്‍ എടാട്ട് ഓട്ടോ ഓടിക്കും' എന്നു പറഞ്ഞു. മൂന്നുമാസമായി എന്റെ ലോണ്‍ പെന്‍ഡിങ്ങും ആയിരുന്നു. അങ്ങനെ നൂറു രൂപ കൊടുത്തു ശ്രീഷ്‌കാന്തിന്റെ പേരില്‍ ഇ.ടി. നാല്‍പത്തി നാല് എന്ന നമ്പര്‍ കിട്ടി. 

Content Highlights: Autobiography od Chithralekha Oru Dalit Auto Drivarude jeevitham

Continue reading