'എന്റെ കൊച്ചേ എന്നുച്ചത്തില്‍ കാറിക്കൊണ്ട് അനാഥാലയത്തിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ ഞാന്‍ ഓടി'

1983. എനിക്കന്ന് ഒന്‍പതു വയസ്സാണ് പ്രായം. ക്രിസ്മസ് അവധിക്ക് അമ്മ ഞങ്ങളെ കാണാന്‍ വരുന്നതുംകാത്ത് ദിവസങ്ങളെണ്ണി കഴിഞ്ഞ നാളുകള്‍. ആ അവധിക്കും പതിവുപോലെ ഒന്നോ രണ്ടോ ദിവസം ഞങ്ങളോടൊപ്പം വന്നു നിന്നിട്ട് ഞങ്ങളെ ഇല്ലാതെ അമ്മ മടങ്ങിപ്പോകും എന്നറിയാം. എങ്കിലും കാളത്തോട്ടിലെ അനാഥാലയത്തിലും അതിന്റെ തൊടിയിലുമൊക്കെ അനാഥനല്ല എന്ന തോന്നലുണ്ടാക്കാന്‍ അമ്മയുടെ വരവ് ഉപകരിച്ചു. അമ്മ വന്നു പോയിക്കഴിയുമ്പോള്‍ പിന്നീടുള്ള ആഴ്ചകളും മാസങ്ങളുമൊക്കെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനാഥത്വം താത്കാലികമായെങ്കിലും മനസ്സിനെ വിട്ടുപോകും.
''അമ്മേടെ പൊന്നുമോന് നന്നായി പഠിക്കണം. നമ്മുടെ കഷ്ടപ്പാടൊക്കെ ഒരു ദിവസം മാറും. ഈ വര്‍ഷംകൂടി അമ്മേടെ മക്കള്‍ ഇവിടെ നിന്നാല്‍ മതി. അഞ്ചാം ക്ലാസ്സിലേക്ക് എന്റെ മോന് കയറുമ്പോ അമ്മ വന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുപോകാം. അഞ്ചാം ക്ലാസ്സില്‍ എന്റെ മോന് പറത്തോട്ടില്‍ പള്ളിക്കൂടത്തില്‍ പോയാല്‍ മതി.''
തലേ ഓണാവധിക്ക് അമ്മയോട് ചേര്‍ന്ന് കിടന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ അപ്പോഴും എനിക്ക് കേള്‍ക്കാമായിരുന്നു. നീണ്ടിരുണ്ട ചുരത്തിനും അപ്പുറം കാത്തിരിക്കുന്ന വെളിച്ചമായിരുന്നു ആ വാക്കുകള്‍.
ആ ശനിയാഴ്ച സാലുവും വിക്രമനും ഞാനും രാജേട്ടനോടൊപ്പം പതിവുപോലെ കന്നുകാലിത്തൊഴുത്ത് വൃത്തിയാക്കി. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കുളത്തിനപ്പുറമുള്ള തെങ്ങിന്തോപ്പില് കളിക്കാന്‍ പോയി. സാധാരണ വിക്രമനും ഞങ്ങളോടൊപ്പം ഉണ്ടാകുന്നതാണ്. അന്നവന് വന്നില്ല. ആണ്‍കുട്ടികളുടെ കെട്ടിടത്തിന്റെ മുന്നിലൂടെ ഞങ്ങള്‍ തൊടിയിലേക്ക് പോകുമ്പോള്‍ അവന് എതിര്‍വശത്തെ തടിമില്ലിനപ്പുറമുള്ള ശ്മശാനത്തിലേക്ക് നോക്കിനിൽപ്പുണ്ട്. തൊടിയിലെത്തി ഓലപ്പന്തുണ്ടാക്കി കളി തുടങ്ങിയപ്പോള്‍ മറ്റു സമപ്രായക്കാരും വന്നു. കുറേ നേരം കളിച്ചു കഴിഞ്ഞപ്പോള്‍ അലോഷിയും മറ്റു മുതിര്‍ന്ന കുട്ടികളും മസ്ജിദിന് എതിര്‍വശത്തുള്ള, അക്കാലത്ത് മതില്‍ക്കെട്ടി തിരിച്ച് ഗേറ്റ് പിടിപ്പിച്ച പറമ്പില്‍ ഏറുപന്ത് കളിക്കുന്നുണ്ടെന്നറിഞ്ഞു. സാലുവും ഞാനും അങ്ങോട്ടോടി. വരുന്ന വഴിക്ക് വിക്രമന് നേരത്തെ നിന്നിരുന്നിടത്ത് ഉണ്ടോ എന്നുനോക്കി. ഉണ്ടെങ്കില്‍ അവനെക്കൂടി കളിക്കാന്‍ കൊണ്ടുപോകാമെന്നു കരുതിയതാണ്. അവനവിടെ ഉണ്ടായിരുന്നില്ല.
Content Highlights: Childhood Memories by babu abraham From Parathot to Paris part 9