'ജോസേട്ടന് നിന്നെയെന്താ ചെയ്തേ? മണ്‍വഴിയിലൂടെ നടന്നുപോരുമ്പോള്‍ ഞാന്‍ സാലുവിനോട് ചോദിച്ചു'

തൃശ്ശൂർ കാളത്തോട്ടില് ഒന്നര വര്‍ഷക്കാലം ഞങ്ങള്‍ കഴിഞ്ഞ അനാഥശാലയില്‍ അക്കാലത്ത് നൂറോളം കുട്ടികളാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിന്റെ ഉടമയായ, ഞങ്ങളെല്ലാം 'അമ്മച്ചി' എന്ന് വിളിച്ചിരുന്ന സ്ത്രീ ആ നാട്ടിലെ ഒരു പ്രധാന പ്രമാണി കുടുംബത്തില്‍പ്പെട്ട ആളായിരുന്നു. അവിടെ വരുന്ന കുട്ടികള്‍ക്ക് പതിനെട്ടു വയസ്സുവരെ അവിടെ താമസിക്കാം എന്നതായിരുന്നു വ്യവസ്ഥ. എങ്കിലും നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞിട്ടും പോകാന്‍ സ്ഥലമൊന്നും ഇല്ലാതിരുന്ന പല മുതിര്‍ന്ന ചേട്ടന്മാരും ചേച്ചിമാരും അവിടെത്തന്നെ തുടര്‍ന്നു. അവരില്‍ ചിലര്‍ അവിടെത്തന്നെ ആയമാരായി. ചിലര്‍ തമ്മില്‍ വിവാഹം കഴിച്ചു. പലപ്പോഴും അമ്മച്ചി ഇടപെട്ട് അവര്‍ക്ക് ജോലിയും തരപ്പെടുത്തി. ഒന്നോ രണ്ടോ മാസം കൂടി അനാഥശാലയില്‍ താമസിച്ചിട്ട് അവര്‍ അവിടെനിന്ന് താമസം മാറി.
തൃശ്ശൂര്‍ ടൗണിലും മണ്ണൂത്തിയിലും പരിസരപ്രദേശങ്ങളിലുമൊക്കെ ആശുപത്രികളിലോ വഴിയിലോ ഒക്കെ ഉപേക്ഷിച്ച ചോരക്കുഞ്ഞുങ്ങളെപ്പോലും അമ്മച്ചിയുടെ അടുക്കല്‍ കൊണ്ടുവരും. അനാഥാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്വരാന്തയില്നിന്ന് അകത്തേക്ക് കടക്കുമ്പോള്‍ ഒരു വലിയ ഹാളാണ്. അതിന്റെ പകുതിയിലേറെ ഭാഗത്തും നിരത്തിക്കെട്ടിയ തൊട്ടിലുകളില്‍ കൊച്ചുകുഞ്ഞുങ്ങള്‍ രാവും പകലും അലറിക്കരഞ്ഞു. അനാഥതത്വത്തിന്റ ഇരുളിലേക്ക് വലിച്ചെറിയപ്പെട്ട ആ കുഞ്ഞുങ്ങളോട് അമ്മച്ചിക്ക് സ്നേഹമില്ലായിരുന്നെന്ന് പറഞ്ഞാല്‍ അത് കള്ളമാകും.
Content Highlights: Childhood Memories by babu abraham From Parathot to Paris part 6