നിര്‍ത്തെടാ എന്നലറിക്കൊണ്ട് ആ തടിച്ച സ്ത്രീ എന്നെ തുരുതുരാ അടിച്ചു, ഞാനവരുടെ കാലുപിടിച്ച് കരഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓണാവധിക്കുശേഷം പള്ളിക്കൂടം തുറക്കുന്നതിന്റെ തലേന്ന് വെളുപ്പിനെ പി.എം.എസ്സിനാണ് അമ്മ ഞങ്ങള്‍ ഇളയ മൂന്നു മക്കളെയുമായി ഇടുക്കിയിലെ കമ്പിളികണ്ടത്തുനിന്ന് തൃശ്ശൂരിലുള്ള അനാഥശാലയിലേക്ക് പോയത്. ആ ജൂണ്‍ മാസം മുതല്‍ ഞങ്ങളുടെ നാട്ടില്‍നിന്നുള്ള, ഒരേ ഇടവകയില്‍പ്പെട്ട മറ്റൊരു വീട്ടിലെ രണ്ടു കുട്ടികളെ തൃശ്ശൂരിലെ ആ സ്ഥാപനത്തില്‍ ലൈസി ചേച്ചിയുടെ ശുപാര്‍ശയില്‍ ആക്കിയിട്ടുണ്ട് എന്നതാണ് അമ്മയ്ക്ക് ആശ്വാസമായത്. ജെസ്സിയെ കൂടെ നിര്‍ത്തി, ലാലിയെയും ബിന്ദുവിനെയും എന്നെയും രണ്ടു വര്‍ഷത്തേക്ക് തൃശ്ശുരുള്ള അനാഥശാലയിലാക്കാന്‍ അമ്മ തീരുമാനിച്ചത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബാങ്കിലെ വായ്പ പൂര്‍ണമായും അടച്ചുതീര്‍ക്കേണ്ടതുകൊണ്ടാണ്. രണ്ടു വര്‍ഷമായി പലിശ അടച്ച് പുതുക്കിയിരുന്ന ആ വായ്പയുടെ കാര്യത്തില്‍ അത്തരമൊരു തീരുമാനം എടുക്കാന്‍ ബാങ്ക് സെക്രട്ടറി നിര്‍ബന്ധിതനായത് കുടുംബക്കാരില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടാണെന്നു സെക്രട്ടറി പില്‍ക്കാലത്തു അമ്മയോട് പറയുകയുണ്ടായി.

അമ്മ ഞങ്ങളെ തൃശ്ശൂരിലെ അനാഥശാലയില്‍ കൊണ്ടുപോയതിന്റെ തലേന്ന്, ഞങ്ങളെല്ലാവരും ഞങ്ങളുടെ ചാണകം മെഴുകിയ തിണ്ണയിലിരുന്നു വയറുനിറയെ ഭക്ഷണം കഴിച്ചു. അന്ന് രാവിലെ കുമാരന്‍ചേട്ടന്റെ കശാപ്പ്കടയില്‍നിന്ന് ഒരുകിലോ ഇറച്ചിയും വാങ്ങിയിരുന്നതിനാല്‍ ഞങ്ങളുടെ അന്നത്തെ അത്താഴം കേമമായിരുന്നു. ക്രിസ്മസ്സിനും ഈസ്റ്ററിനും മാത്രം ഇറച്ചി വാങ്ങിയിരുന്ന ഞങ്ങള്‍ക്ക് അങ്ങനൊരു സദ്യ ഇടവകപ്പള്ളിയിലെ പെരുന്നാളിന് എന്നപോലായിരുന്നു. അത്താഴം കഴിഞ്ഞ് രാത്രി ഏറെയാകുംവരെ അമ്മ ഞങ്ങളോടു വര്‍ത്തമാനം പറഞ്ഞിരുന്നു.
''സഹകരണ ബാങ്കിലെ ലോണ്‍ അടച്ചില്ലേല്‍ അവര്‍ നമ്മുടെ വീട് ജപ്തി ചെയ്യും. രണ്ടു വര്‍ഷം മക്കള്‍ അവിടെ നിന്നാല്‍ മതി. അപ്പോഴേക്കും നമ്മുടെ കടമൊക്കെ തീരും. അമ്മ മക്കളെ തിരിച്ചുകൊണ്ടുവന്നു പാറത്തോട്ടിലെ പള്ളിക്കൂടത്തില്‍ ചേര്‍ക്കും.''
മടിയില്‍ ബിന്ദുവിനെയും വച്ച് അമ്മ പറയുമ്പോള്‍ ഇരുട്ടില്‍, ദൂരെ ശൂന്യതയിലേക്ക് കണ്ണുംനട്ട് ഞാനിരുന്നു. ലാലി അമ്മയുടെ ദേഹത്തേക്ക് ചാരി ഏങ്ങലടിച്ചുകൊണ്ടിരുന്നു. കട്ടിളപ്പടിയില്‍ ജെസ്സി അമ്മയുടെ രണ്ടാമത്തെ അനുജത്തിയെ ചാരിയിരുന്നു.
''അമ്മയില്ലാതെ, ഞങ്ങള്‍ക്ക് അവിടെ ആരാ ഉള്ളത്? ഞങ്ങള്‍ക്ക് പേടിയാവൂല്ലേ..?''
ഇരുട്ടിലേക്ക് തന്നെ നോക്കികൊണ്ട് ഞാന്‍ ചോദിച്ചു.
''അതൊന്നുമോര്‍ത്ത് എന്റെ മക്കള്‍ വിഷമിക്കേണ്ട. അവിടെ നിങ്ങളെ നോക്കാന്‍ കൊറേ ചേച്ചിമാരൊക്കെ ഉണ്ട്. നമ്മുടെ വീട്ടിലെപ്പോലെ അല്ല. മൂന്നു നേരം നിങ്ങള്‍ക്ക് ഭക്ഷണം വയറു നിറച്ചു കിട്ടും. പിന്നെ നമ്മുടെ പള്ളിയില്‍വരുന്ന അച്ചുക്കുട്ടി ചേടത്തിയുടെ പിള്ളേര്, ലിസ്സിയും അലോഷിയും മൂന്നുമാസമായി അവിടെയാ പഠിക്കുന്നെ. അവിടെ നല്ലതാന്നാ ചേടത്തി പറഞ്ഞത്. ഇടയ്ക്കിടെ മൊഠായി ഒക്കെ കിട്ടും. മിക്കവാറും സായിപ്പന്മാരൊക്കെ വരൂന്നും അവര്‍ അവിടുന്ന് മിഠായിയൊക്കെ കൊണ്ടുവരുമത്രേ.''
അത് പറയുമ്പോള്‍ അമ്മയുടെ സ്വരം ഇടറിയിരുന്നു.
''ചേച്ചി ഇങ്ങനെ ഇരുന്നാലെങ്ങനാ... വെളുപ്പിന് പോകേണ്ടതല്ലേ...' പിറ്റേന്ന് ജെസ്സിക്ക് കൂട്ടിരിക്കാന്‍ വന്ന അമ്മയുടെ അനുജത്തി, കൊച്ചാന്റി പറഞ്ഞു.
''കിടക്കാം...' അമ്മ ദീര്‍ഘനിശ്വാസം വിട്ടു.
''നിങ്ങള്‍ മൂന്നുപേരും മാത്രമാ നാളെ തൃശ്ശൂര്‍ക്ക് പോകുന്നത്. ജെസ്സി അമ്മയുടെ കൂടെ നില്‍ക്കട്ടെ... അമ്മയ്ക്കും ആരെങ്കിലും കൂട്ടു വേണ്ടേ...' അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.
''അതെന്നാമ്മേ ഞങ്ങളെ മാത്രം വിടുന്നത്...?'' ജെസ്സി അമ്മയുടെ കൂടെ നില്‍ക്കുന്നതോര്‍ത്തപ്പോള്‍ ഉണ്ടായ അസൂയയാണോ അതോ അമ്മയില്‍നിന്ന് പിരിയാനുള്ള വിഷമമായിരുന്നോ എന്നെ അലട്ടിയത്? കൃത്യമായി ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങള്‍ ഇന്നും എന്നെ അലട്ടുന്നുണ്ട്. അല്ലെങ്കില്‍ തന്നെ വേദനകളുടെ ആ നാളുകള്‍ നീക്കിവെച്ചുപോയ പല ചോദ്യങ്ങളും ഉത്തരങ്ങള്‍ ഇല്ലാതെ എന്റെ മനസ്സിന്റെ മണ്‍വഴികളില്‍ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്.
''അമ്മയിവിടെ തന്നെ താമസിച്ചാല്‍ നാട്ടുകാരും വീട്ടുകാരുമൊക്കെ പലതും പറയും...'
ബിന്ദുവിനെ തോളിലിട്ട് അകത്തേക്ക് നടക്കുമ്പോള്‍ അമ്മ പറഞ്ഞു. അന്ന് ജെസ്സി അമ്മയുടെ കൂടെയല്ല കിടന്നത്. ഒരു കാലൊടിഞ്ഞ, ആ ഭാഗത്ത് മണ്‍കട്ട അടുക്കി ലെവല്‍ ആക്കിയ, കയറു പാകിയ ചെറിയ കട്ടിലില്‍ ജെസ്സിയും കൊച്ചാന്റിയും കിടന്നു. അമ്മയുടെ കട്ടിലില്‍, അമ്മയുടെ ഇരുവശവും ബിന്ദുവും ഞാനും. ബിന്ദുവിനോട് ചേര്‍ന്ന് അമ്മയെ കൈ നീട്ടി എത്തിച്ചു കെട്ടിപ്പിടിച്ചു ലാലിയും കിടന്നു. അഞ്ച് ഇരുപതിന്റെ പി.എം.എസ്. പിടിക്കാന്‍ കമ്പിളികണ്ടത്തേക്ക് പോകുംവരെ അമ്മ ഉറങ്ങിയിരുന്നുവെന്നു തോന്നുന്നില്ല. ഞാന്‍ ഉറങ്ങുന്നതുവരെയും ഇടയ്ക്കിടെ അമ്മയുടെ ഏങ്ങലടി കേള്‍ക്കാമായിരുന്നു.

Content Highlights: Childhood Memories by babu abraham From Parathot to Paris part 5

Continue reading