'അപ്പനിട്ടേച്ചു പോയപ്പോ ഞങ്ങളേം കൊന്ന് നിങ്ങക്ക് ചത്തുടാരുന്നോ, എന്തിനാ ഈ നാണംകെട്ട ജീവിതം?'

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഇടവകയിലുള്ള, നാലഞ്ച് വയസ്സ് ഇളയ, ഒരു പെണ്‍കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നിയിരുന്നെങ്കിലും അവളുടെ കുടുംബക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരുന്നതിനാല്‍ അപ്രാപ്യമായ ഒരു ബന്ധത്തില്‍ ഇറങ്ങിത്തിരിച്ച് മുറിവേല്‍ക്കപ്പെടാനോ അപമാനിതനാകാനോ ഞാന്‍ താല്‍പ്പര്യപ്പെട്ടില്ല. അല്ലെങ്കില്‍ത്തന്നെ അവള്‍ കൊച്ചുകുട്ടിയല്ലേ...! പ്രണയമൊന്നും തോന്നാന്‍ തക്ക പ്രായവും ഇല്ല. എങ്കിലും എന്നെ കാണുമ്പോള്‍ അവളുടെ മുഖത്ത് വന്നുപോയ പുഞ്ചിരി എന്നില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചു. ഞാന്‍ മറന്നുപോയ ആ ആദ്യ ഇഷ്ടം മടങ്ങിവന്നത് എനിക്ക് ഇരുപതു വയസ്സായപ്പോഴാണ്. അപ്പോള്‍ അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന തോന്നലുകള്‍ എന്നില്‍ ഉണ്ടാക്കുംവിധം അവള്‍ എന്നോട് പെരുമാറുവാനും തുടങ്ങി. അപ്പോഴേക്കും കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എന്റെ ചുമലില്‍ ആയതിനാല്‍ പ്രണയത്തിന്റെ ആ നേര്‍ത്ത മന്ത്രണങ്ങള്‍ക്ക് ചെവികൊടുക്കാതെ ഞാന്‍ ജീവിതത്തിന്റെ പേജുകള്‍ മറിച്ചുവിട്ടു. അവള്‍ എന്നെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നുവെന്നും എന്നെ എന്റെ സാഹചര്യങ്ങളോടെ അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുമായിരുന്നുവെന്നും ഞാന്‍ അവളുടെ പ്രണയം അറിഞ്ഞിട്ടും അത് കണക്കിലെടുക്കാതെ ഒരു ഭീരുവിനെപ്പോലെ അവളെ വിട്ടുപോയെന്നും, പില്‍ക്കാലത്ത് അവള്‍ പരാതിപ്പെട്ടു. അപ്പോഴേക്കും കാലം തീര്‍ത്ത പല മൈല്‍ക്കുറ്റികളും ജീവിതത്തെ അടയാളപ്പെടുത്തി കഴിഞ്ഞിരുന്നു.
എന്റെ ഇരുപതുകളുടെ തുടക്കത്തില്‍, ജീവിതം വെട്ടിപ്പിടിക്കാനും കുടുംബത്തെ കരകയറ്റാനുമുള്ള ഓട്ടം ഞാന്‍ തീക്ഷ്ണമായി ആരംഭിക്കുന്നതിനും മുന്‍പ് കൗമാരത്തിന്റെ തിളപ്പില്‍, ഞാന്‍ എനിക്കായി തീര്‍ത്ത ഒരു ഇരുണ്ട തുരങ്കം കുറേ ഏറെ നാളുകള്‍ എന്നെ, ഒരിക്കലും അവസാനിക്കുകയില്ല എന്ന് തോന്നിച്ച ഇരുട്ടില്‍ എന്നെ തളച്ചിട്ടു. പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്റെ ഇരിപ്പിടം ഞാന്‍ പിന്‍ ബെഞ്ചിലേക്ക് മാറ്റി. പലപ്പോഴും ലില്ലി ടീച്ചര്‍ എന്നെ മുന്‍പില്‍ കൊണ്ടുപോയി ഇരുത്തിയാലും ഞാന്‍ അവരെ അനുസരിച്ചില്ല. പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞും മടങ്ങിവരാത്ത അപ്പനോടും അപ്പന്റെ കുടുംബക്കാരോടുമുള്ള എന്റെ വെറുപ്പ് ലോകത്തോട് മുഴുവനായി. വെറുപ്പ് അര്‍ബുദം പോലെയാണ്. സമയത്ത് കാരണം കണ്ടെത്തി വെറുപ്പിന്റെ കാരണവും കണികകളും കഴുകിക്കളഞ്ഞില്ലങ്കില്‍ നിശബ്ദതയില്‍ മറഞ്ഞിരുന്നു പെറ്റുപെരുകുന്ന മുഴകള്‍ പോലെയാണത്. പഠിക്കാനുള്ള എല്ലാ താല്പര്യവും എനിക്ക് നഷ്ടമായി. അധ്യാപകരോടും സഹപാഠികളോടുമൊക്കെ എനിക്ക് വെറുപ്പായിരുന്നു. വെറുപ്പും ഇരുട്ടും ഉള്ളില്‍ നിറഞ്ഞാടിയ സംഘനൃത്തം എന്നെ ഒരു ഭ്രാന്തനാക്കി.
Content Highlights: Childhood Memories by babu abraham From Parathot to Paris part 31