'നീ കുടുംബക്കാരെ നാണം കെടുത്തുമല്ലോടി'; അമ്മയുടെ കരണത്ത് അടിച്ചുകൊണ്ടായിരുന്നു അപ്പാപ്പന്റെ തുടക്കം

ബാബു അബ്രഹാമിന്റെ മാതാവും സഹോദരിമാരും | Photo: Special Arrangement
ബാബു അബ്രഹാമിന്റെ മാതാവും സഹോദരിമാരും | Photo: Special Arrangement

1980, പള്ളിമേടയിൽ കൂടിയ രാത്രി യോഗത്തിന് ഒരു മാസം പ്രായമായിട്ടുണ്ടാകണം. ഒരു ദിവസം അഞ്ച് മണിയോടെ അയല്പക്കത്തെ വയലിൽ കളപറി കഴിഞ്ഞ്, ചാക്കോച്ചേട്ടന്റെ വീട്ടിലേക്കുള്ള നെല്ല് കമ്പിളികണ്ടത്തെ മില്ലിൽ കൊണ്ടുപോയി കുത്തിച്ചു വന്ന വഴിയിൽ, അപ്പന്റെ നേരെ ഇളയ അനുജൻ, വല്യപ്പാപ്പാൻ തെള്ളിത്തോട്ടിൽ അമ്മയെ കാത്തു നിന്നു. നെല്ലുകുത്തിക്കാനായി പോകുമ്പോൾ, റേഷൻകാർഡ് എടുത്തു  തെള്ളിത്തോട്ടിലേക്കു ചെല്ലാൻ അമ്മ എന്നോട് വീടിനക്കരെ നിന്നു ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അന്ന് വൈകുന്നേരത്തെ ഞങ്ങളുടെ അത്താഴത്തിനുള്ള അരി വാങ്ങാനായിരുന്നു അത്. തെള്ളിത്തോട്ടിൽ അക്കാലത്തു മേക്കാട്ടുകാർ നടത്തിയിരുന്ന ചായക്കടയും കുഞ്ഞപ്പൻ ചേട്ടന്റെ റേഷൻകടയുമാണ് ഉണ്ടായിരുന്നത്. ചായയും കടിയും കൂടാതെ കമ്പിളികണ്ടത്തുനിന്ന് ചാരായം വാങ്ങിവരുന്നവർ അവിടെ കൂട്ടംകൂടിയിരുന്നു നാട്ടുവർത്തമാനം പറഞ്ഞു കുടിക്കുന്ന പതിവും ഉണ്ടായിരുന്നു.

അമ്മ പോയി അല്പം കഴിഞ്ഞപ്പോൾത്തന്നെ, ഞാൻ റേഷൻ കാർഡുമെടുത്തു തെള്ളിത്തോട്ടിൽ എത്തി. റേഷൻ കടയുടെ മുന്നിലെ തിണ്ണയിലെ തൂണുകളിൽ ഒന്നിൽപിടിച്ചു, മേക്കാട്ടുകടയിലെ ചില്ലലമാരയിലെ പലഹാരങ്ങളെ നോക്കി കൊതിയോടെ വെള്ളമിറക്കി നിന്നു. അമ്മ വന്നു റേഷൻകടയിൽനിന്ന് ഒരുകിലോ പച്ചരി വാങ്ങി. പണം കൊടുത്തു കാർഡ് പതിപ്പിച്ചു വാങ്ങി എന്റെ കയ്യിൽ തരുമ്പോളാണ് വല്യപ്പാപ്പാൻ മേക്കാട്ടു കടയിൽനിന്ന് ഇറങ്ങി വന്നത്. വെളുത്ത അടിവസ്ത്രം കാണും വിധം മുണ്ട് മടക്കിക്കുത്തി വല്യപ്പാപ്പാൻ അമ്മയുടെ അടുത്തേക്ക് വന്നു. അമ്മയുടെ കരണംതീർത്ത് അടിച്ചുകൊണ്ടായിരുന്നു അപ്പാപ്പന്റെ തുടക്കം.
''നീ കെട്ടിയോനില്ലാതെ നാട്ടിൽക്കൂടെ വ്യഭിചരിച്ചുനടന്നു കുടുംബക്കാരെ മുഴുവൻ നാണം കെടുത്തുമല്ലേടി...'
അമ്മയുടെ നീണ്ട മുടിക്കെട്ടിൽ പിടിച്ചുവലിച്ചുകൊണ്ട് വല്യപ്പാപ്പൻ അലറി. കുടിച്ചുതീർത്ത ചാരായത്തിന്റെ ഊർജ്ജവും ചേർത്ത് ആ ദിവസങ്ങളിൽ വഴിയിൽ നിരത്തിയ മിറ്റലിലൂടെ വല്യപ്പാപ്പാൻ അമ്മയെ വലിച്ചിഴച്ച് കുര്യക്കോച്ചേട്ടന്റെ വീടിനടുക്കലേക്ക് കൊണ്ടുപോയി... അമ്മ പാടുപെട്ട് എഴുന്നേൽക്കുന്നതും കുതറി ഓടാൻ നോക്കുന്നതും ഞാൻ കണ്ടു. മേക്കാട്ടുകടയിൽ നിന്നു ഇറങ്ങിവന്ന കൊച്ചപ്പാപ്പാൻ ജേഷ്ഠൻ പറഞ്ഞതനുസരിച്ചു അമ്മയെ ഇരുകയ്യുംചേർത്ത്, പിന്നിൽനിന്ന് ഒരത്തിൽ പിടിച്ചു നിർത്തി. അമ്മയുടെ മുഖത്ത് വല്യപ്പാപ്പാൻ പലവട്ടം അടിക്കുമ്പോൾ അമ്മ അലറികരഞ്ഞു. ഞാൻ നിസ്സഹായനായി റേഷൻ കടയുടെ തിണ്ണയിൽത്തന്നെ നിന്നു.
''നീ രാത്രീൽ വീട്ടിൽ ആളെ വരുത്തി വ്യഭിചരിക്കും ആല്ലേടി...? എന്നാപ്പിന്നെ, ഞാനും ഇടയ്ക്കു അങ്ങ് വരാമെടി... നിനക്ക് എല്ലാർക്കും കൊടുക്കാങ്കിൽ എനിക്കും മേലേ....?''
വല്യപ്പാപ്പൻ ആ വാചകം പൂർത്തിയാക്കിയത് അന്നെനിക്ക് അറിയാമായിരുന്നതിലും ഏറെ കടുപ്പമുള്ള തെറികളുമായാണ്. ഒരു കൈ കൊണ്ടു അമ്മയുടെ മുടിക്ക് ചുറ്റിപ്പിടിച്ചു, മറ്റൊരു കൈകൊണ്ട് അമ്മയുടെ തോർത്ത് എടുത്തുമാറ്റുന്ന വല്യപ്പാപ്പന്റെ രൂപം ഇന്നുമുണ്ട് എന്റെ മനസ്സിൽ.
''നിർത്ത്... ചേട്ടായി ഇതെന്നതാ കാണിക്കുന്നേ...'
കൊച്ചപ്പാപ്പൻ ജേഷ്ഠനോട് തട്ടിക്കയറിക്കൊണ്ട്, അമ്മയുടെ ഒരത്തിൽനിന്ന് കയ്യെടുത്തു മേക്കാട്ടു കടയിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി. അമ്മ വല്യപ്പാപ്പന്റെ മുഖത്തേക്ക് കാറിത്തുപ്പി. അത് കായികശേഷിയിലെ അമ്മയുടെ കുറവ് മറികടക്കാനുള്ള അവസാന ശ്രമമായിരുന്നിരിക്കണം!
''നിനക്ക് വികാരിയച്ചൻ പറഞ്ഞാൽ പോലും അനുസരിക്കാൻ മേലല്ലേ...'
കരഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ അടുക്കലേക്കു ഓടിയെത്തുമ്പോളേക്കും വല്യപ്പാപ്പൻ അമ്മയെ കുര്യക്കോച്ചേട്ടന്റെ പറമ്പിന് അപ്പുറം, കുന്നുംചെരുവിലൂടെ ചേലമല ബേബിചേട്ടന്റെ പറമ്പിലേക്കു തള്ളിവിട്ടു. ഇടവിട്ട് മുറിച്ച മേച്ചിൽപുല്ലിന്റെ കുറ്റികളിൽ ദേഹമുരഞ്ഞ്, തെരുവപ്പുല്ലിനിടയിലൂടെ ഉരുണ്ടുപോയ അമ്മ തെള്ളിത്തോട് പള്ളിയുടെ സെമിത്തേരിയുടെ താഴെ എത്തി.

Content Highlights: Childhood Memories by babu abraham From Parathot to Paris part 3

Continue reading