'നിങ്ങളെന്താ ഈ രാത്രിയില്‍ ഇവിടെ, ഇവിടുന്നു പൊയ്ക്കേ?' നിലത്തേക്കിട്ട അരിവാള്‍ അമ്മ കുനിഞ്ഞെടുത്തു

ബാബു അബ്രഹാമിന്റെ മാതാവും സഹോദരിമാരും | Photo: Special Arrangement
ബാബു അബ്രഹാമിന്റെ മാതാവും സഹോദരിമാരും | Photo: Special Arrangement

ടിഞ്ഞു വീണ ഭിത്തിക്കു പകരമായി വലിച്ചുകെട്ടിയ പരമ്പ്, തൊട്ടടുത്ത ദിവസങ്ങളില്‍ വീശിയ കാറ്റില്‍ പറിഞ്ഞുപോയി. വീടിനു മുകള്‍വശത്തായി നിന്ന ഈയല്‍ വാകമരത്തിന്റെ ചില്ലകളില്‍ ഒന്ന് ആ ദിവസങ്ങളിലെ കാറ്റില്‍ ഒടിഞ്ഞു വീണപ്പോള്‍ ഇനിയും വീടിനകത്തുള്ള താമസം അപകടകരമാണ് എന്ന് അമ്മക്ക് മനസ്സിലായതുകൊണ്ടാകണം, അധികം വൈകാതെ, വീടുപണി ആരംഭിച്ചില്ല എങ്കിലും, ഞങ്ങളുടെ താമസം പാതിയിടിഞ്ഞ ഞങ്ങളുടെ വീടിനു മുകളിലുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് മാറ്റി. അല്ലെങ്കില്‍ത്തന്നെ ഒന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ പുതിയ വീടിനുള്ള തറകെട്ടാനുള്ള കല്ല് സംഘടിപ്പിക്കാനുള്ള കാര്യങ്ങളെല്ലാം അമ്മ ചെയ്തിരുന്നു. പന്നിക്കൂടിനോട് ചേര്‍ന്നുള്ള പാറയില്‍ കല്ലു പൊട്ടിക്കുന്നവര്‍ തമരടിച്ചു തുടങ്ങിയിരുന്നു. അമ്മയും ജെസ്സിയും കിടക്കുന്ന കയറു പാകിയ കട്ടിലും ഞങ്ങള്‍ ഇളയ കുട്ടികള്‍ കിടക്കുന്ന ഒരു കാല്‍ ഒടിഞ്ഞ കട്ടിലും വീടിനു പിറകിലുള്ള മണ്‍തിട്ടയുടെ മുകളില്‍ വലതു വശം ചേര്‍ന്നുള്ള തെങ്ങിന്‍ ചുവട്ടില്‍ കൊണ്ട് ചെന്നിട്ടത് ഞങ്ങള്‍ മക്കള്‍ നാലുപേരും ചേര്‍ന്നാണ്. വീടിന്റെ പിന്‍ഭാഗത്തെ ഭിത്തി ഇടിഞ്ഞു വീണപ്പോള്‍ ലാലിയും ഞാനും കിടന്ന കട്ടിലിന്റെ രണ്ടാമതൊരു കാല്‍ കൂടി ആടാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ കട്ടില്‍ തെങ്ങിന്റെ ഒരു വശത്തും കാലൊടിഞ്ഞതിനെ മറുവശത്തുമാണ് ഇട്ടത്. 

അതിനും കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് വീടിന്റെ മുറ്റത്തിന് മുകളിലും താഴെയുമായി ചൊട്ടയിട്ട നാല് തെങ്ങുകളും അമ്മ കള്ളുചെത്താന്‍ കൊടുത്തത്. ആ നാലു തെങ്ങുകളെയും ഞങ്ങള്‍ നാലു കുട്ടികളും ഓരോന്നായി വീതിച്ചെടുത്തിരുന്നു. തേങ്ങയും കരിക്കുമൊക്കെ അയല്പക്കത്തെ മറ്റു കുട്ടികളെപ്പോലെ കഴിക്കാനുള്ള ഞങ്ങളുടെ കൊതിക്കനുസരിച്ച്, അവയിലോരൊന്നും നിറയെ കായ്ക്കാനായി ഞങ്ങള്‍ നാലുപേരും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിപ്പോന്നു. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ നന്നായി കായ്ക്കാത്ത തെങ്ങുകള്‍ കള്ളിനുവേണ്ടി ചെത്താന്‍ കൊടുക്കുന്നത് ഒരു പതിവായിരുന്നു. ഒരു വര്‍ഷം ചെത്തിക്കഴിഞ്ഞാല്‍ തെങ്ങുകളില്‍ നന്നായി കായ്പിടിക്കുമെന്ന ഒരു നാട്ടുവര്‍ത്തമാനം കമ്പിളികണ്ടത്ത് ഉണ്ടായിരുന്നു. അതൊക്കെ ഷാപ്പില്‍ പോകാതെത്തന്നെ, രാവിലെ മുതല്‍ കള്ളു കുടിക്കാനുള്ള തന്ത്രമായിരുന്നു എന്ന് പില്‍ക്കാലത്ത് എനിക്ക് തോന്നിയിട്ടുണ്ട്. രാവിലെയും വൈകീട്ടും തെങ്ങു ചെത്താന്‍ വന്ന സുകുച്ചേട്ടന്റെ വീട് കമ്പിളികണ്ടത്തെ ഹെല്‍ത്ത് സെന്ററിന് അടുത്തായിരുന്നു. സുകുച്ചേട്ടന്‍ ഞങ്ങള്‍ക്ക് പങ്ക് കള്ള് തന്നിരുന്നില്ല. അമ്മ നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ, ആ വിഹിതക്കള്ളിന് ഷാപ്പില്‍ കിട്ടുന്ന വില പണമായി നല്‍കണം എന്നായിരുന്നു കരാര്‍. 

Content Highlights: From Parathot to Paris heartfelt memoir by Babu Abraham, reflecting childhood struggles,family bonds

Continue reading