'അവന് ഭയങ്കര വിശപ്പാ, കിട്ടിയത് ഒറ്റയടിക്ക് തിന്നിട്ട് പെണ്‍പിള്ളേരുടെ പാത്രത്തിലെ പിടിച്ചുപറിക്കും'

ബാബു എബ്രഹാം അമ്മയോടും സഹോദരിമാരോടുമൊപ്പം
ബാബു എബ്രഹാം അമ്മയോടും സഹോദരിമാരോടുമൊപ്പം

ഓണാവധിക്കാലത്തെ രൂപതാ മിഷന്‍ ലീഗ് ക്യാമ്പ് കഴിഞ്ഞ് ഞങ്ങള്‍ ഏഴു കുട്ടികളും ജേക്കബ് സാറിന്റെ കൂടെ തെള്ളിത്തോട്ടില്‍ മടങ്ങിയെത്തി. മഴക്കാലം കഴിഞ്ഞതറിയാതെ കുഞ്ചിരാക്കാട്ട് പാറയില്‍ തല്ലിച്ചിതറി പതയുണ്ടാക്കിയ തെള്ളിത്തോട്, ചിന്നാറ്റിലേക്ക് ഒഴുകുമ്പോള്‍ തൊട്ടൊഴുകിയ തീരം കരഞ്ഞിരുന്നു. ഓര്‍മകളുടെ നിഴല്‍ത്തണലുകളില്‍നിന്ന് പുറത്തുപോകാന്‍ ഇന്നും മടിക്കുന്ന ഒരു രാത്രിയോര്‍മയുടെ പിടച്ചില്‍ ഇടക്കൊക്കെ എന്റെയുള്ളില്‍ തേട്ടിവന്നു. ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറിയപ്പോള്‍ ആരോടും പറയാതെ ഞാന്‍ എന്നിലൊളിപ്പിച്ച ആ ഉള്‍മുറിവ് ഞാന്‍ പോലും മറന്നുപോയി.

ആ ഓണത്തിന് അമ്മ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കാരിക്കുഴിയില്‍ ടെക്സ്റ്റെയില്‍സില്‍നിന്ന് പുത്തന്‍കോടികള്‍ വാങ്ങി. അമ്മക്ക് മാത്രം ഒന്നും വാങ്ങിയില്ല.  രമണിച്ചേച്ചിയാണ് എല്ലാവരുടെയും പാവാടയും ബ്ലൗസുമൊക്കെ തയ്ച്ചത്. എനിക്ക് വാങ്ങിയ ഷര്‍ട്ടിന്റെയും നിക്കറിന്റെയും തുണി, കാരിക്കുഴിക്കടയുടെ തിണ്ണയില്‍ ഇരുന്നു തയ്യല്‍ ജോലി ചെയ്തിരുന്ന മാത്തച്ചന്‍ ചേട്ടന്റെ അടുക്കല്‍ കൊടുത്തു. പെങ്ങന്മാര്‍ പുത്തന്‍കോടി അണിഞ്ഞുനിന്ന ആ ഓണദിവസത്തില്‍, തയ്ച്ചു കിട്ടാത്ത പുത്തന്‍കോടി മനസ്സിലോര്‍ത്തു അവിയലും സാമ്പാറുമൊക്കെ കൂട്ടി ഞാന്‍ വയറു നിറയെ ഉണ്ടു. ഊണിനു ശേഷം പായസംകൂടി ഉണ്ടായിരുന്ന ഓണാമായിരുന്നു അത്. 

Content Highlights: Childhood Memories babu abraham From Parathot to Paris part 22

Continue reading