സിനിമക്കാരിലെ ലോകസമ്പന്നന്‍, 80,000 വെച്ച് 22,000 വര്‍ഷം ഉപയോഗിച്ചാലും തീരാത്ത സമ്പത്ത്, ആള് നടനല്ല

ചലച്ചിത്രലോകത്ത് ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി ആരായിരിക്കും? ആഗോളാടിസ്ഥാനത്തില്‍ പൊതുസ്വീകാര്യനായ ഏതെങ്കിലും നടനോ നടിയോ ആയിരിക്കും അതെന്ന് വിചാരിക്കുന്നുവെങ്കില്‍ തെറ്റി. ക്യാമറയ്ക്ക് മുന്നില്‍ ഒറ്റ തവണപോലും അഭിനയിച്ചിട്ടില്ലാത്ത ഒരു സംവിധായകനാണ് ലോകത്തെ ഏറ്റവും സമ്പന്നനായ സിനിമാക്കാരന്. അതും കരിയറില്‍ ആറേ ആറ് സിനിമകള്‍ മാത്രം ചെയ്ത വ്യക്തി. ജോര്‍ജ് ലൂക്കാസ് എന്ന് പേര്.
1971-ല്‍ പുറത്തിറങ്ങിയ ടി.എച്ച്.എക്സ്. 1138, 1973-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഗ്രാഫിറ്റി, 1977-ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ വാര്‍സ് എന്നിവയാണ് ജോര്‍ജ് ലൂക്കാസ് സംവിധാനം ചെയ്ത സിനിമകള്‍. സ്റ്റാര്‍ വാര്‍സിന്റെ മൂന്നാം എപ്പിസോഡ് 2005-ലാണ് പുറത്തിറങ്ങിയത്. സ്റ്റാര്‍ വാര്‍സ്, ഇന്ത്യാന ജോണ്‍സ് എന്നീ ഫ്രാഞ്ചൈസികളുടെ ഉടമയുമാണ് അദ്ദേഹം. ഈ രണ്ട് ഫ്രാഞ്ചൈസികള്‍ വഴിയാണ് അദ്ദേഹം സിനിമക്കാരിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയത്.
ഫാന്ഡംവയര് നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ 7.7 ബില്യണാണ് ജോര്‍ജ് ലുക്കാസിന്റെ മൊത്തം സമ്പത്ത്. മറ്റു ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം 9.4 ബില്യണ്‍ എന്നുമുണ്ട്. 7.7 ബില്യണ്‍ ഡോളര്‍ തന്നെ ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 80,000 കോടി രൂപയോളം വരുമത്. എന്നുപറഞ്ഞാല്‍ പ്രതിദിനം 80,000 രൂപവെച്ച് ഉപയോഗിച്ചാലും അടുത്ത 22,000 വര്‍ഷത്തേക്ക് തീരാത്ത അത്രയും സമ്പത്തിന്റെ ഉടമ. 9.4 ബില്യണ്‍ എന്നതുവെച്ച് കണക്കാക്കിയാല്‍ അതിലും കൂടുതല്‍ വരും.
2024 ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരമാണ് ലുക്കാസിന്റെ ആസ്തി 7.7 ബില്യണ്‍ ആണെന്ന് തിട്ടപ്പെടുത്തിയത്. ജെയ് സെഡ്, ടെയ്ലര് സ്വിഫ്റ്റ്, മഡോണ, ഷാരൂഖ് ഖാന് എന്നിവരെയെല്ലാം പിന്തള്ളിയാണ് ഇദ്ദേഹം സമ്പത്തില്‍ മുന്നിലെത്തിയത്. ടെയ്ലര് സ്വിഫ്റ്റിന്റെ ആസ്തി 1.3 ബില്യണ്‍ ഡോളറാണ്. ടോം ക്രൂസിന്റെ ആസ്തി 800 മില്യണ്‍ ഡോളറും ഷാരൂഖ് ഖാന്റേത് 870 മില്യണ്‍ ഡോളറുമാണ്. ഇവയുടെയെല്ലാം മടങ്ങുകളുണ്ട് ലുക്കാസിന്റെ ആസ്തി. ലുക്കാസ്ആര്ട്സ്, ഇന്‍ഡസ്ട്രിയല്‍ ലൈറ്റ് ആന്‍ഡ് മാജിക്, ടി.എച്ച്.എക്സ്. ഉള്‍പ്പെടെയുള്ള കമ്പനികളുടെയും ഉടമയാണ് ജോര്‍ജ് ലുക്കാസ്.
ലുക്കാസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ വാര്‍സ്, ഇന്ത്യാനാ ജോണ്‍സ് എന്നിവയാണ് അദ്ദേഹത്തെ ഇത്രമേല്‍ സമ്പന്നനാക്കിയത്. സ്റ്റാര്‍ വാര്‍സ് ലോകവ്യാപകമായി നേടിയത് 50 ബില്യണ്‍ ഡോളറാണ്. ബോക്സ് ഓഫീസ് കളക്ഷന്‍ ഉള്‍പ്പെടെയാണിത്. ഇന്ത്യാനാ ജോണ്‍സ് മൂന്ന് ബില്യണ്‍ ഡോളറും നേടി.
Content Highlights: worlds richest star george lucass net worth