'35 കിലോ ഭാരം കുറച്ചു, സഹായിച്ചത് ഈ അഞ്ച് കാര്യങ്ങൾ'; ഫിറ്റ്‌നെസ് രഹസ്യം പങ്കുവെച്ച് യുവതി | വീഡിയോ

സ്നിഗ്ധ ബറുവ | Photos: instagram.com/snigdhasbaruah
സ്നിഗ്ധ ബറുവ | Photos: instagram.com/snigdhasbaruah

ശരീരഭാരം കുറച്ച അനുഭവം പങ്കുവെക്കുന്ന യുവതിയുടെ പോസ്റ്റ് വൈറല്‍. സ്‌നിഗ്ധ ബറുവ എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. അഞ്ച് കാര്യങ്ങളാണ് തന്നെ ഇതിന് സഹായിച്ചതെന്ന് സ്‌നിഗ്ധ പറയുന്നു. 35 കിലോഗ്രാം ശരീരഭാരമാണ് സ്‌നിഗ്ധ ബറുവ ചിട്ടയായ ജീവിതശൈലിയിലൂടെ കുറച്ചത്. 

'ഞാന്‍ ഫിറ്റ്‌നെസ് വിദഗ്ധയല്ല. പക്ഷേ കഠിനമായ എന്നാല്‍ ശരിയായ വഴിയിലൂടെ 35 കിലോഗ്രാം ശരീരഭാരം കുറച്ച വ്യക്തിയാണ്. ഇവിടെ പറയുന്ന ആറ് കാര്യങ്ങളാണ് എന്നെ സഹായിച്ചത്. കുറുക്കുവഴികളൊന്നുമില്ല.' -സ്‌നിഗ്ധ കുറിച്ചു. 

Also Read: ശരീരഭാരം കുറയ്ക്കണോ? ലളിതമായ ഈ 30-30-30 നിയമം പാലിക്കൂ, വിശദമായി അറിയാം | വീഡിയോ

വ്യായാമമാണ് സ്‌നിഗ്ധ പറയുന്ന ഒന്നാമത്തെ കാര്യം. പലതരം വ്യായാമരീതികള്‍ ചെയ്ത് നോക്കിയാല്‍ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ രീതി കണ്ടെത്താന്‍ കഴിയും. ഏഴാമത്തെ വ്യായാമരീതിയിലെത്തിയപ്പോഴാണ് തനിക്ക് അനുയോജ്യമായതും അല്ലാത്തതുമായ രീതികള്‍ കണ്ടെത്തിയതെന്ന് സ്‌നിഗ്ധ പറയുന്നു. മൂന്നോ നാലോ മാസം ആ രീതിയില്‍ വ്യായാമം തുടര്‍ന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Don't Miss: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാം; അഞ്ച് ടിപ്പുകളുമായി ഫിറ്റ്‌നെസ് കോച്ച്

ഭക്ഷണക്രമത്തെ കുറിച്ചാണ് അടുത്തതായി സ്‌നിഗ്ധ പറഞ്ഞത്. ഭക്ഷണശീലം കര്‍ശനമായി പാലിക്കണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്കായി തയ്യാറാക്കിയ ഡയറ്റ് പ്ലാന്‍ കൃത്യമായി പാലിക്കണമെന്ന് സ്‌നിഗ്ധ പറയുന്നു. 

നേരത്തേ ഉറങ്ങുക എന്നതാണ് അടുത്ത കാര്യം. പാതിരാത്രി വരെ സ്‌ക്രോള്‍ ചെയ്തിരുന്നാല്‍ ശരീരത്തിന് വിശ്രമം ലഭിക്കില്ല. അത് ഭാരം കുറയ്ക്കാനുള്ള ശ്രമത്തെ ബാധിക്കും. ഭാരം കുറയ്ക്കണമെങ്കില്‍ സമയത്ത് ഉറങ്ങണമെന്നും സ്‌നിഗ്ധ പറയുന്നു. 

Related Story: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി

ദിവസവും സ്വന്തം ചിത്രങ്ങളെടുക്കുക എന്നതാണ് സ്‌നിഗ്ധ പറയുന്ന നാലാമത്തെ കാര്യം. മൂന്നുനാല് മാസം കഴിഞ്ഞ് അവയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എത്രദൂരം പിന്നിട്ടുവെന്നതോര്‍ത്ത് നിങ്ങള്‍ക്ക് സ്വയം അഭിമാനം തോന്നും. നിങ്ങള്‍ സ്വയം അഭിനന്ദിക്കുമെന്നും സ്‌നിഗ്ധ പറയുന്നു. 

സ്വയം സ്‌നേഹിക്കണമെന്നതാണ് സ്‌നിഗ്ധ പറയുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ കാര്യം. ദുഷ്‌കരമായ ശീലങ്ങളില്‍ ഉറച്ചുനില്‍ക്കണമെങ്കില്‍ സ്വയം സ്‌നേഹിച്ചേ മതിയാകൂ. ഇതാണ് വിജയകരമായ എല്ലാ ഫിറ്റ്‌നെസ് യാത്രകളുടേയും അടിസ്ഥാനമെന്നും സ്‌നിഗ്ധ പറയുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. പരിശീലകനുകീഴില്‍ വ്യായാമം ചെയ്യുക)

Also Read: രണ്ടുമാസം കൊണ്ട് 10 കിലോ കുറയ്ക്കണോ? ഈ ആറ് ലളിതമായ കാര്യങ്ങള്‍ ചെയ്യാം

Content Highlights: Woman who lost 35 kg shares 5 things that helped her lose weight