സൗന്ദര്യവർധക ശസ്ത്രക്രിയ നടത്തിയതിന് വിമാനത്തിൽ കയറ്റിയില്ലെന്ന് യാത്രക്കാരി; വിശദീകരണവുമായി കമ്പനി

സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ വിമാനത്തില്‍ കയറ്റിയില്ലെന്ന പരാതിയുമായി യാത്രക്കാരി. യു.എസ്സിലെ ഫ്‌ളോറിഡയിലുള്ള മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശികസമയം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഹൂസ്റ്റണില്‍ നിന്നുള്ള ഷതാരിയ ബാങ്ക്‌സ് എന്ന യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
സ്പിരിറ്റ് എയര്‍ലൈന്‍സാണ് യുവതിക്ക് വിമാനത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. വിമാനക്കമ്പനി ജീവനക്കാരുമായി ഇക്കാര്യത്തില്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോ ഷതാരിയ ചിത്രീകരിച്ചിരുന്നു. മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് യുവതി വാദിച്ചു. 'യാത്രയ്ക്ക് ഡോക്ടറുടെ അനുമതി ഉണ്ടായിട്ടും നിങ്ങള്‍ എന്റെ യാത്ര വിലക്കുകയാണ്' -യുവതി സ്പിരിറ്റ് എയര്‍ലൈന്‍സ് ജീവനക്കാരോട് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് യുവതി ഹൂസ്റ്റണില്‍ നിന്ന് മയാമിയിലെത്തിയത്. സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കായാണ് യുവതി എത്തിയത്. ഏതുതരം ശസ്ത്രക്രിയയാണ് നടത്തിയതെന്ന കാര്യം യുവതി വെളിപ്പെടുത്തിയിട്ടില്ല. ഇതിനുശേഷം തിരിച്ച് പോകാനായി മയാമി വിമാനത്താവളത്തിലെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഷതാരിയ പറയുന്നു. ചെക്ക് ഇന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ജീവനക്കാര്‍ യാത്രയ്ക്ക് അനുമതിയില്ലെന്ന് ഇവരോട് പറയുന്നത്. തന്റെ ഡോക്ടര്‍ പറഞ്ഞിട്ട് പോലും ജീവനക്കാര്‍ അത് അവഗണിച്ചുവെന്നും എന്നാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് രേഖാമൂലം എഴുതിനല്‍കാന്‍ പോലും തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.
അതേസമയം ഷതാരിയ ബാങ്കിന്റെ ആരോപണത്തില്‍ വിശദീകരണവുമായി സ്പിരിറ്റ് എയര്‍ലൈന്‍സ് രംഗത്തെത്തി. അതിഥികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. മറ്റൊരു ഡോക്ടറോട് വിവരം പറഞ്ഞുവെന്നും അദ്ദേഹം ഷതാരിയയുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചാണ് അവര്‍ യാത്ര ചെയ്യാന്‍ യോഗ്യയല്ല എന്ന് നിര്‍ദ്ദേശിച്ചതെന്നും സ്പിരിറ്റ് പറയുന്നു.
ടിക്കറ്റിന്റെ മുഴുവന്‍ തുകയും സ്പിരിറ്റ് എയര്‍ലൈന്‍സ് ഷതാരിയയ്ക്ക് റീഫണ്ട് ചെയ്തു. വീണ്ടും വിമാന ടിക്കറ്റെടുത്ത് പാഴാക്കാന്‍ എല്ലാവരുടെ കൈയിലും പണമുണ്ടാകില്ലെന്നും യാത്രക്കാരെ ഇങ്ങനെ തടയാന്‍ പാടില്ലെന്നും പറഞ്ഞ ഷതാരിയ താന്‍ ഇനിയൊരിക്കലും സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: Woman Denied Boarding At Miami Airport Due To Cosmetic Procedure, Airline Responds