ഐപിഎല്‍ താരലേലത്തിലെ തിളങ്ങുന്ന മുഖം, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ; കാവ്യാ മാരനെ അടുത്തറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) താരലേലം അബുദാബിയില്‍ നടക്കുകയാണ്. ഓരോ താരവും ഏത് ടീമിലേക്കാണ് എത്തുകയെന്നും തങ്ങളുടെ പ്രിയ ടീമില്‍ ആരെല്ലാമാണ് ഉണ്ടാകുകയെന്നുമെല്ലാം ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കുന്നത്. താരലേലത്തിന്റെ വേദിയില്‍ ഏവരാലും ശ്രദ്ധിക്കപ്പെട്ട ഒരു മുഖമുണ്ട് - സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയായ കാവ്യാ മാരന്‍. ഐപിഎല്‍ താരലേലവേദിയില്‍ എല്ലാ വര്‍ഷവും പ്രത്യക്ഷപ്പെടുമെങ്കിലും കാവ്യയെ കുറിച്ച് അധികം കാര്യങ്ങളൊന്നും ആരാധകര്‍ക്ക് അറിയില്ല. ആരാണ് കാവ്യാ മാരനെന്ന് അടുത്തറിയാം.
2023 മുതലാണ് താരലേല വേദിയിലെ കാവ്യയുടെ സാന്നിധ്യം ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്. താരലേലത്തില്‍ മാത്രമല്ല, ഐപിഎല്ലിലെ സ്വന്തം ടീമിന്റെ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിലും കാവ്യ പതിവായി എത്താറുണ്ട്. സണ്‍ ഗ്രൂപ്പ് ഉടമയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയും ശതകോടീശ്വരനുമായ കലാനിധി മാരന്റെ മകളാണ് കാവ്യാ മാരന്‍. 2019-ല്‍ പ്രസിദ്ധീകരിച്ച തമിഴ്‌നാട് ഐഐഎഫ്എല്‍ വെല്‍ത്ത് ഹരുൺ ഇന്ത്യാ റിച്ച് ലിസ്റ്റിലെ ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ 19,000 കോടി രൂപയുടെ സമ്പത്താണ് കലാനിധി മാരനുണ്ടായിരുന്നത്. ജന്‍ ഭാരത് ടൈംസിന്റെ കണക്കനുസരിച്ച് 409 കോടി രൂപയാണ് കാവ്യാ മാരന്റെ സ്വത്ത് മൂല്യം.
കലാനിധി മാരന്റേയും കാവേരി മാരന്റേയും മകളായി 1992 ഓഗസ്റ്റ് ആറിന് ചെന്നൈയിലാണ് കാവ്യാ മാരന്‍ ജനിച്ചത്. ചെന്നൈയിലെ സ്‌റ്റെല്ലാ മാരിസ് കോളേജില്‍ നിന്നാണ് കാവ്യ കൊമേഴ്‌സ് ബിരുദമെടുത്തത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ നേടി. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കാവ്യയെ സണ്‍ റൈസേഴ്‌സിന്റെ തലപ്പത്തെത്തിച്ചത്.
'എന്റെ അമ്മ, എന്റെ മുത്തച്ഛന്‍ ഇവര്‍ക്കെല്ലാം ക്രിക്കറ്റ് വളരെ ഇഷ്ടമായിരുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ടിവിയില്‍ ക്രിക്കറ്റ് കാണുമായിരുന്നു. വളര്‍ന്നു വരുമ്പോള്‍ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്റെ വികാരമാണ്.' -ഇതാണ് ഒരിക്കല്‍ ഫോര്‍ച്യൂണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞത്.
Content Highlights: Who Is Kavya Maran? The Woman Behind Sunrisers Hyderabad at the IPL Auction