സൈനിക ഹെലികോപ്റ്ററിന് മുന്നിലെ വിവാഹാഭ്യർഥന പ്രോട്ടോക്കോൾ ലംഘനം; യുവസൈനികനെതിരെ നടപടി വന്നേക്കും

#Lifestyle Desk
വൈറൽ പ്രൊപ്പോസലിന്റെ ദൃശ്യങ്ങൾ | Photos: X
വൈറൽ പ്രൊപ്പോസലിന്റെ ദൃശ്യങ്ങൾ | Photos: X

ഴിഞ്ഞദിവസം ഇന്ത്യയാകെ വൈറലായൊരു വിവാഹാഭ്യർഥനയുണ്ട്. സൈനികനായ യുവാവാണ് തന്റെ കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. സൈനിക ഹൈലികോപ്റ്ററിന് മുന്നിൽ വെച്ചാണ് ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകി ആരുഷിയോട് വിവാഹാഭ്യർഥന നടത്തിയത്. ആർമിയിലെ പൈലറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അതേദിവസമായിരുന്നു ഈ പ്രൊപ്പോസൽ. ഇപ്പോഴിതാ സംഭവത്തിൽ സൈനികനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഭരത് ഭരദ്വാജിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന് സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇതിന് മുന്നോടിയായി സൈനികന് കാരണം കാണിക്കൽ നോട്ടീസ് നൽകും. സംഭവം സൈനിക പ്രോട്ടോക്കോളിന്റേയും അച്ചടക്കത്തിന്റേയും ലംഘനമാണെന്നാണ് സേനയുടെ വിലയിരുത്തൽ.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കോംബാറ്റ് ആർമി ട്രെയിനിങ് സ്‌കൂളിൽ വെച്ചായിരുന്നു വൈറൽ പ്രൊപ്പോസൽ നടന്നത്. സൈനിക യൂണിഫോമിൽ സൈനിക ഹെലികോപ്റ്ററിന്റെ മുന്നിൽ ടാർമാക്കിൽ വെച്ചായിരുന്നു ഭരതിന്റെ വിവാഹാഭ്യർഥന. കോംബാറ്റ് ആർമി ട്രെയിനിങ് സ്‌കൂളിൽ നിന്ന് വൈമാനിക പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിന് പിന്നാലെയായിരുന്നു ക്യാപ്റ്റൻ ഭരതിന്റെ വിവാഹാഭ്യർഥന.

സാരിയായിരുന്നു ആരുഷിയുടെ വേഷം. ആരുഷിയുടെ മുന്നിലേക്കെത്തിയ ഭരത് മുട്ടുകുത്തിനിന്നശേഷം പ്രണയസമ്മാനമായ മോതിരം നൽകിക്കൊണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. യാതൊരു സൂചനയുമില്ലാതെ എത്തിയതിനാൽ ആരുഷിക്ക് വമ്പൻ സർപ്രൈസായിരുന്നു ഈ പ്രൊപ്പോസൽ. ഭരതിന്റെ വിവാഹാഭ്യർഥനയ്ക്ക് ആരുഷി സമ്മതംമൂളിയതോടെ ഭരതിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ആരവം മുഴക്കി.

ഇതിന്റെ വീഡിയോ താമസിയാതെ സോഷ്യൽ മീഡിയയിൽ വൈറലായി. സൈനികൻ എന്ന നിലയിൽ ഭരത് കൈവരിച്ച നേട്ടത്തിനൊപ്പം കാമുകിയോട് വിവാഹാഭ്യർഥന നടത്തിയതിനെ നിരവധി പേർ അഭിനന്ദിച്ചു. അഞ്ച് വർഷമായി തങ്ങൾ പ്രണയത്തിലാണെന്ന് ഭരത് വാർത്താ ഏജൻസിയായ എഎൻഐയോട് അന്ന് പറഞ്ഞു.

Content Highlights: Indian Army Captain Bharat Bhardwaj is likely to face disciplinary action and receive a show-cause notice as military authorities view his recent viral marriage proposal in front of an army helicopter as a breach of protocol and service discipline.