'ഇത് വ്യാജ ഭക്തി'; ഷോർട്ട്‌സും ഇന്നർ ബനിയനും ധരിച്ച് ക്ഷേത്രത്തിലെത്തിയ വരുൺ ധവാനെതിരെ വിമർശനം

#Lifestyle Desk
വരുൺ ധവാൻ ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ | Photos: X
വരുൺ ധവാൻ ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ | Photos: X

ഷോർട്ട്‌സും ഇന്നർ ബനിയനും ധരിച്ച് ക്ഷേത്രത്തിലെത്തിയ ബോളിവുഡ് താരം വരുൺ ധവാൻ വിവാദത്തിൽ. ക്ഷേത്രത്തിൽ നിന്നുള്ള വരുൺ ധവാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നത്. മുംബൈയിലെ ക്ഷേത്രത്തിലാണ് വരുൺ ധവാൻ ഇത്തരത്തിൽ ദർശനം നടത്തിയത്.

ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമായ തിലകം നെറ്റിയിൽ ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന വരുൺ ധവാനെ ദൃശ്യങ്ങളിൽ കാണാം. സ്ലീവ് ലെസ് വെസ്റ്റും ഷോർട്ട്‌സുമായിരുന്നു താരം ധരിച്ചത്. പുറത്തുണ്ടായിരുന്ന പാപ്പരാസികളേയും ഫോട്ടോഗ്രാഫർമാരേയും വരുൺ ധവാൻ അഭിവാദ്യം ചെയ്തു.

വീഡിയോകൾ വൈറലായതോടെ വരുൺ ധവാൻ ക്ഷേത്രദർശനത്തിനെത്തുമ്പോൾ ധരിച്ച വസ്ത്രമാണ് വലിയ ചർച്ചയായത്. സാമൂഹികമാധ്യമമായ എക്‌സിൽ നിരവധി പേരാണ് ഇതിനെതിരെ പോസ്റ്റുകളും കമന്റുകളുമിട്ടത്. പരമ്പരാഗതമായ വസ്ത്രമോ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് വസ്ത്രമോ ധരിച്ച് വേണമായിരുന്നു വരുൺ ധവാൻ ക്ഷേത്രത്തിലെത്താൻ എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

'കുറഞ്ഞത് അനുയോജ്യമായ വസ്ത്രം ധരിച്ച് വരുൺ ധവാന് ക്ഷേത്രത്തിൽ പോകാമായിരുന്നു. ഇത് കേവലം വ്യാജമായ ഭക്തിയാണ്. അല്ലെങ്കിൽ പിആർ സ്റ്റണ്ടാണ്' -ഇതാണ് ഒരാൾ പറഞ്ഞത്. 'ഇത്തരം വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പോകാൻ വരുൺ ധവാന് എങ്ങനെ കഴിഞ്ഞു? സെലിബ്രിറ്റിയായത് കൊണ്ടാണോ? ക്ഷേത്രത്തിന്റെ പവിത്രത ലംഘിക്കാൻ അദ്ദേഹത്തിന് അനുവാദമുണ്ടോ? ഏത് ക്ഷേത്രമാണ് സ്ലീവ്‌ലെസ്സും ഷോർട്ട്‌സും ധരിക്കാൻ ഭക്തരെ അനുവദിക്കുന്നത്?' -മറ്റൊരാൾ ചോദിച്ചു. 'ക്ഷേത്രമെന്നാൽ ജിം ആണെന്നാണോ വരുൺ ധവാൻ കരുതുന്നത്? അതുകൊണ്ടാണോ വർക്കൗട്ടിനുള്ള വസ്ത്രം ധരിച്ചത്?' -എന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: Bollywood star Varun Dhawan sparked a major controversy online after he was spotted visiting a temple in Mumbai wearing a sleeveless inner vest and shorts, leading social media users to accuse him of disrespecting the sanctity of the place.