'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യാൻ ശ്രമിക്കരുത്', വീഡിയോക്ക് പിന്നാലെ വരുൺ ധവാന് താക്കീത്| VIDEO

ബോർഡർ 2 എന്ന ചിത്രത്തിന്റെ വിജയാഹ്‌ളാദത്തിലാണ് ബോളിവുഡ് താരം വരുൺ ധവാൻ. അതിനിടെയാണ് മുംബൈ മെട്രോ ട്രെയിനിൽ വെച്ച് പുൾ അപ്പ് ചെയ്യുന്ന താരത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. മെട്രോ ട്രെയിനിൽ യാത്രക്കാർക്ക് ബാലൻസ് തെറ്റി വീഴാതെ പിടിച്ചുനിൽക്കാനായുള്ള ഗ്രാബ് ഹാൻഡിലിൽ പിടിച്ചാണ് വരുൺ ധവാൻ പുൾ അപ്പ് ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ വീഡിയോയ്‌ക്കെതിരെ മുംബൈ മെട്രോ രംഗത്തെത്തിയിരിക്കുകയാണ്.
വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇതിനെതിരെ മുംബൈ മെട്രോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. 'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യരുത്' എന്ന് വീഡിയോയിൽ എഴുതിയിരുന്നു. കൂടാതെ വീഡിയോയ്ക്ക് മുകളിൽ X ചിഹ്നവും ചേർത്തിരുന്നു. വരുൺ ധവാൻ ചെയ്തത് ശിക്ഷാർഹമായ കുറ്റമാണെന്ന് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് വിശദീകരിച്ചു.
Also Read: വംശീയവിദ്വേഷം: ഇന്ത്യയുടെ മോശം വശം മാത്രം കാണിക്കുന്ന വിദേശ വ്‌ളോഗർമാർക്കെതിരെ കനേഡിയൻ യുവതി | VIDEO
'വരുൺ ധവാൻ, താങ്കളുടെ ആക്ഷൻ ചിത്രങ്ങളിലെ പോലെ ഈ വീഡിയോ ഒരു മുന്നറിയിപ്പോടെ (Disclaimer) ആണ് പ്രചരിക്കേണ്ടിയിരുന്നത് - 'മഹാ മുംബൈ മെട്രോയിൽ ഇത് ചെയ്യാൻ ശ്രമിക്കരുത്'. മെട്രോ ട്രെയിനിനുള്ളിൽ സമയം ചെലവഴിക്കുന്നത് രസമുള്ള കാര്യമാണെന്ന് ഞങ്ങൾക്ക് മനസിലാകും. എന്നാൽ ആ ഗ്രാബ് ഹാൻഡിലുകൾ തൂങ്ങിയാടാനുള്ളതല്ല.' -മുംബൈ മെട്രോ പോസ്റ്റിൽ പറഞ്ഞു.
Don’t Miss: ‘ക്യാമറ ഒന്ന് തിരിച്ചു, പിന്നെ റീൽ ചുമ്മാ തീ’; ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോ വൈറൽ | VIDEO
'2002-ലെ മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്ടിലെ ശല്യമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് പിഴയീടാക്കുകയോ ജയിൽശിക്ഷ വരെയോ ലഭിക്കാം. അതുകൊണ്ട് സുഹൃത്തുക്കളേ, മെട്രോയിൽ സമയം ചെലവിട്ടോളൂ, പക്ഷേ തൂങ്ങിയാടരുത്. മഹാ മുംബൈ മെട്രോയിൽ ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുക.' -മുംബൈ മെട്രോ തുടർന്നു.
മുംബൈ മെട്രോയുടെ പോസ്റ്റും വരുൺ ധവാന്റെ വീഡിയോ പോലെ തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഗൗരവമായതും രസകരമായതുമായ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാർക്ക് പിടിച്ചുനിൽക്കാൻ മാത്രമുള്ളതാണ് ഗ്രാബ് ഹാൻഡിലുകൾ എന്ന് ആളുകൾക്ക് മനസിലാകുന്നില്ലെന്നും ഇങ്ങനെ ചെയ്താൽ അത് പൊട്ടിവീഴാൻ സാധ്യതയുണ്ടെന്നുമാണ് ഒരാൾ കുറിച്ചത്. 'വരുൺ സാർ അഭിനയിക്കുകയാണ്' എന്ന് മറ്റൊരാൾ. 'വരുൺ ധവാനിൽ നിന്ന് ഇതിന് പിഴയീടാക്കില്ല. സാധാരണക്കാരനായിരുന്നെങ്കിൽ കാണാമായിരുന്നു' എന്നും ഒരാൾ കുറിച്ചു.
Content Highlights: Mumbai Metro slammed actor Varun Dhawan for a viral video showing him doing pull-ups on a metro train grab handle. Officials warned that such stunts are punishable under the Metro Railways Act, involving fines or jail time. They reminded commuters that handles are for safety, not workouts.