'ഇപ്പോള്‍ ആരോടും താത്പര്യമില്ല, കൂട്ടില്ലാത്തതിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നു'-സുസ്മിത സെന്‍

സുസ്മിത സെന്‍ | Photo: Instagram/ Sushmita Sen
സുസ്മിത സെന്‍ | Photo: Instagram/ Sushmita Sen

നിലപാടുകള്‍കൊണ്ട് ബോളിവുഡ് നടിമാരില്‍ നിന്ന് എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്നയാളാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ബോളിവുഡിലെത്തിയ സുസ്മിത അഭിനയത്തിലും സ്വന്തമായി മേല്‍വിലാസമുണ്ടാക്കി. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത അവര്‍ ഒന്നിലധികം പ്രണയബന്ധങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടി. 48-കാരിയായ അവര്‍ ഇപ്പോള്‍ തന്റെ പ്രണയത്തേയും ബന്ധങ്ങളേയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. 

ഡേറ്റിങ്ങില്‍ നിന്ന് താന്‍ ഇടവേള എടുത്തിരിക്കുകയാണെന്നും ആരോടും ഇപ്പോള്‍ താത്പര്യമില്ലെന്നും സുസ്മിത പറയുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധം 2021-ല്‍ അവസാനിച്ചശേഷം പുതിയൊരു കാമുകനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കൂട്ടില്ലാത്തതിന്റെ സ്വാതന്ത്ര്യം ഇപ്പോള്‍ പൂര്‍ണാര്‍ഥത്തില്‍ അനുഭവിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. നടി റിയ ചക്രബര്‍ത്തിയുടെ പോഡ്കാസ്റ്റ് ഷോയിലാണ് സുസ്മിത ഈ തുറന്നുപറച്ചില്‍ നടത്തിയത്.

'ഇപ്പോള്‍ ആരോടും താത്പര്യമില്ല. അഞ്ചുവര്‍ഷത്തോളം ഞാന്‍ ഒരു ബന്ധത്തിലായിരുന്നു. അത് എന്നെ സംബന്ധിച്ച് വലിയൊരു കാലയളവാണ്. ഒരു ഇടവേളയെടുക്കുന്നത് നല്ലതാണ്. എന്റെ പ്രായത്തില്‍ ബ്രേക്കഅപ് എന്ന അവസ്ഥയില്ല. ഞാന്‍ ഒരു ബന്ധത്തിലായാല്‍ അതിന് ഞാന്‍ എല്ലാ പരിചരണവും നല്‍കും. എന്റെ സ്‌നേഹവും ഊര്‍ജവുമെല്ലാം അതിനായി സമര്‍പ്പിക്കും. അതിനെ പരമാവധി സംരക്ഷിക്കും. എന്നാല്‍ എന്തെങ്കിലും തരത്തില്‍ അത് ടോക്‌സിക്കായാല്‍ ആരെക്കാളും മുമ്പെ ഞാന്‍ അതില്‍ നിന്ന് പുറത്തുകടക്കും. അതില്‍ ഞാന്‍ സമയം കളയില്ല.' സുസ്മിത അഭിമുഖത്തില്‍ പറയുന്നു. 

നടനും മോഡലുമായ റോഹമാന്‍ ഷോളുമായി സുസ്മിത മുന്‍പ് പ്രണയത്തിലായിരുന്നു. 2021-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തങ്ങള്‍ വേര്‍പിരിഞ്ഞെന്നും എന്നാല്‍ സുഹൃത്തുക്കളായി തുടരുമെന്നും സുസ്മിത അന്ന് ആരാധകരോടു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിസിനസുകാരന്‍ ലളിത് മോദിക്കൊപ്പമുള്ള സുസ്മിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ലളിത് മോദി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സുസ്തിമ ഇത് നിഷേധിച്ചതുമില്ല.

താന്‍ മൂന്ന്‌ തവണ വിവാഹത്തിന് ഒരുങ്ങിയതാണെന്നും പിന്നീട് അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും നടി നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

Content Highlights: sushmita sen about her relationship and dating history