മാംസാഹാരം ഇഷ്ടപ്പെടുന്ന കുടുംബത്തിലെ ഏക സസ്യാഹാരി; ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെച്ച് സോനു സൂദ്

താന്‍ തികഞ്ഞ സസ്യാഹാരിയാണെന്ന് നേരത്തേ പലതവണ പറഞ്ഞയാളാണ് നടന്‍ സോനു സൂദ്. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് അദ്ദേഹം ആരാധകരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. 51-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് സോനു. താനൊരു വെജിറ്റേറിയന്‍ ആണെന്ന് നേരത്തേ തന്നെ പറഞ്ഞ താരം തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവെക്കുകയാണ്. ഭാര്യയും മക്കളും ഉള്‍പ്പെടെ സോനുവിന്റെ കുടുംബത്തിലെ എല്ലാവരും മാംസാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കുടുംബത്തിലെ ഏക വെജിറ്റേറിയൻ കൂടിയാണ് സോനു.
'കുടുംബത്തിലെ ഏക സസ്യാഹാരി ഞാനാണ്. സസ്യേതര ആഹാരം കഴിക്കില്ല എന്ന് കുട്ടിക്കാലത്തേ തീരുമാനിച്ചതാണ്. ഞാനൊരിക്കലും നോണ്‍-വെജ് ഭക്ഷണം കഴിക്കില്ലെന്ന് അച്ഛനോടും അമ്മയോടും അന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്നെ അതിന് അനുവദിച്ചു. ഇഷ്ടമുള്ളതെന്താണോ അത് ചെയ്യൂ എന്നാണ് അവര്‍ പറഞ്ഞത്.' -സോനു സൂദ് പറയുന്നു.
Also Read: വർഷങ്ങൾക്കിപ്പുറം ജഗതി 'അമ്മ' യോഗത്തിൽ; മോഹന്‍ലാലിനെ കണ്ടതോടെ പുഞ്ചിരിക്ക് നക്ഷത്രത്തിളക്കം
വെജിറ്റേറിയന്‍ ഡയറ്റും ചിട്ടയായ വ്യായാമവുമാണ് തന്റെ ഫിറ്റ്‌നസിന് പിന്നിലെന്നാണ് സോനു സൂദ് പറയുന്നത്. മദ്യപാനം തീരെ ഇല്ല. പാര്‍ട്ടികള്‍ക്ക് പോകാറില്ല. എവിടെയെങ്കിലും പോകുമ്പോള്‍ ഷെഫ് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കും. പക്ഷേ സാലഡ് പോലുള്ള ലളിതമായ ഭക്ഷണങ്ങളാണ് താന്‍ തിരഞ്ഞെടുക്കുക. പ്രോട്ടീന്‍ സപ്ലിമെന്റ് പോലുള്ള കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കാറില്ല. -സോനു സൂദ് പറയുന്നു.
വീട്ടില്‍ വരുന്ന വിരുന്നുകാര്‍ തന്റെ ഭക്ഷണം കണ്ട് ആശുപത്രിയിലെ ഭക്ഷണം പോലെയുണ്ട് എന്ന് പറയും. അപ്പോള്‍, 'ഇതാണ് എന്റെ ഭക്ഷണം, നിങ്ങള്‍ ഇഷ്ടമുള്ളതെല്ലാം കഴിച്ചോളൂ' എന്ന് മറുപടി പറയും.
Don't Miss: സത്യസന്ധതയ്‌ക്കൊരു സല്യൂട്ട്; വിമാനപകട സ്ഥലത്തുനിന്ന് കിട്ടിയ 102 പവൻ സ്വർണം തിരിച്ചുനല്‍കി 56-കാരൻ
എല്ലാ ദിവസവും വ്യായാമം ചെയ്യും. എന്ത് കാരണം കൊണ്ടായാലും അത് ഒരുദിവസം പോലും മുടക്കില്ല. രാവിലെ നേരത്തേ യാത്ര പോകേണ്ട ദിവസങ്ങളിലും ജിം തുറക്കാത്തപ്പോഴും മാത്രമാണ് ജിമ്മില്‍ പോകാന്‍ സാധിക്കാത്തത്. -സോനു സൂദ് പറഞ്ഞു.
Content Highlights: Sonu Sood reveals his fitness secrets being a vegetarian in a family of meat lovers