അസ്വാരസ്യങ്ങളെല്ലാം മറന്ന് ഒരുമിച്ചു; സൊനാക്ഷിയുടെ വിവാഹത്തില്‍ പങ്കെടുത്തെന്ന് സഹോദരന്‍മാര്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയുടേയും സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ജീവിതത്തില്‍ ഒന്നിച്ചു എന്ന ക്യാപ്ഷനോടെ സൊനാക്ഷി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഏക മകളുടെ വിവാഹത്തില്‍ അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹയും അമ്മ പൂനം സിന്‍ഹയും ദേഷ്യമെല്ലാം മാറ്റിവെച്ച് പങ്കെടുത്തു. രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷം ശത്രുഘ്‌നന്‍ സിന്‍ഹയുടേയും പൂനത്തിന്റേയും കാല്‍ തൊട്ട് വണങ്ങുന്ന സഹീറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ സൊനാക്ഷിയുടെ സഹോദരങ്ങളായ ലവ് സിന്‍ഹയും ഖുശ് സിന്‍ഹയും വിവാഹത്തില്‍ പങ്കെടുത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി ഇരുവരും രംഗത്തെത്തുകയും ചെയ്തു. താന്‍ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കുടുംബത്തെ സംബന്ധിച്ച് സെന്‍സിറ്റീവ് ടൈം ആണെന്നും ഖുശ് വ്യക്തമാക്കി.
'ആളുകള്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരു പ്രധാനപ്പെട്ട മാധ്യമസ്ഥാപനം വരെ ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയത് കണ്ടു. ഇതെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. റിസപ്ഷന്‍ നടന്ന രാത്രിയില്‍ നിന്നുള്ള രണ്ടോ മൂന്നോ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് എന്നേയും കാണാനാകും. ഞാന്‍ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടില്ല. അതിനര്‍ഥം ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തില്ല എന്നതല്ല. ഞാന്‍ എപ്പോഴും എന്റെ സഹോദരിക്ക് നല്ലത് വരണമെന്ന് പ്രാര്‍ഥിക്കുന്ന വ്യക്തിയാണ്. എന്റെ എല്ലാ അനുഗ്രഹങ്ങളും അവള്‍ക്കൊപ്പമുണ്ട്.'- ഖുശ് വ്യക്തമാക്കുന്നു.
വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലവ് സിന്‍ഹയും പ്രതികരിച്ചു. 'എനിക്ക് ഒന്നോ രണ്ടോ ദിവസം തരൂ. അതിനുള്ളില്‍ ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാം.' ലവ് സിന്‍ഹ വ്യക്തമാക്കി. നേരത്തെ താന്‍ പങ്കെടുത്തിട്ടില്ലെന്ന രീതിയില്‍ വന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ലവ് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു.
ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള സഹീറിന്റെ വീട്ടിലായിരുന്നു രജിസ്റ്റര്‍ വിവാഹം. അതിനുശേഷം രാത്രി എട്ടു മുതല്‍ മുംബൈയിലെ ബാസ്റ്റിയനില്‍ ബോളിവുഡിലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി റിസപ്ഷനും ഒരുക്കി. ഇതിനിടെ നൃത്തം ചെയ്യുന്ന സൊനാക്ഷിയുടേയും സഹീറിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തിന് വെള്ള നിറത്തിലുള്ള സാരി തിരഞ്ഞെടുത്ത സൊനാക്ഷി റിസപ്ഷന് ചുവപ്പ് സാരിയില്‍ സുന്ദരിയായെത്തി.
Content Highlights: sonakshi sinhas brothers kussh sinha and luv sinha attended her wedding