'ഇത്രയും മെലിഞ്ഞുപോകുന്ന തരത്തില്‍ വ്യായാമം ചെയ്യരുത്'- വര്‍ക്കൗട്ടിനിടയില്‍ എടുത്ത ചിത്രത്തിന് പരിഹാസം, മറുപടി നല്‍കി സാമന്ത

അഭിനേതാക്കളുടെ സ്വകാര്യ ജീവിതം പലപ്പോഴും ആളുകള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ വിവാഹമോചനവും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ചര്‍ച്ചയാകുന്നതിന് സാക്ഷിയാകേണ്ടി വന്ന നടിയാണ് സാമന്ത റൂത് പ്രഭു. നടന്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനവും ഓട്ടോഇമ്മ്യൂണ്‍ ഡിസീസ് സ്ഥിരീകരിച്ചതുമൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടങ്ങളെല്ലാം തരണം ചെയ്ത അവര്‍ അഭിനയത്തിനുപുറമെ സിനിമാ നിര്‍മാണത്തിലും പുതിയ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ ജിമ്മിലെ വര്‍ക്കൗട്ടിനിടയില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
അച്ചടക്കവും അര്‍പ്പണബോധവുമാണ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്ന് സാമന്ത പറയുന്നു. ഇത്രയും മനോഹരമായൊരു ശരീരം തനിക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനമായ പരിശീലനമാണ് ആ ധാരണ മാറ്റിയതെന്നും അവര്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ഈ പോസ്റ്റിന് താഴെ പരിഹസിക്കുന്ന രീതിയില്‍ കമന്റ് ചെയ്ത വ്യക്തിക്ക് സാമന്ത മറുപടിയും നല്‍കി. 'ഇത്രയും മെലിഞ്ഞുപോകുന്ന തരത്തില്‍ വ്യായാമം ചെയ്യരുത്' എന്നായിരുന്നു ഇയാളുടെ കമന്റ്. 'എനിക്ക് ആവശ്യമുള്ളപ്പോള്‍ ഞാന്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കാം' എന്നായിരുന്നു ഇതിന് നടി മറുപടി നല്‍കിയത്.
ഇത്രയും ഫിറ്റ് ആയിട്ടുള്ള ഒരു ശരീരവും മസിലുകളുള്ള പുറംഭാഗവുമെന്ന ആഗ്രഹം ഏറെക്കുറെ ഉപേക്ഷിച്ചിരുന്നുവെന്നും എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ ആ ലക്ഷ്യം നിറവേറ്റിയെന്നും അവര്‍ കുറിച്ചു. 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്രയും മസിലുകളുള്ള ഒരു പുറംഭാഗം എനിക്കുണ്ടാകുമെന്ന ആഗ്രഹം ഞാന്‍ ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു. നല്ല പുറംഭാഗമുള്ള മറ്റുള്ളവരെ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും, 'അങ്ങനെ എനിക്കൊരിക്കലും പറ്റില്ല'. പക്ഷേ ആ കാഴ്ച്ചപ്പാടില്‍ എനിക്ക് തെറ്റുപറ്റി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഈ മസിലുകള്‍ പദര്‍ശിപ്പിക്കാന്‍ പോകുകയാണ്, കാരണം ഇവിടെയെത്താന്‍ എടുത്ത പ്രയത്‌നം കഠിനമായിരുന്നു. വളരെ വളരെ കഠിനം.
താത്പര്യമില്ലാത്ത ദിവസങ്ങളില്‍, ഒരു മാറ്റവും കാണാത്തപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ എളുപ്പമായിരുന്നു. എന്നിട്ടും ഞാന്‍ പരിശീലനം തുടര്‍ന്നു. മസിലുകള്‍ ഉണ്ടാക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ രൂപത്തിന് വേണ്ടി മാത്രമല്ല, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു, എങ്ങനെ പ്രായമാകുന്നു എന്നതിനും അത് പ്രധാനമാണ്. പ്രായമാകുമ്പോള്‍ സ്‌ട്രെങ്ത് ട്രെയിനിങ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തായി മാറണം. മറ്റെന്തിനേക്കാളും സ്‌ട്രെങ്ത് ട്രെയിനിങ് എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. അത് എന്നെ അച്ചടക്കവും ക്ഷമയും പഠിപ്പിച്ചു. നിങ്ങള്‍ ഉപേക്ഷിക്കാന്‍ പോകുന്ന ഘട്ടത്തിലാണെങ്കില്‍ അത് ചെയ്യരുത്. നിങ്ങള്‍ മുന്നോട്ട് പോയതിന് നിങ്ങളുടെ ഭാവിയിലെ നിങ്ങള്‍ നന്ദിയുള്ളവരായിരിക്കും.'-സാമന്ത കുറിച്ചു.
Content Highlights: samantha ruth prabhu flaunts muscles skewers troll who said she looks thin