'ഡോണ്‍ ഷൂട്ടിനിടെ ഹെലനും സലിം ഖാനും ഒരുമിച്ചിരുന്ന് മദ്യപിച്ചു, സല്‍മാന് അമ്മയുടെ വേദന കണ്ടുനില്‍ക്കേണ്ടി വന്നു'

അടുത്തിടെയാണ് ബോളിവുഡ് നടി ഹെലന്‍ തന്റെ 87-ാം പിറന്നാള്‍ ആഘോഷിച്ചത്. ഹൗറ ബ്രിഡ്ജ് എന്ന ചിത്രത്തിലെ 'മേരാ നാം ചിന്‍ ചിന്‍ ചു' എന്ന ഗാനത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട അവരുടെ സ്വകാര്യ ജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. സിനിമയിലെത്തും മുമ്പുള്ള ഹെലന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ജപ്പാനീസ് അധിനിവേശത്തെ തുടര്‍ന്ന് അവരും കുടുംബവും മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നഴ്‌സായിരുന്ന അമ്മയുടെ ജോലി കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍വേണ്ടി ഹെലന് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
സിനിമകളിലെ പാട്ടുസീനുകളില്‍ ഗ്രൂപ്പ് ഡാന്‍സ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ എപ്പോഴും ഹെലനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന അവരുടെ ജീവിതം മാറ്റിമറിച്ചത് ഹൗറ ബ്രിഡ്ജ് എന്ന ചിത്രത്തിലെ ഗാനമാണ്. അത് അവരെ ഒറ്റ രാത്രികൊണ്ട് പ്രശസ്തയാക്കി. തുടര്‍ന്ന് തുടര്‍ച്ചയായി നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട അവര്‍ 'ബോളിവുഡിന്റെ കാബറേ ക്വീന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. 1978-ല്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച 'ഡോണ്‍' എന്ന സിനിമയിലെ കാമിനി എന്ന കഥാപാത്രം അവരുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായി മാറി. അത് അവരുടെ ജീവിതവും മാറ്റിമറിച്ചു. ആ സിനിമയുടെ ചിത്രീകരണവേളയിലാണ് സഹ-തിരക്കഥാകൃത്തായ സലിം ഖാനുമായി അവര്‍ പ്രണയത്തിലാകുന്നത്. ഡോണ്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു.
എന്നാല്‍ സലിമും ഹെലനും ആദ്യമായി കണ്ടുമുട്ടിയ സിനിമ ഡോണ്‍ ആയിരുന്നില്ല. അതിന് മുമ്പ് 1963-ല്‍ 'കാബ്ലി ഖാന്‍' എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതില്‍ ഹെലന്‍ നായികയും സലിം ഖാന്‍ വില്ലനുമായിരുന്നു. ആ സിനിമയുടെ സെറ്റില്‍വെച്ച് തങ്ങള്‍ പരസ്പരം സംസാരിച്ചിട്ടേയില്ലെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ ഹെലന്‍ പറയുന്നുണ്ട്.
ഡോണിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും അടുക്കുന്നത്. എല്ലാ ദിവസവും അവര്‍ മദ്യപിക്കാനായി ഒത്തുകൂടും. ഈ സിനിമയിലാണ് ഹെലന്‍ 'യേ മേരാ ദില്‍ യാര്‍ കാ ദീവാന' എന്ന അവിസ്മരണീയമായ ഗാനരംഗത്ത് അഭിനയിച്ചത്. ഈ ഷെഡ്യൂളിനിടെയാണ് സലിമും ഹെലനും കൂടുതല്‍ അടുത്തത്. ഷൂട്ടിങ് കഴിഞ്ഞാല്‍ എല്ലാ വൈകുന്നേരവും അവര്‍ കണ്ടുമുട്ടുമായിരുന്നെന്നും സംഭാഷണങ്ങളും മദ്യപാനവും അവരെ പതുക്കെ അടുപ്പിച്ചുവെന്നും സലിം ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
എന്നാല്‍ ആ സമയത്ത് സലിം ഖാന്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു. ഇത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് പഴയൊരു അഭിമുഖത്തില്‍ ഹെലന്‍ പറയുന്നുണ്ട്. 'സലിം വിവാഹിതനാണ് എന്നത് എന്നെ അലട്ടിയിരുന്നു. തുടക്കത്തില്‍ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. സിനിമയിലെ മറ്റുള്ളവരില്‍ നിന്ന് സലിമിനെ വ്യത്യസ്തനാക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ ചൂഷണം ചെയ്യാന്‍ ശ്രമിക്കാതെ സഹായിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചു'- അവര്‍ പറഞ്ഞു.
ഹെലനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സലിം വെളിപ്പെടുത്തിയപ്പോള്‍ മക്കളായ സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിറ ഖാന്‍ എന്നിവരില്‍ നിന്ന് എതിര്‍പ്പുണ്ടായി. 'കുട്ടികളെന്ന നിലയില്‍ അവര്‍ക്ക് അവരുടേതായ എതിര്‍പ്പുകളുണ്ടായിരുന്നു. അവരുടെ അമ്മ സല്‍മ പ്രതികരിച്ചതുപോലെയാണ് അവരും പ്രതികരിച്ചത്. ഒരുപാട് സമയമെടുത്തശേഷമാണ് സല്‍മ ഈ ബന്ധം അംഗീകരിച്ചത്.' സലിം ഡോക്യുമെന്ററില്‍ പറയുന്നുണ്ട്.
താന്‍ എങ്ങനെയാണ് മക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതെന്നും ഹെലനോട് ബഹുമാനത്തോടെ പെരുമാറാന്‍ ആവശ്യപ്പെട്ടതെന്നും സലിം പങ്കുവെച്ചു. ''ഞാന്‍ കുട്ടികളെയെല്ലാം ഇരുത്തി അവരുമായി സംസാരിച്ചു. ഞാന്‍ അവരോട് പറഞ്ഞു, 'നിങ്ങള്‍ക്ക് ഇത് ഇപ്പോള്‍ മനസ്സിലാകില്ല, പക്ഷെ നിങ്ങള്‍ വലുതാകുമ്പോള്‍ മനസ്സിലാകും. ഞാന്‍ ഹെലന്‍ ആന്റിയുമായി പ്രണയത്തിലാണ്, നിങ്ങളുടെ അമ്മയെ സ്‌നേഹിക്കുന്നതുപോലെ അവരെ സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് എനിക്കറിയാം. പക്ഷെ അവര്‍ക്കും അതേ ബഹുമാനം നല്‍കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' സലിം മക്കളോട് പറഞ്ഞത് ഇങ്ങനെയാണ്.
ഹെലനുമായുള്ള സലിം ഖാന്റെ ബന്ധം കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അന്ന് 10 വയസുകാരനായ താന്‍ അമ്മ വേദനിക്കുന്നത് കണ്ടുവെന്നും അത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും ഫിലിം ഫെയറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറയുന്നുണ്ട്. 'ഞാന്‍ ഒരു അമ്മക്കുട്ടിയാണ്. അമ്മ സങ്കടപ്പെടുന്നത് കാണാന്‍ എനിക്ക് കഴിയില്ല. അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചപ്പോള്‍ അമ്മയ്ക്ക് ഒരുപാട് വേദനിച്ചു, അദ്ദേഹം വീട്ടില്‍ വരുന്നത് വരെ അമ്മ കാത്തിരിക്കുന്നത് കാണുന്നത് എനിക്ക് വെറുപ്പായിരുന്നു'-സല്‍മാന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു.
സല്‍മ സലിമിന്റെയും ഹെലന്റെയും വിവാഹം അംഗീകരിച്ചതിന് ശേഷവും അമ്മയോടുള്ള സ്‌നേഹത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് സലിം മക്കള്‍ക്ക് ഉറപ്പ് നല്‍കിയതിന് ശേഷവും കാര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നും സല്‍മാന്‍ സമ്മതിച്ചു. ''അച്ഛന്‍ ഇപ്പോഴും അമ്മയെ സ്‌നേഹിക്കുന്നുണ്ടെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. അന്ന് എനിക്ക് ഏകദേശം 10 വയസ്സായിരുന്നു, ഹെലന്‍ ആന്റിയെ ശരിക്കും അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയമെടുത്തു. ഇന്ന് അവര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കുടുംബം ഒരു മുറുകെ പിടിച്ച മുഷ്ടി പോലെയാണ്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും എപ്പോള്‍ സഹായം വേണമെങ്കിലും മറ്റുള്ളവര്‍ അവിടെയുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം.'-സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: salim khan and helen grew close over daily drinks during don shoot