അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തത്;പവന്‍ കല്ല്യാണുമായുള്ള ബന്ധത്തെ കുറിച്ച് രേണു

തെലുഗു സിനിമാലോകത്ത സൂപ്പര്‍ സ്റ്റാറായ പവന്‍ കല്ല്യാണ്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആന്ധ്രാ പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടൊപ്പം എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് പവന്‍ കല്ല്യാണിന്റെ സ്വകാര്യ ജീവിതവും. ആദ്യ ഭാര്യ നന്ദിനിയുമായുള്ള വിവാഹബന്ധം തുടരവെ നടി രേണു ദേശായിയുമായി ലിവിങ് ടുഗതറിലായിരുന്നു പവന്‍. ഇത് തെലുഗ് സിനിമാലോകത്ത് വന്‍ ചര്‍ച്ചാവിഷയമായിരുന്നു.
1997-ലാണ് 19-കാരിയായ നന്ദിനി പവന്റെ ഭാര്യയായി ജീവിതത്തിലേക്ക് വരുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയായിരുന്നു വിവാഹം. കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ ഈ വിവാഹം 2008-ല്‍ അവസാനിച്ചു. അതിന് മുമ്പെ രേണു ദേശായിയുമായി പവന്‍ പ്രണയത്തിലായിരുന്നു. അകിറ നന്ദന്‍ എന്നൊരു മകന്‍ ഈ ബന്ധത്തില്‍ ജനിക്കുകയും ചെയ്തു. തുടര്‍ന്ന് രേണുവുമായുള്ള പവന്റെ ബന്ധം നന്ദിനി എതിര്‍ക്കുകയും കുടുംബ കോടതിയെ സമീപിക്കുകയുമായിരുന്നു. അഞ്ച് കോടി രൂപ ജീവനാംശം നല്‍കിയാണ് പവന്‍ നന്ദിനിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്.
2009-ല്‍ രേണുവും പവനും വിവാഹിതരായി. തൊട്ടടുത്ത വര്‍ഷം ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ആദ്യ നന്ദന്‍ എന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. എന്നാല്‍ ഈ വിവാഹത്തിനും അധികം ആയുസുണ്ടായില്ല. റഷ്യന്‍ മോഡലും നടിയുമായ അന്ന ലെസ്‌നേവയുമായുള്ള പവന്റെ ബന്ധമായിരുന്നു ഇതിന് കാരണം. 2012-ല്‍ രേണുവില്‍ നിന്ന് വിവാഹമോചനം നേടിയ പവന്‍ 2013-ല്‍ അന്നയെ ജീവിത സഖിയാക്കി. പൊലേന അഞ്ജന പവാനോവ, മാര്‍ക്ക് ശങ്കര്‍ പവാനോവിച്ച് എന്നിങ്ങനെ രണ്ട് മക്കള്‍ ഈ ബന്ധത്തിലുണ്ട്.
പവന്‍ കല്ല്യാണ്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീട്ടിലെത്തിയപ്പോള്‍ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന അന്നയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനും അന്ന എത്തിയിരുന്നു. ഇതോടൊപ്പം മുന്‍ ഭാര്യ രേണു ദേശായിയും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയമായി. പവനെ ഉപേക്ഷിച്ചുപോയത് രേണുവാണെന്നും ഇപ്പോള്‍ അവര്‍ അതോര്‍ത്ത് ദു:ഖിക്കുന്നുണ്ടാകുമെന്നുമായിരുന്നു ആരാധകരുടെ പരിഹാസങ്ങള്‍.
ഇത്തരത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്ത ആരാധകന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് രേണു. 'നിങ്ങള്‍ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു സഹോദരി, ദൈവത്തെ പോലൊരാളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വില മനസിലാക്കുന്നു. കുട്ടികള്‍ പവന്‍ കല്ല്യാണിനൊപ്പമാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.' -എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
ഇതിന് മറുപടിയുമായാണ് രേണു രംഗത്തെത്തിയത്. അല്‍പം വിവേകമുണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഇത്തരത്തില്‍ സംസാരിക്കില്ലായിരുന്നുവെന്നും പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തതെന്നും രേണു വ്യക്തമാക്കുന്നു. ഇത് ചര്‍ച്ചയായതോടെ ഈ കമന്റ് രേണു പിന്നീട് നീക്കം ചെയ്തു.
നേരത്തെ രണ്ടാം വിവാഹത്തെ കുറിച്ച് രേണു ദേശായി ആലോച്ചിരുന്നു. വിവാഹ നിശ്ചയമെല്ലാം കഴിഞ്ഞുവെങ്കിലും മകളുടെ ഭാവി ആലോചിച്ച് ആ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുകയായിരുന്നുവെന്നും രേണു നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പവന്‍ കല്ല്യാണുമായുള്ള വിവാഹമോചനത്തേക്കാളും കുട്ടിക്കാലത്ത് താന്‍ നേരിട്ട അവഗണനയായിരുന്നു തന്നെ വേദനിപ്പിച്ചതെന്നും മക്കളെ ഒരിക്കലും അത്തരത്തില്‍ വേദനിപ്പിക്കില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു.
Content Highlights: renu desai talks about divorce with pawan kalyan