മാനിക്യൂറിനായി ഭാര്യയുടെ പ്രൈവറ്റ് ജെറ്റ് യാത്ര;അംബാനിയോട് ബീബര്‍ 83 കോടി വാങ്ങിയതിന് പിന്നിൽ..

പോപ് താരം ജസ്റ്റിന്‍ ബീബറിനും അമേരിക്കന്‍ മോഡലായ ഹെയ്‌ലി ബീബറിനും അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിക്കാലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ബീബര്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ജാക്ക് ബ്ലൂസ് ബീബര്‍ എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷത്തിന്റേയും ഭാഗമായി ബീബര്‍ ഇന്ത്യയിലെത്തിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷമായ സംഗീത് പരിപാടി കൊഴുപ്പിക്കാനാണ് ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത്. അന്ന് സ്വന്തം പാട്ടുകള്‍ അവതരിപ്പിച്ച് ബീബര്‍ മടങ്ങിയത് 10 മില്ല്യണ്‍ ഡോളറുമായാണ്. അതായത് 83 കോടി ഇന്ത്യന്‍ രൂപ!
എന്നാല്‍ ബീബര്‍ അംബാനിയുടെ ക്ഷണം സ്വീകരിച്ചത് സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല. ബീബറുടെ ഭാര്യ ഹെയ്‌ലിയുടെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താന്‍ കൂടിയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ ആവശ്യങ്ങള്‍ക്കുവരെ ഹെയ്‌ലി രാജ്യംവിട്ട് യാത്ര ചെയ്യുമെന്നും ഇതിനായി പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഖങ്ങള്‍ മാനിക്യൂര്‍ ചെയ്യാനായി മാത്രം ഒരിക്കല്‍ ചാർട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തുവെന്നും ബീബറിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ മുംബൈയിലെത്തിയപ്പോള്‍ അംബാനി കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ബീബര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചടങ്ങിന് മുമ്പ് അംബാനി കുടുംബാംഗങ്ങളോട് സംസാരിക്കുന്നതും സംഗീത നിശയില്‍ നിന്നുള്ള വീഡിയോകളും ബീബര്‍ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഹോട്ടല്‍ റൂമില്‍ നിന്നും എടുത്ത ചിത്രങ്ങളും ആഡംബര കാറില്‍ മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്ററിലെത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്. ആനന്ദിനേയും രാധികയേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ബീബറിനെ ചിത്രങ്ങളില്‍ കാണാം.
Content Highlights: reason for justin biebers 10 million gig for anant ambani and radhika merchants pre wedding