ഫ്രിഡ്ജിനെ കബോര്‍ഡായി ഉപയോഗിച്ചു, പത്തുപേർക്കൊപ്പം ഒരുമുറിയിൽ താമസിച്ചു; കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് നടൻ

നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ ഹിറ്റായി സ്ട്രീം ചെയ്യുകയാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ്‌സീരീസ് 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'. സീരീസിലെ പ്രധാന കഥാപാത്രമായ ആസ്മാന്റെ സുഹൃത്തായി എത്തിയത് നടന്‍ രാഘവ് ജുയല്‍ ആണ്. രാഘവിന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ തുടക്കകാലത്ത് താന്‍ നേരിട്ട കഷ്ടപ്പാടുകള്‍ തുറന്നുപറയുകയാണ് താരം. 'യുവ'യുമായുള്ള സംഭാഷണത്തിലാണ് രാഘവ് ജുയല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പത്തുപേര്‍ക്കൊപ്പം ഒറ്റമുറിയില്‍ താമസിച്ചതും വടാ പാവ് കഴിച്ച 'സുവര്‍ണകാല'വുമെല്ലാം സംഭാഷണത്തില്‍ രാഘവ് ഓര്‍ത്തെടുത്തു.
'ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ആ കാലഘട്ടവും ഞാന്‍ ആസ്വദിച്ചിരുന്നു. 'എനിക്കൊന്നുമില്ലല്ലോ' എന്നോര്‍ത്ത് ഞാനൊരിക്കലും സങ്കടപ്പെട്ടിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെ പരമാവധിയിലാണ് ഞാന്‍ എന്‍ജോയ് ചെയ്തത്. വടാ പാവ് കഴിച്ചിരുന്ന സമയമാണ് എന്റെ ജീവിതത്തിലെ മികച്ച കാലം.' -രാഘവ് ജുയല്‍ പറഞ്ഞു.
'ഞാന്‍ ഡാന്‍സറായിരുന്നപ്പോള്‍ പത്തുപേര്‍ക്കൊപ്പം ഒരുമുറിയിലാണ് താമസിച്ചത്. ഞങ്ങളുടെ ഫ്രിഡ്ജ് പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ അടിവസ്ത്രങ്ങള്‍ അതിനകത്താണ് സൂക്ഷിച്ചിരുന്നത്. ഫ്രിഡ്ജിനെ ഞങ്ങള്‍ കബോര്‍ഡായി ഉപയോഗിച്ചു. ആരെങ്കിലും ഞങ്ങളുടെ താമസസ്ഥലത്തേക്ക് വന്ന് ഫ്രിഡ്ജ് തുറന്നുനോക്കിയാല്‍ അവര്‍ ഉള്ളിലെ കാഴ്ച കണ്ട് ഞെട്ടിപ്പോകുമായിരുന്നു.' -രാഘവ് പറഞ്ഞുനിര്‍ത്തി.
Content Highlights: Raghav Juyal Recalls His Early Struggles In Film Industry: "Used To Store My Undergarments In Fridge"