ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച് വീഡിയോ; സോഷ്യല്‍ മീഡിയാ താരം ഒറിക്കെതിരെ വ്യാപക പ്രതിഷേധം

താരപുത്രിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെയും ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമായും ശ്രദ്ധേയനായ സോഷ്യല്‍ മീഡിയാ താരം ഒറി എന്ന ഓര്‍ഹന്‍ അവത്രമണിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ അപമാനിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഒറി വലിയ പ്രതിഷേധം നേരിടേണ്ടിവന്നത്. നിരവധി പേരാണ് ഒറിയുടെ പോസ്റ്റിന് താഴെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കമന്റിട്ടത്.
Also Read: 'ഞാൻ ട്രാൻസ്‌ജെൻഡറാണ്'; തുറന്നുപറഞ്ഞ് റോബർട്ട് ഡി നീറോയുടെ മകൾ, 'ഗോഡ്‍ഫാദർ' നടന്റെ പ്രതികരണം ഇങ്ങനെ
ട്രാന്‍സ്‌ജെന്‍ഡറുകളെ അധിക്ഷേപിക്കുന്ന 'ഛക്ക' എന്ന ഹിന്ദി വാക്കാണ് ഒറി പോസ്റ്റില്‍ ഉപയോഗിച്ചത്. ഒരു കോമഡി ഷോയ്ക്ക് പോയപ്പോഴുള്ള സെല്‍ഫി വീഡിയോയാണ് ഇയാള്‍ ഇതിനൊപ്പം പങ്കുവെച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം കെട്ടിയ രണ്ട് നടന്മാരെ വീഡിയോയില്‍ ഒറിക്ക് പിന്നിലായി കാണാം. ഇവര്‍ തമാശരൂത്തില്‍ വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലുള്ളത്.
'നിങ്ങള്‍ ഒരു കോമഡി ഷോയില്‍ പങ്കെടുക്കുന്നു. അവിടെ നിങ്ങളുടെ പിന്നിലായി രണ്ട് 'ഛക്കകള്‍' അടികൂടുന്നു' എന്നാണ് വീഡിയോയില്‍ ഇയാള്‍ കുറിച്ചത്. ഇതാണ് വിവാദമായത്. ഒറിയുടേത് ട്രാന്‍സ്‌ഫോബികായ പോസ്റ്റാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'നോ' എന്ന ഒറ്റ വാക്ക് കമന്റായി രേഖപ്പെടുത്തിയാണ് നടിയും ഡോക്ടറുമായ ട്രാന്‍സ്‌വുമണ്‍ ത്രിനേത്ര തന്റെ പ്രതിഷേധം അറിയിച്ചത്.
'ഇത് നാണംകെട്ട കാര്യമാണ് ഒറീ. ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നത് വിലകുറഞ്ഞ കാര്യമാണ്' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ഇത് തമാശയല്ല. ക്വീര്‍ സംസ്‌കാരത്തില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ട്രാന്‍സ് വനിതകളെ അപമാനിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്' എന്ന് മറ്റൊരാള്‍. സമാനമായ നൂറുകണക്കിന് കമന്റുകളാണ് ഒറിയുടെ പോസ്റ്റിലുള്ളത്. അതേസമയം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഒറി വീഡിയോ പിന്‍വലിച്ചിട്ടില്ല.
ആരാണ് ഒറി എന്ന ഓര്‍ഹന്‍ അവത്രമണി?
അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഒറി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ, താരപുത്രിമാരുടെ അടുത്ത സുഹൃത്തായ ഒറി എന്ന് വിളിപ്പേരുള്ള ഒര്‍ഹാന്‍ അവത്രാമണി ആരാണ്? അദ്ദേഹത്തിന്റെ ജോലി എന്താണ്? അതിപ്പോഴും നിഗൂഢമാണ്. അതിന്റെ ഉത്തരം ഇപ്പോഴും ഒറിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല.
ഈ നിഗൂഢത തന്നെയാണ് ഒറി കണ്ടെത്തിയ വിപണിസാധ്യത. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബോളിവുഡ് താരപുത്രിമാരായ സുഹാന ഖാന്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറാ അലി ഖാന്‍, നൈസ ദേവ്ഗണ്‍, അനന്യ പാണ്ഡെ തുടങ്ങി നിരവധി സെലിബ്രിറ്റിമാര്‍ക്കൊപ്പം ഒറി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ റിലയന്‍സ് ഇന്‍ഡസ്ട്ര്‌സീന്റെ ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി വരേയുണ്ട്. തന്റെ വിദേശയാത്രകളും ക്രിസ്മസ് ആഘോഷവും ന്യൂഇയര്‍ സെലിബ്രേഷനുമെല്ലാം ഒറി ആഘോഷിക്കുന്നത് ഈ താരമൂല്യമുള്ള വ്യക്തികള്‍ക്കൊപ്പമാണ്.
ഇവരുമായെല്ലാം ഒറി സൗഹൃദമുണ്ടാക്കിയത് എങ്ങനെയാണെന്നാണ് പലരും ചോദിക്കുന്നത്. താരപുത്രിമാരില്‍ പലരും തന്റെ സഹപാഠികളാണെന്നും അതുവഴിയുണ്ടാക്കിയെടുത്ത ബന്ധങ്ങളാണെന്നും ഒറി പറയുന്നു. ഭൂമി പട്‌നേക്കറും കിയാര അദ്വാനിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഒറി അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ സഹോദരന്‍ കബീറിന്റെ സഹപാഠിയാണ് കിയാരയെന്നും അങ്ങനെയാണ് അവരെ പരിചയപ്പെട്ടതെന്നും ഒറി പറയുന്നു. ഭൂമിയുടെ സഹോദരി സമിക്ഷ തന്റെ കൂടെയാണ് പഠിച്ചതെന്നും ഒറി പറയുന്നു.
Content Highlights: Widespread protest against social media star Orry after posting a transphobic video using a derogatory term to insult transgender women