നാടകകൃത്ത്, അഭിനേതാവ്; മിസ് വേൾഡ് കിരീടം ചൂടുമോ മധ്യപ്രദേശിന്റെ നികിത പൊർവാൾ

വിയറ്റ്നാമിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നികിത പൊർവാളാണ്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിനിയാണ് നികിത. അറുപത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മധ്യപ്രദേശിൽ നിന്നൊരാൾ ഫെമിന മിസ് ഇന്ത്യ കിരീടം ചൂടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലോകസൗന്ദര്യമത്സര വേദിയിൽ ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നികിത.
ഉജ്ജയിനിയിലെ കാർമൽ കോൺവെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നികിത, ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. പതിനെട്ടാം വയസ്സിൽ ടെലിവിഷൻ അവതാരകയായാണ് അവർ കരിയർ ആരംഭിച്ചത്. സൗന്ദര്യമത്സരങ്ങൾക്കപ്പുറം പ്രതിഭയുള്ള ഒരു കലാകാരി കൂടിയാണ് നികിത. അറുപതിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മികച്ചൊരു തിയേറ്റർ ആർട്ടിസ്റ്റാണ്. 'കൃഷ്ണലീല' എന്ന പേരിൽ ഒരു നാടകം സ്വന്തമായി രചിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ചമ്പൽ പാർ' എന്ന ചിത്രത്തിലൂടെ സിനിമയിലും അഭിനയിച്ചു. സൗന്ദര്യമത്സര വിജയികൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന പൊതുബോധം തിരുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നികിത പറയുന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വന്ന് ബോളിവുഡിലും ഹോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ പ്രിയങ്ക ചോപ്രയും മുൻ ലോകസുന്ദരി ഐശ്വര്യ റായിയുമാണ് നികിതയുടെ റോൾ മോഡലുകൾ.
വിയറ്റ്നാമിലെ ലോകസുന്ദരി വേദിയിൽ ഇന്ത്യൻ സംസ്കാരവും വാസ്തുവിദ്യയും വിളിച്ചോതുന്ന വസ്ത്രങ്ങളാകും നികിത അണിയുക. മധുര മീനാക്ഷി ക്ഷേത്രത്തിലെ വാസ്തുവിദ്യയും ഇന്ത്യൻ പുരാണങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ദേശീയ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനറായ തോറാനിയാണ്. ലക്ഷ്മി റാണയാണ് ഫാഷൻ ഡയറക്ടർ. സൗന്ദര്യമത്സരങ്ങളിലെ സുപ്രധാന വിഭാഗമായ 'ബ്യൂട്ടി വിത്ത് എ പർപ്പസ്' റൗണ്ടിനായി 'മാതി' എന്ന പദ്ധതിയാണ് നികിത മുന്നോട്ടുവെക്കുന്നത്. ഇന്ത്യയിലെ ഗോത്രവർഗക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആർത്തവ ശുചിത്വം, കുടിവെള്ളം, പോഷകാഹാരം, നൈപുണ്യ വികസനം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
'സ്വന്തം പേരിനോ മാതാപിതാക്കളുടെ പേരിനോ പകരം 'ഇന്ത്യ' എന്ന പേരിൽ വേദിയിൽ അറിയപ്പെടുന്നത് വലിയൊരഭിമാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കാൻ കഴിയുന്നതിനേക്കാൾ വലുതായി ഒന്നുമില്ല,' നികിത പറയുന്നു.
Content Highlights: Nikita Porwal represents India at the Miss World pageant in Vietnam., First Femina Miss India winner from Madhya Pradesh in 60 years of its history., Accomplished theater artist, playwright, and actor with a focus on tribal welfare through the 'Mathi' project.