കടക്കാരെ പേടിച്ച് നാടുവിട്ടു, 2 തവണ ജീവനൊടുക്കാൻ ശ്രമിച്ചു; ഒടുവിൽ ജീവിതം തിരിച്ച് പിടിച്ച് നിജുല

സംരംഭങ്ങൾ തുടങ്ങാൻ ഇറങ്ങിത്തിരിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെക്കൂടുതലാണ്. എന്നാൽ, അങ്ങനെ ഇറങ്ങുന്നവർക്കുവേണ്ട ഉപദേശം നൽകുന്ന സംരംഭം തുടങ്ങി വേറിട്ടുനിൽക്കുകയാണ് നിജുല പരാടൻ. ബിസിനസ് തുടങ്ങാനും വീടുവെക്കാനുമെല്ലാം എന്തൊക്കെ ചെയ്യണം, ഏതു ലോണെടുക്കണം തുടങ്ങിയ കാര്യങ്ങൾ ഉപദേശിക്കുന്നതാണ് നിജുലയുടെ സ്ഥാപനം-പരാടൻ ട്രഷറി.
താങ്ങാവുന്നതിലധികം തിരിച്ചടികളും പ്രതിസന്ധികളും നേരിട്ടയാളാണ് നിജുല. ഒരുതവണ വീടുവിട്ടുപോയി, രണ്ടുതവണ ജീവിതംതന്നെ അവസാനിപ്പിക്കാൻ ശ്രമിച്ചു. വിധി അതേ ജീവിതത്തിൽ തിരിച്ചെത്തിച്ചു. കോഴിക്കോട് ചാലപ്പുറത്ത് ബിസിനസ് കുടുംബത്തിലാണ് ജനിച്ചത്. മലപ്പുറം ചെമ്മാട്ടെ പ്രമുഖ ബിസിനസ് കുടുംബമാണ് പരാടൻ. പിതാവ് പരാടൻ മുഹമ്മദ് കുട്ടി. ദുബായിൽ റസ്റ്ററന്റും സൂപ്പർമാർക്കറ്റും നടത്തുകയായിരുന്നു ഉമ്മ. നാലു പെൺകുട്ടികൾക്കുശേഷമാണ് അവർക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ഒരാണും ഒരു പെണ്ണും. ആ പെൺകുട്ടിയാണ് നിജുല. ഇതിനിടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. നിജുലയെ വളർത്താനായി ഉമ്മ ബന്ധുവിനെ ഏൽപ്പിച്ചു. മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് പിന്നെ തിരികെ വീട്ടിലെത്തിയത്. ഇതിനിടെ ദുബായിലെ ബിസിനസിൽ തകർച്ചയുണ്ടായി. പെരുമണ്ണയിൽ പുതുതായുണ്ടാക്കിയ വീടും സ്ഥലവുംതേടി പണം കിട്ടാനുള്ളവർ വന്നു. ഇവരുടെ വരവ് പ്ലസ്‌വൺ വിദ്യാർഥിയായിരുന്ന നിജുലയെയാണ് വല്ലാതെ ബാധിച്ചത്.
അവൾ മരിക്കാൻ ശ്രമിച്ചു, പണംകൊടുക്കാനുള്ളവരെ പേടിച്ച് ഒരിക്കൽ വീടുവിട്ട് പരിചയമുള്ള ഒരു സ്ത്രീയുടെ മൈസൂരുവിലെ വീട്ടിലേക്കു പോയി. വീട്ടുകാർ പരാതി നൽകിയതോടെ പോലീസാണ് കണ്ടെത്തിയത്. പ്ലസ് വണിന് പഠിക്കുമ്പോഴേ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ചു. ഭർത്താവ് ഡോക്ടർ. അനുഭവിച്ചതിനെക്കാൾ മോശം അനുഭവങ്ങളാണ് അവിടെ കാത്തുനിന്നത്. അതോടെ തിരിച്ചുവന്നു. വീട്ടിൽ തുടരുക പ്രയാസമായി. വീണ്ടും മരിക്കാൻ ശ്രമം നടത്തി. വീട്ടുകാർ വീണ്ടും വിവാഹത്തിന് നിർബന്ധിച്ചു. അങ്ങനെ ബസിൽ ക്ലീനറായ മുനീർ കൊട്ടാരത്തിലിനെ വിവാഹം കഴിച്ചു. രണ്ടുപേരും ഒരു ഫ്ളാറ്റിൽ താമസം തുടങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ട് അദ്ദേഹം കിടപ്പിലായത്. ഏക വരുമാനവും നിലച്ചു. ആരും സഹായത്തിനില്ല. അവിടെനിന്നാണ് നിജുലയിലെ ബിസിനസുകാരി ഉണർന്നത്. ബാങ്കിൽ ഇൻഷുറൻസ് കൺസൽട്ടന്റായി. ഒപ്പം കോട്ടൺ സാരികൾ മൊത്തമായെടുത്ത് വിൽപ്പനയും തുടങ്ങി.
ചെലവുകൾ ഒരുവിധം നടന്നുപോയെങ്കിലും കടമുണ്ടായിരുന്നു. രണ്ടരവർഷത്തിനുശേഷമാണ് ഭർത്താവിന് നടക്കാനായത്. കടംവീട്ടാൻ ഭർത്താവിനൊപ്പം ഹോളോബ്രിക്സ് കമ്പനിയിൽ പണിക്കുപോയി. അതും പറ്റാതായപ്പോഴാണ് ഭർത്താവുമൊന്നിച്ച് ഖത്തറിലേക്ക് വീട്ടുജോലിക്കാരിയായി പോയത്. ഭർത്താവ് അവരുടെ ബന്ധുവീട്ടിൽ ഷെഫായും നിന്നു. പിന്നീട് ആ വീട്ടിൽ കുഞ്ഞുപിറന്നപ്പോൾ അവന്റെ ആയയായി. കുറച്ചുകാലംകഴിഞ്ഞപ്പോൾ അവരുടെ ബന്ധുവീട്ടിൽ ഷെഫായി. അവരുടെ മകനാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലേക്ക് ക്ഷണിച്ചത്. മികവോടെ ജോലിചെയ്യാനും പണം സമ്പാദിക്കാനും ആ ജോലി സഹായിച്ചു.
ഇടയ്ക്ക് നാട്ടിലെത്തി സ്ഥലവും വീടും കാറും മറ്റും വാങ്ങി. പിന്നീട് ഭർത്താവുമാത്രമേ തിരിച്ചുപോയുള്ളൂ. എന്തെങ്കിലും ചെയ്യണമെന്ന് ആലോചിക്കുന്ന കാലത്താണ് ഇൻഷുറൻസിന്റെ ആവശ്യത്തിനായി എൽഐസിയിൽ ചെല്ലുന്നത്. അവിടെ സംസാരിച്ച ഉദ്യോഗസ്ഥനാണ് ഇൻഷുറൻസ് കൺസൽട്ടന്റാവാൻ നിർബന്ധിച്ചത്. വളരെ പെട്ടെന്ന് പ്രീമിയം ടോപ്പറായി.
അങ്ങനെയാണ് ഈ രംഗത്ത് കൂടുതൽ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്. പല ആവശ്യങ്ങൾക്കും ലോണെടുക്കാനും ബന്ധപ്പെട്ട കാര്യങ്ങൾക്കും ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ ശരിയായ ഉപദേശം നൽകുകയെന്ന ലക്ഷ്യത്തോടെ 2020 മുതൽ ഫിനാൻഷ്യൽ കൺസൾട്ടന്റായത്. വിവിധ ഇൻഷുറൻസ്, വിവിധ ലോണുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലെല്ലാം ഉപദേശം നൽകുന്നുണ്ട്. ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് ഓഫീസ്. അടുത്തിടെ പരാടൻ കൺസ്ട്രക്‌ഷൻസിലൂടെ നിർമാണരംഗത്തേക്കും ചുവടുവെച്ചു. ഇപ്പോൾ 14 ആളുകളാണ് നിജുലയ്ക്കുകീഴിൽ ജോലിചെയ്യുന്നത്. ഡിഗ്രി പൂർത്തിയാക്കിയ നിജുല എംബിഎ പഠനത്തിനൊരുങ്ങുകയാണ്. മൃഗസ്നേഹിയായ നിജുല ഗുരുതരരോഗമുള്ളതോ പരിക്കേറ്റതോ ആയ പത്തോളം പൂച്ചകളെയും ഒരു നായയെയും സംരക്ഷിക്കുന്നുമുണ്ട്. ഇരിങ്ങാടൻപള്ളി മിറാക്കിൾ വേൾഡിലാണ് താമസം.
Content Highlights: Nijula Paradan`s inspiring journey from facing adversity to becoming a successful financial consulta