രണ്‍വീര്‍ സിങ്ങിന്റെ ഒരു മണിക്കൂര്‍ ഡാന്‍സിന് നല്‍കിയത് 5 കോടി; മകളെ ഒരുക്കുമ്പോള്‍ ഒരു കുറവും വരുത്തരുതെന്ന് അച്ഛന്റെ നിര്‍ദേശം

നേത്രയുടേയും വംശിയുടേയും വിവാഹം/ രൺവീര്‍ സിങ്ങിന്റെ നൃത്തം | Photo: joseph radhik/ x
നേത്രയുടേയും വംശിയുടേയും വിവാഹം/ രൺവീര്‍ സിങ്ങിന്റെ നൃത്തം | Photo: joseph radhik/ x

ഉദയ്പുരില്‍ അടുത്തിടെ നടന്ന ആഡംബര വിവാഹത്തില്‍ ജെന്നിഫര്‍ ലോപ്പസ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. ശതകോടീശ്വരനും യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍സ് രംഗത്തെ പ്രമുഖ വ്യക്തിയുമായ രാമ രാജു മന്തേനയുടെ മകള്‍ നേത്ര മന്തേനയുടേയും ടെക് സംരഭകനായ വംശി ഗാദിരാജുവിന്റേയും വിവാഹത്തിനാണ് ഉദയ്പുര്‍ വേദിയായത്. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, മാധുരി ദീക്ഷിത്, ജാന്‍വി കപൂര്‍, ഷാഹിദ് കപൂര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരും വിവാഹാഘോഷത്തിന് മാറ്റ് കൂട്ടാനെത്തിയിരുന്നു.

സംഗീത് ചടങ്ങിനിടെ ഒരു മണിക്കൂറാണ് രണ്‍വീര്‍ സിങ്ങ് നൃത്തം ചെയ്തത്. ഏകദേശം അഞ്ച് കോടി രൂപ പ്രതിഫലമായി രണ്‍വീറിന് ലഭിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിഥിയായെത്തിയ ഡൊണാള്‍ഡ് ട്രംപ് ജൂനിയറേയും കാമുകി ബെറ്റിന ആന്‍ഡേഴ്‌സണേയും വേദിയിലേക്ക് ക്ഷണിച്ച രണ്‍വീര്‍ അവരോടൊപ്പം 'വാട്ട് ജുമ്ക' എന്ന ഗാനത്തിന് നൃത്തം ചെയ്യിക്കുകയും ചെയ്തു. വിവാഹത്തിലെ ഏറ്റവും മനോഹരമായ പ്രകടനം രണ്‍വീറിന്റേത് ആയിരുന്നെന്ന് സെലിബ്രിറ്റി വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍ ജോസഫ് രാധിക് പറയുന്നു.

'സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ചത് രണ്‍വീര്‍ സിങ്ങിന്റെ അവസാന പ്രകടനമായിരുന്നു. അത് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. വീഡിയോയില്‍ കാണുന്നതിനേക്കാള്‍ പത്തിരട്ടി ഊര്‍ജ്ജസ്വലമായിരുന്നു അത്. അതൊരു ബോളിവുഡ് പ്രകടനം പോലെ തോന്നിയില്ല. കുടുംബത്തിലെ എല്ലാവരും വേദിയില്‍ കയറി ആ നൃത്തത്തില്‍ പങ്കുചേര്‍ന്നു.'-ജോസഫ് രാധിക് പറയുന്നു.

വരനേയും വധുവിനേയും ഒരുക്കിയത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് അനൈത ഷ്രോഫാണ്. മകളെ ഒരുക്കുമ്പോള്‍ ഒരു കുറവും വരുത്തരുതെന്നാണ് വധുവിന്റെ അച്ഛന്‍ രാമ രാജു തന്നോട് ആവശ്യപ്പെട്ടതെന്ന് വോഗിന് നല്‍കിയ അഭിമുഖത്തില്‍ അനൈത പറയുന്നു. 'വധുവിന്റെ അച്ഛന്‍ എന്ന നിലയില്‍ രാജ് എനിക്ക് നല്‍കിയ ഒരേയൊരു നിര്‍ദ്ദേശം, 'എന്റെ മകള്‍ ഇതിനു മുന്‍പ് ആരും കണ്ടിട്ടില്ലാത്ത വിധം അതിസുന്ദരിയായിരിക്കണം, ഒരു വിട്ടുവീഴ്ചയും പാടില്ല' എന്നായിരുന്നു. സത്യം പറഞ്ഞാല്‍ അത് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി'-അനൈത പറയുന്നു

Content Highlights: netra mantenas viral udaipur wedding ranveer singh danced for one hour